തയാറാക്കിയത്: എന്‍. അജിത് കുമാര്‍
ഈ ഭൂമി മനുഷ്യരുടേതു മാത്രമല്ല. ഇത്തിരിക്കുഞ്ഞന് വൈറസ് മുതല്‍ നീലത്തിമിംഗലം വരെയുള്ള എല്ലാ ജീവികളുടേതുമാണ്. എല്ലാവരും അവരവരുടേതായ അതിര്‍വരമ്പുകളില്‍ ജീവിച്ചാല്‍ എല്ലാവര്ക്കും ജീവിതമാഘോഷമാക്കാന് വേണ്ടതെല്ലാം പ്രകൃതി ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യന് മാത്രം കാലാകാലങ്ങളായി പ്രകൃതിയൊരുക്കിയ അതിര് വരമ്പുകള്‍ ലംഘിക്കുന്നു. അത്തരം അതിര്ത്തിലംഘനത്തിന്റെ ഫലമാണ് ഈയടുത്ത കാലത്തായി പടര്‍ന്നു പിടിച്ച മഹാമാരികളെല്ലാം. മറ്റു ജീവികളുടെ അതിര്‍ത്തി ലംഘിച്ച് അവരുടെ ആവാസ വ്യവസ്ഥ കവര്ന്നെടുക്കുമ്പോള് മനുഷ്യരിലേക്ക് പകര്‍ന്നു കിട്ടുന്ന രോഗങ്ങളില്‍ (zoonotic diseases) ഒന്നാണ് മനുഷ്യ കുലത്തെ ഒന്നാകെ ലോക് ഡൗണിലാക്കിയ കൊറോണ വൈറസ് പരത്തുന്ന കൊവിഡ് - 19 എന്ന മഹാമാരിയും.
എന്താണ് ജൈവ വൈവിധ്യം?
വൈവിധ്യമാണ് ജീവിതം. ജീവന്റെ ആധാരവുംസൗഭാഗ്യവുമാണ് വൈവിധ്യം. ഇന്ന് ഭൂമുഖത്ത് ജീവിച്ചിരിക്കുന്ന എല്ലാ ജീവികളുടെയും ആകെത്തുകയാണ് ജൈവ വൈവിധ്യം എന്നു പറയാം. സൂക്ഷ്മജീവികള്‍ മുതല്‍ നീലത്തിമിംഗലങ്ങള്‍ വരെയും സൂക്ഷ്മ സസ്യങ്ങള്‍ മുതല്‍ വന്‍ മരങ്ങള്‍ വരെയും നമുക്ക് പരിചയമുള്ളതും ഇല്ലാത്തതുമായ എല്ലാ സസ്യജന്തു ജാതികളും ഇക്കൂട്ടത്തിലുള്‍പ്പെടും. എല്ലാ സസ്യ ജന്തുജാലങ്ങളിലുമുള്ള വൈവിധ്യത്തിന്റെ സമഗ്രതയാണ് ജൈവ വൈവിധ്യം.
ബയോ ഡൈവേഴ്സിറ്റിയും റോസനും
വാള്‍ട്ടര്‍ ജി റോസന്‍ (W.G. Rosen) എന്ന ഇംഗ്ലീഷ്യ കാരനാണ് ജൈവ വൈവിധ്യം - ബയോഡൈവേഴ്സിറ്റി (Biodiversity) എന്ന പദം ആദ്യമായി ഉപയോഗിച്ചത്- 1985ല്‍. 1992-ല്‍ ബ്രസീലിലെ റിയോഡിജനീറോയില്‍ നടന്ന ആദ്യ ഭൗമ ഉച്ച കോടി ബയോ ഡൈവേഴ്സിറ്റിയെ വ്യക്തമായി നിര്‍വചിച്ചു. അതിങ്ങനെയാണ്: ഭൂമിയില്‍ കരയിലും കടലിലും മറ്റെല്ലാ ജലീയ ആവാസ വ്യവസ്ഥകളിലും വസിക്കുന്ന വൈവിധ്യമാര്‍ന്ന എല്ലാ ജീവ സമൂഹങ്ങളും അവയുടെ വിഭിന്നമായ ആ വാസവ്യവസ്ഥകളും ചേര്‍ന്നതാണ് ജൈവ വൈവിധ്യം.
ഭൂമിയിലെ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥാ വൈവിധ്യം (Habitat diversity), സസ്യ-ജന്തു സ്പീഷീസുകളുടെ വൈവിധ്യം
(Species diversity), ഓരോ സ്പീഷീസിലും ഉള്ള ജനിതക വൈവിധ്യം (genetic Diversity) എന്നിവയാണ് ജൈവ വൈവിധ്യത്തിന്റെ മൂന്നു ഘടകങ്ങള്‍.
1) ആ വാസവ്യവസ്ഥാ വൈവിധ്യം
(Ecosystem diversity)
ജീവികളെല്ലാം, മറ്റു സഹജീവികളുമായും ചുറ്റുപാടുകളും മായും പൊരുത്തപ്പെടുകയും തമ്മില്‍ ആശ്രയിച്ച് ജീവിക്കുകയുമാണ് ചെയ്യുന്നത്. ഈ ജീവിതവും ചുറ്റുപാടും ചേരുന്നതാണ് ആവാസവ്യവസ്ഥ. ജീവ മണ്ഡലത്തിന്റെ അടിസ്ഥാന ഘടകമാണ് ആവാസ വ്യവസ്ഥ (Ecosystem). ഇക്കോ സിസ്റ്റം എന്ന പദം നിര്‍ദ്ദേശിച്ചത് ബ്രിട്ടീഷ് ബോട്ടണിസ്റ്റ് ആയ സര് ആര്‍തര്‍ ജോര്‍ജ് ടാന്‍സ്ലി (Sir Arthur George Tansely)ആണ്. വ്യത്യസ്തങ്ങളായ ജൈവ സമൂഹങ്ങള്‍ അധിവസിക്കുന്ന വിഭിന്നമായ ആവാസവ്യവസ്ഥകളുണ്ട്. വനം, പുല്‍മേട്, മരുഭൂമി, കുളം, നദി, സമുദ്രം എന്നിവ ഉദാഹരണങ്ങള്‍. ഇതാണ് ആവാസ വ്യവസ്ഥാ വൈവിധ്യം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ആവാസ വ്യവസ്ഥയിലെ ജീവികളെ എല്ലാം ചേര്‍ത്ത് ജീവി സമുദായം (Biotic Community) എന്നു പറയും. ജീവി സമുദായത്തിലെ ഓരോ പ്രത്യേക വര്‍ഗം ജീവിയേയും ജീവിഗണം അഥവാ സ്പീഷീസ് (Species) എന്നു പറയുന്നു.
2) ജീവജാതി വൈവിധ്യം
(Species diversity)
ഒരു പ്രദേശത്തുള്ള സസ്യ -ജന്തു സ്പീഷീസുകളുടെ വൈവിധ്യമാണ് ജീവജാതി വൈവിധ്യം. ഇതില്‍ സ്പീഷീസുകളുടെ എണ്ണമാണ് പരിഗണിക്കപ്പെടുന്നത്. ലോകത്താകെ ഏകദേശം 19 ലക്ഷം സ്പീഷീസുകളാണ് ഇതു വരെ ശാസ്ത്ര നാമം നല്കി വിവരിക്കപ്പെട്ടിട്ടുള്ളത്. വിവരങ്ങള്‍ ശേഖരിക്കപ്പെടാത്തവ 5 കോടിയോളം ഉണ്ടാക്കുമെന്നാണ് കണക്ക്. പുല്ലും പ്ലാവും സസ്യങ്ങളാണ്. ഉറുമ്പും ആനയും ജന്തുക്കളാണ്, പക്ഷേ വ്യത്യസ്ത ജാതികളാണ്. സൂക്ഷ്മ ജീവികളിലുമുണ്ട് ഇത്തരം വൈവിധ്യം ഈ ജീവജാതികളെല്ലാം ഭക്ഷ്യശ്യംഖലയുടെ കണ്ണികളായി പ്രവര്‍ത്തിക്കുന്നു. ഈ വൈവിധ്യമാണ് ഭക്ഷ്യ ശൃംഖലയേയും ആവാസ വ്യവസ്ഥയേയും നിലനിര്‍ത്തുന്നത്.
ആവാസ വ്യവസ്ഥയിലെ ഉല്പാദകര് എന്നറിയപ്പെടുന്നത് സ്വപോഷികള്‍ ആണ്. ഹരിത സസ്യങ്ങളാണ് സ്വപോഷികള്‍. സ്വപോഷികള്‍ ആഹാരം നിര്‍മിക്കാനായി സൗരോര്‍ജം നേരിട്ട് ഉപയോഗിക്കുന്നു. അതുകൊണ്ട് ഇവയെ പ്രകാശ പോഷികള്‍(Phototrophs) എന്നും വിളിക്കുന്നു. സ്വന്തമായി ആഹാരം നിര്‍മിക്കാന്‍ കഴിവില്ലാത്തതും ആഹാരത്തിനായി നേരിട്ടോ അല്ലാതെയോ സ്വപോഷികളെ ആശ്രയിക്കുന്നതുമായ ജീവികളാണ് പര പോഷികള്‍ (Heterotrophs).
സ്വപോഷികളായ സസ്യങ്ങളെ നേരിട്ടു ഭക്ഷിക്കുന്ന ജീവികളാണ് സസ്യഭോജികള്‍ (Herbivores), ഉദാഹരണം പശു, പുല്‍ച്ചാടി. ഇവയെ ആ വാസവ്യവസ്ഥയിലെ പ്രാഥമിക ഉപഭോക്താക്കള്‍ എന്നു വിളിക്കുന്നു. സസ്യഭോജികളായ ജന്തുക്കളെ ആഹാരമാക്കുന്ന ജന്തുക്കളാണ് പ്രാഥമിക മാംസഭോജികള്‍ (primary Carnivores). ഉദാഹരണം തവള. പ്രാഥമിക മാംസഭോജികളെ ആഹാരമാക്കുന്ന ജീവികളാണ് ദ്വിതീയ മാംസഭോജികള്‍(Secondary Carnivores) - ഉദാഹരണം പാമ്പ്. സസ്യ പദാര്‍ഥങ്ങളെയും ജന്തു പദാര്‍ഥങ്ങളെയും ഭക്ഷിക്കുന്ന ജീവികളാണ് സര്‍വ ഭോജി (Omnivores). ഉദാഹരണം മനുഷ്യന്.
സ്പീഷീസ് വൈവിധ്യം ഏറ്റവുമധികം ഭൂമധ്യരേഖാ (Equtorial) പ്രദേശങ്ങളിലാണുള്ളത്. ധ്രുവപ്രദേശങ്ങളിലേക്കടുക്കും തോറും ഇത് ചുരുങ്ങി വരുന്നു. അന്തരീക്ഷത്തില്‍ 40 കി. മീ. ഉയരം വരെ ജീവികളെ കണ്ടെത്തിയിട്ടുണ്ട്.
3 ) ജനിതക വൈവിധ്യം
(GeneticDiversity)
ജീവജാതികള്‍ ഓരോന്നിലും ജനിതകപരമായി ധാരാളം വൈവിധ്യങ്ങളുണ്ട്. മനുഷ്യര്‍ തന്നെ ഇതിന് നല്ലൊരു ഉദാഹരണമാണ്. വ്യത്യസ്ത ഭൂപ്രദേശത്തെ മനുഷ്യര്‍തമ്മില്‍ ബാഹ്യരൂപഘടനയില്തന്നെ വ്യത്യസ്ത പുലര്‍ത്തുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനത്തിലെ ആളുകളെപ്പോലെയല്ല കേരളീയര്‍. ഈ വൈവിധ്യത്തെയാണ് ജനിതക വൈവിധ്യം എന്ന് വിളിക്കുന്നത്. ഓരോ ജീവജാതിയുടേയും പരിണാമത്തിന്റെ ഘടകമായ ജീനിന്റെ വൈവിധ്യമാണ് ഇതെന്നു പറയാം. ജീവ ജാതികളില്‍ വൈവിധ്യം
കൂടുന്നതിനനുസരിച്ച് പരിണമിച്ച് പുതിയ ഉപജാതികള്‍ (subspecles, varieties) ഉണ്ടാകുന്നു. വിവിധ ജാതി മാമ്പഴങ്ങളും റോസുകളുമൊക്കെ ഇതിനുദാഹരണമാണ്.
ഭക്ഷ്യ ശൃംഖല
ഉല്പാദകരില് നിന്നും ഭക്ഷ്യോര്‍ജം ഉപഭോക്താക്കളിലേക്ക് വിവിധ തലങ്ങളിലൂടെ മാറ്റപ്പെടുന്ന ശൃംഖലയാണ് ഭക്ഷ്യശൃംഖല. ഭക്ഷ്യശൃംഖലയിലെ ആദ്യ കണ്ണികളാണ് ഉല്പാദകര് ആയ ഹരിത സസ്യങ്ങള്‍. ഭക്ഷ്യശൃംഖല രണ്ടു തരത്തില്‍ കാണപ്പെടുന്നു. ഗ്രേസിങ് ഭക്ഷ്യശൃംഖലയും(Grazing Foodchain)ഉം ഡെട്രിറ്റസ് ഭക്ഷ്യശൃംഖലയും(Detritus Foodchain) ഉം. ഹരിത സസ്യങ്ങളില്‍ നിന്ന് ആരംഭിക്കുന്ന ഭക്ഷ്യശൃംഖലയാണ് ഗ്രേസിങ് ഭക്ഷ്യ ശ്യംഖല.
ഉദാഹരണം - പുല്ല് > പുല്‍ച്ചാടി > തവള > പാമ്പ് > പരുന്ത് > ബാക്ടീരിയം. സൗരോര്‍ജത്തെ നേരിട്ടല്ലാതെ ആശ്രയിക്കുന്ന ഡെ ട്രിറ്റസ് ഭക്ഷ്യശൃംഖലയാകട്ടെ മൃത കാര്‍ബണിക വസ്തുക്കളില്‍ നിന്ന് ആരംഭിക്കുന്നു; ഹരിത സസ്യങ്ങള്‍ > സസ്യഭോജി > മാംസഭോജി > വിഘാടകര്‍. ഒരു ജീവ സമൂഹത്തിലെ ജീവികളുടെ പരസ്പരബന്ധിതമായ ഭക്ഷ്യ ശ്യംഖലകളെല്ലാം കൂടി ഒന്നിച്ചു ചേര്‍ന്നുണ്ടാകുന്നതാണ് ഭക്ഷ്യശൃംഖലാ ജാലം.
ജൈവ വൈവിധ്യം കൊണ്ടുള്ള ഗുണങ്ങള്‍
ജൈവ വൈവിധ്യം പ്രാദേശികമായും ആഗോള പരമായും വിവിധ തലങ്ങളില്‍ നിരവധി പാരിസ്ഥിതിക സേവനങ്ങള്‍ നല്‍കുന്നുണ്ട്. അന്തരീക്ഷത്തിലെ ഓക്സിജന്‍, കാര്‍ബണ്‍ ഡയോക്സൈഡ്, നൈട്രജന്‍ എന്നിവയുടെ സന്തുലിതാവസ്ഥ,ജല ചക്രത്തിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തനം, മണ്ണ് സംരക്ഷണം എന്നിവ നിലനിര്ത്തുന്നതില്ജൈവ വൈവിധ്യം പ്രധാന പങ്കു വഹിക്കുന്നു. . ആഗോളതാപനത്തിനും കാലാവസ്ഥയിലെ വ്യതിയാനത്തിനുമുള്ള പ്രധാന കാരണം ജൈവ വൈവിധ്യ നാശമാണെന്ന് ഇന്നെല്ലാവര്‍ക്കുമറിയാം
ആഹാരവസ്തുക്കള്‍, മരുന്നുകള്‍, വ്യാവസായിക ഉത്പന്നങ്ങള്‍,എന്നിവയ്ക്കെല്ലാം മനുഷ്യര്‍ സസ്യങ്ങള്‍, ജന്തുക്കള്‍, പൂപ്പലുകളടക്കമുള്ള സൂക്ഷ്മജീവികള്‍ എന്നിവയെകെല്ലാം ഉപയോഗിക്കുന്നു. പേരറിയാത്തതുംഅറിയുന്നതുമായ സസ്യ പ്ലവകങ്ങളും (phyto planktons)സസ്യങ്ങളും സൂക്ഷ്മജീവികളുമാണ് അന്തരീക്ഷ വാതകങ്ങളുടെ അളവിനെ ഒരളവോളം നിയന്ത്രിക്കുന്നത്.
സസ്യങ്ങളില്‍ പരാഗണം നടത്തുന്നത് പലപ്പോഴും നമ്മളറിയാത്ത പ്രാണികളും മൃഗങ്ങളും ശലഭങ്ങളും പക്ഷികളും ഒക്കെയാണ്. പരാഗണം നടക്കുന്നതു കൊണ്ടാണല്ലോ നമുക്കാവശ്യമുള്ള വിത്തും കായും ഫലങ്ങളുമൊക്കെ ലഭിക്കുന്നത്.
ഇനിയും തിരിച്ചറിഞ്ഞിട്ടില്ല
നമുക്കറിയാത്ത ഒരു പാട് ശേഷികളുമായാണ് ഓരോ ജീവിയും ഈ ഭൂമിയില്‍ ജീവിക്കുന്നത്. നാളെ ഭക്ഷണമായും മരുന്നായും ഉപയോഗിക്കാവുന്ന, നമുക്ക് ചുറ്റും ജീവിക്കുന്ന കോടാനുകോടി ജീവികളെ മനുഷ്യന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ലോകത്തിലെ വ്യത്യസ്ത ആവാസ വ്യവസ്തകളും അവയെ ആശ്രയിച്ച് ജീവിക്കുന്ന ജീവജാതികളും നല്കുന്ന സേവനങ്ങള്‍ക്കു വിലയിട്ടാല്‍ 33 ട്രില്ല്യണ്‍ (ഒരു ട്രില്യണ്‍ = 10നെ 19 തവണ 10 കൊണ്ട് ഗുണിച്ചില് കിട്ടുന്നത്ര) ഡോളറിലധികമായിരിക്കും
തദ്ദേശീയ സ്പീഷീസുകള്‍
(Endamic species)
ഒരു പ്രത്യേക ഭൂമി ശാസ്ത്ര മേഖലയില്‍ മാത്രം കാണപ്പെടുന്ന ജീവികളാണ് തദ്ദേശീയ സ്പീഷീസുകള്‍. ലെമൂര്‍ മഡഗാസ്കറിലും ഭീമന് പാണ്ട ചൈനയിലും കംഗാരു ഓസ്ട്രേലിയയിലും മാത്രം കാണപ്പെടുന്ന തദ്ദേശീയ ജീവികളാണ്. ആഗോള തലത്തില്‍ ജൈവ സംരക്ഷണം നടന്നാലേ ഇവയെ തദ്ദേശീയമായി നിലനിര്‍ത്താന്‍ കഴിയൂ.
പൊള്ളുന്ന പ്രദേശങ്ങള്‍
(hot spot)
ധാരാളം ജീവജാതികള്‍ ഉള്ളതും വന്‍ നാശത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നതുമായ മേഖലകളെ സൂചിപ്പിക്കുന്നപ്രയോഗമാണിത്. സസ്യങ്ങളുംജന്തുക്കളും സൂക്ഷ്മ ജീവികളുമൊക്കെയായി ഇന്നറിയപ്പെടുന്ന ജീവജാലങ്ങളുടെ 60 ശതമാനവും വസിക്കുന്ന മേഖലയാണിത്. അതുകൊണ്ടു തന്നെ ഏറെ ശ്രദ്ധ നല്‍കേണ്ട മേഖലയും.
എണസ്റ്റ് മേയേഴ്സും ഹോട്ട്സ്പോട്ടും
വംശമറ്റുപോകുന്ന ജീവികളെ സംരക്ഷിക്കാനായി ഏണസ്റ്റ് മേയേഴ്സ് എന്ന പരിസ്ഥിതി ശാസ്ത്രഞ്ജനാണ്ഹോട്ട്സ്പോട്ട് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്, 1988-ല്‍. ലോകത്ത് ഇപ്പോള്‍ 36 പ്രദേശങ്ങള്‍ ഹോട്ട്സ്പോട്ടുകളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. . കിഴക്കന്‍ ഹിമാലയം, വെസ്റ്റേണ്‍ ഹിമാലയം, പശ്ചിമഘട്ടം, ആന്‍ഡമന്‍ നികോബാര്‍ ദ്വീപുകള്‍ എന്നിവയാണ് ഇന്ത്യയിലെ ഹോട്ട്സ്പോട്ടുകള്‍.
ജൈവ സമൃദ്ധമായ രാജ്യങ്ങള്‍
ബ്രസീല്‍,ഇന്തോനേഷ്യ, പെറു, ഇക്വഡോര്‍, പാപ്പുവ - ന്യൂഗിനിയ, ദക്ഷിണാഫ്രിക്ക, മെഡഗാസ്കര്‍, ആസ്ത്രേലിയ തുടങ്ങിയരാജ്യങ്ങളെല്ലാം തദ്ദേശീയമായ ജൈവ സമൃദ്ധിയുള്ള രാജ്യങ്ങളാണ്.
ജീവികളുടെ കച്ചവടം
വംശനാശ ഭീഷണിയുള്ള സസ്യങ്ങളുടെയും ജന്തുക്കളുടെയും, അവയുടെ ഭാഗങ്ങളുടെയും കൈമാറ്റവും കച്ചവടവും നിയന്ത്രിച്ചിട്ടുണ്ട്. . Trade on endangerd spicies (CITIES) കണ്‍വെന്‍ഷനില്‍ ഇന്ത്യ പങ്കാളിയാണ്. ആനക്കൊമ്പ്, നക്ഷത്ര ആമ, പലതരം ചിത്രശലഭങ്ങള്‍, കൃഷ്ണ സര്‍പ്പം, വേഴാമ്പല്‍, വെള്ളിമൂങ്ങ, ഇരുതലമൂരി തുടങ്ങിയവയൊക്കെ ഈ ലിസ്റ്റില്‍ പെടും
ജൈവ വൈവിധ്യത്തിനു ഭീഷണിയായ പ്രധാന ഘടകങ്ങള്‍
*കച്ചവട മൂല്യം മാത്രം കണക്കാക്കിയുള്ള വികസന നയം
*അതി വേഗം വളരുന്ന ഉപഭോഗ സംസ്കാരം
*ജനസംഖ്യാ പെരുപ്പം
*ഭൂ ഉപയോഗത്തില്‍ വരുന്ന വിനാശകരമായ മാറ്റങ്ങള്‍
*ആ വാസവ്യവസ്ഥകളുടെനാശം
*വേട്ടയാടല്‍
*വനനശീകരണം
*മനുഷ്യന് വിഭവങ്ങള്‍ക്കായി വനമേഖലകള്‍ കയ്യേറുന്നത്
*നവനരയുഗം അതിജീവിക്കുമോ?
4. 5 ബില്യന്‍ (4,500,000,000) വര്‍ഷങ്ങളായി (450 കോടി) ഭൂമിയുണ്ടായിട്ടെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. ഭൂമിയില്‍ ജീവന് ഉരുത്തിരിഞ്ഞിട്ട് 380 കോടി വര്‍ഷമായതായും തെളിവു കിട്ടിയിട്ടുണ്ട്. മാനും മയിലും, മത്സ്യങ്ങളും മുയലും പക്ഷികളുമൊക്കെ നമ്മേക്കാള്‍ മുമ്പേ ഭൂമിയില്‍ ജനിച്ചവരാണ്. ഭൂമിയില്‍ ജീവിക്കാന്‍ നമ്മേക്കാള്‍ അര്‍ഹത നമുക്കു മുമ്പേ വന്ന മറ്റു ജീവികള്‍ക്കാണ്. മനുഷ്യപുത്രന് ഭൂമിയിലവതരിച്ചിട്ട് രണ്ടര ലക്ഷം വര്ഷമായതെയുള്ളു.
ഇപ്പോള്‍ ലോകം നവ നരയുഗത്തിലൂടെയാണ് കടന്നുപോകുന്നത്. എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. നഗര പ്രാന്തങ്ങളിലെ രണ്ടും മൂന്നും നിലയുള്ള പ്രൗഢ ഗംഭീരമായ ബംഗ്ലാവുകള്‍, ഓരോന്നിലും പൂമുഖത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ആഢംബര കാറുകള്‍, മൂന്ന് വാതിലുകളുള്ള ഫ്രിഡ്ജുകള്‍, വിമാനങ്ങള്‍ ഇരമ്പിപ്പായുന്ന ആകാശം എന്നിവ നവ നരയുഗത്തിന്റെ ലക്ഷണങ്ങളാണെന്ന് അവര്‍ പറയുന്നു.
ഇന്ന് ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങളുടെയും ഭാവി നിയന്ത്രിക്കുന്നത് മനുഷ്യന്റെ ഇടപെടലുകളാണ്. മറ്റു ജീവികള്‍ അവര്‍ക്ക് ജീവിക്കാനാവശ്യമായത് മാത്രം പ്രകൃതിയില്‍ നിന്ന് ശേഖരിച്ച് പലിശയോടു കൂടി തിരിച്ചു കൊടുക്കുമ്പോള്‍ മനുഷ്യന് വരും തലമുറയ്ക്ക് അര്‍ഹതപ്പെട്ടതു കൂടി കവര്‍ന്നെടുക്കുന്നു. ദുരുപയോഗം ചെയ്യുന്നു.
ഈ ഭൂമിയെ ചുട്ടു ചാമ്പലാക്കാനുള്ളത്രയും ആയുധങ്ങള്‍ അവനുണ്ടാക്കി വച്ചിട്ടുണ്ട്. ഇത് പ്രകൃതിക്ക് സഹിക്കാവുന്നതിലും അപ്പുറമായപ്പോഴാണ് കൊറോണയടക്കമുള്ള പല കുഞ്ഞന്‍ വൈറസുകളുമായി പ്രകൃതിയും രംഗത്തിറങ്ങുന്നത്. അവരെപ്പേടിച്ച് മനുഷ്യരെല്ലാം വീട്ടിനുള്ളില്‍ പതുങ്ങിയിരുന്നതും നമ്മള് കണ്ടു. അപ്പോള്‍ പ്രകൃതി അതിന്റെ നഷ്ടപ്പെട്ട താളം വീണ്ടെടുക്കാന്‍ തുടങ്ങും.
കൊറോണ ഒരു ചെറിയ മുന്നറിയിപ്പാണ്. ഈ മുന്നറിയിപ്പു കണ്ട് പഠിച്ച് മനുഷ്യന് പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിച്ചാല്‍, എല്ലാ ജീവികള്‍ക്കും ഒരു മിച്ച് ജീവിക്കാനുള്ള സാഹചര്യമൊരുക്കിയില്, ജൈവ വൈവിധ്യത്തെ നിലനിര്‍ത്തിയാല്‍ മാത്രമേ മനുഷ്യകുലവും നിലനില്‍ക്കൂ.
ജൈവസമ്പത്തില്‍ ഇന്ത്യയുടെ സ്ഥാനം
ജൈവ സമ്പന്നതയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം പത്തിനും പതിനഞ്ചിനും ഇടയ്ക്കാണ്. സസ്തനികളുടെയും പക്ഷികളുടെയും വൈവിധ്യത്തില്‍ ഇന്ത്യ എട്ടാം സ്ഥാനത്താണ്. ഉരഗ സ്പീഷീസുകളുടെ എണ്ണത്തില്‍ 5 ഉം ഉഭയജീവി സ്പീഷീസുകളുടെ എണ്ണത്തില്‍ 15ാം സ്ഥാനത്തുമാണ് ഇന്ത്യ. ഇവയില്‍ വലിയൊരു വിഭാഗവും ഇന്ത്യയില്‍ മാത്രം കാണപ്പെടുന്ന തദ്ദേശീയ സ്പീഷീസുകളാണ്.
സസ്യങ്ങളില്‍ 18% വും ഉഭയജീവികളില്‍ 62 ശതമാനവും ഇവിടെ മാത്രം കാണുന്നവയാണ്. ഇവയെ നിലനിര്‍ത്തുക എന്നത് ജീവശാസ്ത്രപരമായി മാത്രമല്ല, സാമ്പത്തികപരമായും വളരെ പ്രാധാന്യമുള്ളതാണ്. ഇന്ത്യയിലെ പല ജൈവവൈവിധ്യ പ്രദേശങ്ങളും ലോക പൈതൃക സ്ഥാനങ്ങള്‍ (World Heritage sites) ആയി പ്രത്യേകം സംരക്ഷിക്കപ്പെടുന്നു. അസമിലെ കാസിരംഗ, ഹിമാലയത്തിലെ നന്ദാദേവിപര്വത നിര, മധ്യപ്രദേശിലെ ഭരത്പുര്‍,പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍, പശ്ചിമഘട്ടം എന്നിവ അവയില്‍ പ്പെടുന്നു.