4 വർഷവർഷ ബിരുദ കോഴ്‌സ് പ്രവേശനം 31 വരെ നീട്ടും

4 years degree course admission will be extended till 31st
4 വർഷവർഷ ബിരുദ കോഴ്‌സ് പ്രവേശനം 31 വരെ നീട്ടും
Updated on

കൊച്ചി: കേരളത്തിലെ കോളെജുകളില്‍ പുതുതായി ആവിഷ്‌കരിക്കപ്പെട്ട നാലുവര്‍ഷ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന തീയതി ആഗസ്റ്റ് 31 വരെ നീട്ടുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഹാളില്‍ ചേര്‍ന്ന സംസ്ഥാനത്തെ സര്‍വകലാശാല വൈസ്ചാന്‍സലര്‍മാരുടെയും രജിസ്ട്രാര്‍മാരുടെയും യോഗത്തിലാണ് ഈ തീരുമാനം. 4 വര്‍ഷ യുജി പ്രോഗ്രാമിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മോണിറ്ററിങ് കമ്മിറ്റി യോഗമാണ് ചേര്‍ന്നത്.

ഗവ. മേഖലയിലും എയ്ഡഡ് മേഖലയിലും നല്ല നിലയിലുള്ള അഡ്മിഷന്‍ ഉണ്ടായിട്ടുണ്ട്. ഇനി പ്രൊഫഷണല്‍ കോഴ്‌സുകളുമായി ബന്ധപ്പെട്ട് കുട്ടികള്‍ ചിലപ്പോള്‍ ഇപ്പോള്‍ ചേര്‍ന്ന കോളെജുകളില്‍ നിന്ന് നീറ്റിന്‍റെയും കീമിന്‍റെയും ഒക്കെ ഭാഗമായിട്ട് മാറിപ്പോകുന്ന പക്ഷം സീറ്റ് ഒഴിവുകള്‍ക്കു സാധ്യതയുണ്ട് എന്നത് കണക്കിലെടുത്ത് 31 വരെ 4 വര്‍ഷ ബിരുദ പ്രവേശനം നീട്ടാന്‍ തീരുമാനിച്ചു. 31നു മുന്‍പായി അതത് യൂണിവേഴ്‌സിറ്റി സ്‌പോട്ട് അഡ്മിഷന്‍ ക്രമീകരിച്ചുകൊണ്ട് നിലവില്‍ ഒഴിവുവരുന്ന സീറ്റുകളിലേക്ക് ഫില്‍ ചെയ്യുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

കേരള സര്‍വകലാശാല, മഹാത്മാ ഗാന്ധി സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാലകളില്‍പ്പെടുന്ന ഗവ, എയ്ഡഡ് കോളെജുകളില്‍ മികച്ച രീതിയിലുള്ള പ്രവേശനം ഇതുവരെ സാധിച്ചു. പ്രൊഫഷണല്‍ കോളെജുകളില്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തില്‍ കുട്ടികള്‍ സീറ്റു വിട്ടു പോവുകയാണെങ്കില്‍ അത് ഫില്ല് ചെയ്യുന്നതിന് അടിയന്തര ക്രമീകരണം നിലയിലാണ് പ്രവേശനം 31 വരെ നീട്ടിയതെന്ന് മന്ത്രി പറഞ്ഞു.

ഒന്നാം സെമസ്റ്റര്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ഏതെല്ലാം തരത്തിലുള്ള ക്രമീകരണങ്ങള്‍ വേണമെന്ന കാര്യത്തില്‍ നേരത്തെ തന്നെ രജിസ്ട്രാര്‍മാരുടെയും കണ്‍ട്രോളര്‍മാരുടെയും സംയുക്ത യോഗങ്ങള്‍ പലതവണ ചേര്‍ന്നിരുന്നു. ഈ യോഗങ്ങളിലെ തീരുമാനങ്ങള്‍ പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം എന്ന രൂപത്തില്‍ തയാറാക്കിയിട്ടുണ്ട്. വിസിമാരുടെ യോഗത്തില്‍ ഉയര്‍ന്നു വന്ന ചില പ്രസക്തമായ കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് ആ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ തന്നെ എല്ലാ സര്‍വകലാശാലകള്‍ക്കും ലഭ്യമാക്കും.

എല്ലാ സര്‍വകലാശാലകളിലും കെ റീപിന്‍റെ സമിതികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കെ റീപ് എല്ലാ സര്‍വകലാശാലകളിലും രൂപീകരിക്കുന്നതിനു കേന്ദ്രതലത്തില്‍ ആശയവിനിമയം ചെയ്ത് ഒരു മാസത്തിനുള്ളില്‍ ക്രമീകരണങ്ങള്‍ എല്ലാ ക്യാംപസുകളിലും എല്ലാ സര്‍വകലാശാകളിലും ഉറപ്പാക്കും. നാലുവര്‍ഷ യുജി പ്രോഗ്രാമുമായി ബന്ധപ്പെട്ട് പ്രായോഗികതലത്തില്‍ ഉയര്‍ന്നുവന്ന എല്ലാ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തതായി മന്ത്രി പറഞ്ഞു.

സര്‍വകലാശാലാ രജിസ്ട്രാര്‍മാര്‍ ചേര്‍ന്ന് നല്‍കിയിട്ടുള്ള ഏകീകൃത അക്കാദമിക് കലണ്ടര്‍ പ്രകാരം എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിതമായ രീതിയില്‍ വിവിധ സര്‍വകലാശാലകളില്‍ നടക്കും എന്ന് ഉറപ്പുവരുത്തും. ഏകീകൃത അക്കാദമിക് കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും.

യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇഷിത റോയ്, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ്, കുസാറ്റ് വിസി പ്രൊഫ. പി.ജി. ശങ്കരന്‍ തുടങ്ങിയവരും സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരും രജിസ്ട്രാര്‍മാരും പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.