ബർലിൻ: ജർമനിയിലെ ബര്‍ലിൻ ആസ്ഥാനമായ ഫ്രീ യൂണിവേഴ്സിറ്റിക്ക് ഇന്ത്യയുമായി ദീര്‍ഘകാല ഗവേഷണവും അധ്യാപന സഹകരണവുമാണുള്ളത്. 2008 മുതല്‍ ന്യൂഡല്‍ഹിയിലെ ഇവരുടെ ലെയ്സണ്‍ ഓഫീസ് പ്രവർത്തിച്ചുവരുന്നു. സമീപ വര്‍ഷങ്ങളില്‍ പ്രത്യേകിച്ചും, ഫ്രീ യൂണിവേഴ്സിറ്റിയിലെ ഇന്ത്യന്‍ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.
ഇങ്ങനെ ഫ്രീ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടുന്ന പലരും ജര്‍മനിയില്‍ പഠിക്കുക മാത്രമല്ല, പഠനം പൂര്‍ത്തിയാക്കിയ ശേഷം ജർമനിയിൽ ജോലി ചെയ്യുക എന്ന ലക്ഷ്യവും നേടുന്നുണ്ടെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്‍റ് പ്രൊഫ. ഗ്യുന്‍റര്‍ എം. സീഗ്ലര്‍ പറഞ്ഞു.
ബര്‍ലിനും ഇന്ത്യന്‍ വിദ്യാർഥികളും തമ്മില്‍ സഹകരണം സ്ഥാപിക്കുന്നതിനും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള കോണ്‍ടാക്റ്റ് പോയിന്‍റാണ് ന്യൂഡല്‍ഹിയിലെ ഫ്രീ യൂണിവേഴ്സിറ്റി ഓഫ് ബെര്‍ലിന്‍ ലെയ്സണ്‍ ഓഫീസ്. ഫ്രീ യൂണിവേഴ്സിറ്റേറ്റിലെ മികച്ച അധ്യാപനത്തിലും ഗവേഷണത്തിലും താത്പര്യമുള്ള ഇന്ത്യൻ വിദ്യാർഥികളെയും ഡോക്ടറല്‍ ഉദ്യോഗാർഥികളെയും ശാസ്ത്രജ്ഞരെയും ഇവര്‍ സ്വാഗതം ചെയ്യുന്നു.