സെന്‍റ് ജോൺസ് കോളെജ്, കേംബ്രിഡ്ജ്
സെന്‍റ് ജോൺസ് കോളെജ്, കേംബ്രിഡ്ജ്

കേംബ്രിഡ്ജ്: വിദ്യാഭ്യാസ പാരമ്പര്യത്തിന്‍റെ നെഞ്ചിടിപ്പ്

ലോകത്തിന്‍റെ വിജ്ഞാന കവാടമെന്നു പേരു കേട്ട 31 കോളെജുകൾ അടങ്ങുന്ന കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി. ഡാർവിനും ന്യൂട്ടനും ശ്രീനിവാസ രാമാനുജനും അടക്കം, ലോകം കണ്ട നിരവധി മഹാ പ്രതിഭകളുടെ വിളനിലം

അജയൻ

അനവധി അതുല്യ പ്രതിഭകൾ പഠിച്ചിറങ്ങിയ, ചരിത്രത്തിന്‍റെ സുവർണരേഖകളിൽ ഇടം പിടിച്ച മുപ്പതിലധികം കോളെജുകളാൽ നഗരത്തിന് മഹിമ പകരുന്ന വിഖ്യാതമായ കേംബ്രിഡ്ജ് സർവകലാശാല. കിങ്സ് കോളെജിലെത്തുമ്പോൾ മനസിലൂടെ കടന്നു പോയവർ നിരവധിയാണ്. ഐസക് ന്യൂട്ടൺ, ചാൾസ് ഡാർവിൻ, നീൽസ് ബോർ, സ്റ്റീഫൻ ഹോക്കിങ്, ഫ്ലോറൻസ് നൈറ്റിംഗേൽ, തോമസ് ഹാർഡി, ജോൺ കീറ്റ്സ്, ഇന്ത്യൻ സാമ്പത്തിക വിദഗ്ധൻ പി.സി. മഹലനോബിസ് തുടങ്ങി മനുഷ്യരാശി എക്കാലത്തും കടപ്പെട്ടിരിക്കുന്ന നിരവധി പേരാണ് ഒരു കാലത്ത് ഈ കോളെജിന്‍റെ വഴിത്താരകളിലൂടെ കടന്നു പോയിരിക്കുന്നത്. ഫ്രാൻസിസ് ബേക്കൺ, ശ്രീനിവാസ രാമാനുജൻ, ജവഹർലാൽ നെഹ്റു, രാജീവ് ഗാന്ധി, ക്രിക്കറ്റ് താരം രഞ്ജിത് സിങ്ജി തുടങ്ങി അനവധി പ്രഗത്ഭർ പഠിച്ചിരുന്ന ട്രിനിറ്റി കോളെജ്. പൂർവ വിദ്യാർഥികളുടെ കൂട്ടത്തിൽ സാക്ഷാൽ വില്യം വേഡ്സ്‌വർത്തും മൻമോഹൻ സിങ്ങും ഉൾപ്പെടുന്ന സെന്‍റ് ജോൺസ് കോളെജ്. വിദ്യാഭ്യാസത്തിന്‍റെ പറുദീസയെന്ന് വിശേഷിപ്പിക്കാവുന്ന ഈ പാതകളിലൂടെ കടന്നു പോകുമ്പോൾ മനസിൽ, വിജ്ഞാനത്തിന്‍റെ നിറകുടങ്ങളായിരുന്ന നിരവധി പ്രഗത്ഭരും അവർ പഠിച്ചിറങ്ങിയ കോളെജുകളും നിറഞ്ഞു നിന്നു.

കേംബ്രിഡ്ജിലെ റൗണ്ട് ചർച്ച്
കേംബ്രിഡ്ജിലെ റൗണ്ട് ചർച്ച്

പാതയുടെ ഒരു മൂലയിൽ, കടന്നു പോകുന്നവരെയെല്ലാം ആകർഷിക്കും വിധത്തിലുള്ള മനോഹരമായ കൊത്തുപണികളോടെ തലയുയർത്തി നിൽക്കുകയാണ് കേംബ്രിഡ്ജ്. കാലത്തിന്‍റെ മാറ്റം സർവകലാശാലയുടെ പടിവാതിലിൽ നിന്നു തന്നെ തിരിച്ചറിയാം. തിരിച്ചറിയൽ കാർഡ് കൊണ്ട് തുറക്കാൻ കഴിയുന്ന ഇലക്‌ട്രോണിക് എൻട്രിയോടു കൂടിയ, മരം കൊണ്ടു തീർത്ത കൂറ്റനൊരു വാതിൽ കടന്നാണ് സർവകലാശാലയിലേക്ക് പോകേണ്ടത്. തൊട്ടപ്പുറത്തുള്ള പാതയിൽ തിങ്ങിക്കൂടിയ വിനോദസഞ്ചാരികളുടെ വർത്തമാനങ്ങൾ കൊണ്ടും ഭൂതകാലത്തിന്‍റെ മർമരങ്ങൾ കൊണ്ടും അന്തരീക്ഷത്തിന് ഘനം കൂടിയതു പോലെ. ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നായി നിരവധി പേരാണ് കേംബ്രിഡ്ജിന്‍റെ കാലം മായ്ക്കാത്ത പ്രൗഢി നേരിട്ട് കണ്ടനുഭവിക്കാൻ എത്തിയിരിക്കുന്നത്.

കേംബ്രിഡ്ജിലെ കിങ്സ് കോളെജിലേക്കുള്ള പ്രവേശന കവാടം
കേംബ്രിഡ്ജിലെ കിങ്സ് കോളെജിലേക്കുള്ള പ്രവേശന കവാടം

പീറ്റർ ഹൗസിൽ നിന്നാണ് കേംബ്രിഡ്ജിന്‍റെ ചരിത്രം ആരംഭിക്കുന്നത്. 1294 ൽ സ്ഥാപിതമായ കേംബ്രിഡ്ജിന്‍റെ ആദ്യ കോളെജ്. അതു പിന്നീട് 1977ൽ സ്ഥാപിച്ച റോബിൻസൺ വരെ വ്യാപിച്ചു. കേംബ്രിഡ്ജിനു കീഴിലുള്ള 31 കോളെജുകളിൽ ചിലത് ബിരുദാനന്തര ബിരുദത്തിനു വേണ്ടി മാത്രമായുള്ളവയാണ്. സർവകലാശാലയുടെ ഗോഥിക് വാസ്തുശിൽപ്പശൈലി നിരവധി അമെരിക്കൻ സർവകലാശാലകൾക്കും പ്രചോദനമായിട്ടുണ്ട്.

ന്യൂട്ടണും ആപ്പിൾ മരവും

ഐസക് ന്യൂട്ടണുമായി ബന്ധപ്പെട്ട കഥയിലെ ആപ്പിൾ മരത്തിൽ നിന്ന് ഗ്രാഫ്റ്റ് ചെയ്തെടുത്ത് കേംബ്രിഡ്ജിൽ  വളർത്തിയെടുത്ത ആപ്പിൾ മരം.
ഐസക് ന്യൂട്ടണുമായി ബന്ധപ്പെട്ട കഥയിലെ ആപ്പിൾ മരത്തിൽ നിന്ന് ഗ്രാഫ്റ്റ് ചെയ്തെടുത്ത് കേംബ്രിഡ്ജിൽ വളർത്തിയെടുത്ത ആപ്പിൾ മരം.

ട്രിനിറ്റി കോളെജിന്‍റെ മുറ്റത്താണ് ഫ്ലവർ ഒഫ് കെന്‍റ് എന്ന ആപ്പിൾ മരമുള്ളത്. സാക്ഷാൽ ഐസക് ന്യൂട്ടന്‍റെ ജീവിക്കുന്ന ഓർമയെന്നു വേണമെങ്കിൽ ഈ മരത്തെ വിശേഷിപ്പിക്കാം. ന്യൂട്ടൻ കുട്ടിക്കാലം ചെലവഴിച്ച ലിങ്കൺഷെയറിലെ വൂൾസ്തോർപ് മാനറിലുള്ള വീട്ടിലുണ്ടായിരുന്ന യഥാർഥ ആപ്പിൾ മരത്തിൽ നിന്ന് ഗ്രാഫ്റ്റ് ചെയ്ത് 1954ൽ കോളെജ് മുറ്റത്ത് നട്ടതാണ് ഈ ആപ്പിൾ മരം.

ആപ്പിൾ തലയിൽ വീണതിൽ നിന്നു പ്രചോദനം കൊണ്ടാണ് ന്യൂട്ടൺ ഗുരുത്വാകർഷണ നിയമം കണ്ടെത്തിയതെന്നാണല്ലോ പറയാറുള്ളത്. 1687ൽ പ്രിൻസിപ്പിയയിലാണ് ആ പ്രബന്ധം പ്രസിദ്ധീകരിച്ചത്. 1661 ലാണ് ന്യൂട്ടൺ ട്രിനിറ്റി കോളെജിൽ പഠനത്തിനായി ചേർന്നത്. പിന്നീട് പ്ലേഗ് പടർന്നുപിടിച്ച കാലത്ത് കുറച്ചു വർഷങ്ങൾ വീട്ടിലേക്ക് തിരിച്ചു പോയി. ആ സമയത്താണ് ആപ്പിൾ മരത്തിൽ നിന്ന് ന്യൂട്ടന്‍റെ തലയിൽ ആപ്പിൾ പതിച്ചതെന്നാണ് പറയപ്പെടുന്നത്. പിന്നീട് ശാസ്ത്രത്തിനു തന്നെ പുതിയൊരു വഴിത്താര സൃഷ്ടിച്ചു നൽകിയ ഗുരുത്വാകർഷണ സിദ്ധാന്തത്തിൽ ചെന്നെത്തിയതും.

ആപ്പിൾ മരത്തിന്‍റെ ചിത്രമെടുക്കാനും കാണാനുമെല്ലാമായി വലിയൊരു ആൾക്കൂട്ടം തന്നെ അതിനു മുന്നിൽ തടിച്ചു കൂടിയിട്ടുണ്ട്. സന്ദർശകരിൽ ചിലർ ന്യൂട്ടന് ആദരവ് അർപ്പിച്ചു കൊണ്ട് മരത്തിനു കീഴിൽ ആപ്പിൾ അർപ്പിക്കുന്നു.

പഴക്കമേറിയ പള്ളി

സെന്‍റ് ബെനറ്റ്സ് പള്ളിയിലെ അൾത്താര
സെന്‍റ് ബെനറ്റ്സ് പള്ളിയിലെ അൾത്താര

അതിപുരാതനമായ ബെനെറ്റ്സ് പള്ളിയാണ് സന്ദർശകരെ ആകർഷിക്കുന്ന മറ്റൊന്ന്. 1020ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. ഗ്രേറ്റ് ബ്രിട്ടനിലെ തന്നെ ഏറ്റവും പഴക്കമേറിയ പള്ളിയാണിത്. 1352ൽ സ്ഥാപിച്ച കോർപ്പസ് ക്രിസ്റ്റി കോളെജിന് അരികിലാണ് ഈ പള്ളി. വർഷം തോറുമുള്ള ആചാരപരമായ ആഘോഷത്തിനു പകരം സർവകലാശാലയ്ക്കു വേണ്ടി പള്ളിമണികൾ മുഴക്കാമെന്ന രീതിയിൽ കോളെജും പള്ളിയും തമ്മിൽ ഒരു ഉടമ്പടിയുള്ളതായി ചരിത്രരേഖകളിലുണ്ട്.

റൗണ്ട് ചർച്ച് എന്നറിയപ്പെടുന്ന വിശുദ്ധ സെപുൾക്കർ പള്ളിയാണ് കേംബ്രിഡ്ജിലെ മറ്റൊരു വിഖ്യാതമായ ഇടം. 1130ലാണ് ഈ ആംഗ്ലിക്കൻ പള്ളി നിർമിക്കപ്പെട്ടത്. ജറൂസലമിലെ റോട്ടുണ്ടയിലുള്ള വിശുദ്ധ സെപുൽക്കർ പള്ളിയിലെ അനന്യമായ വൃത്താകൃതിയിലുള്ള ഡിസൈനിലാണ് റൗണ്ട് ചർച്ചും നിർമിച്ചിരിക്കുന്നത്.

ഗണിതശാസ്ത്ര പാലം

ഗണിതശാസ്ത്ര പാലം
ഗണിതശാസ്ത്ര പാലം

ക്വീൻസ് കോളെജിന് അരികിലൂടെ കാം നദിക്കു കുറുകേ നിർമിച്ചിരിക്കുന്ന ഗണിതശാസ്ത്ര പാലമാണ് കേംബ്രിഡ്ജിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. ഓക് മരങ്ങൾ കൊണ്ട് അതിമനോഹരമായ ശൈലിയിൽ 1749ലാണ് പാലം നിർമിച്ചത്. പിന്നീട് 1866ലും 1905ലും ഇതു പുനർനിർമിച്ചു.

ഐസക് ന്യൂട്ടണുമായി ബന്ധപ്പെട്ട കഥകൾ അടക്കം കെട്ടുകഥയും ചരിത്രവും കെട്ടുപിണഞ്ഞു കിടക്കുന്ന നിർമിതിയാണ് ഗണിത ശാസ്ത്ര പാലം. ന്യൂട്ടൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ് 23 വർഷത്തിനു ശേഷമാണ് ഇതു നിർമിക്കപ്പെട്ടത്. എങ്കിൽപ്പോലും പരസ്പരം ബന്ധിപ്പിക്കാതെ നിർമിച്ചിരിക്കുന്ന ഈ പാലം രൂപകൽപ്പന ചെയ്തത് ന്യൂട്ടനാണെന്നാണ് പറയപ്പെടുന്നത്. ഈ പാലവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഒരു കഥ കൂടിയുണ്ട്.

ഒരിക്കൽ കുറച്ചു വിദ്യാർഥികൾ അവരുടെ അധ്യാപകരുടെ സഹായത്തോടെ, പരസ്പരം ബന്ധിക്കാതെ പാലം നിർമിച്ചതെങ്ങനെയെന്ന് കണ്ടെത്താൻ ശ്രമം നടത്തി. അതിനായി പാലം ഒരു ഭാഗത്തു നിന്നായി പൊളിച്ചെടുത്തു. പക്ഷേ, അതു തിരിച്ച് അതേ രീതിയിൽ തന്നെ വച്ച് പാലം പുനർനിർമിക്കാൻ അവർക്കു സാധിച്ചില്ല. അതേത്തുടർന്ന് ബോൾട്ടുകൾ ഉപയോഗിച്ചാണ് പാലം പുനർനിർമിച്ച് ഇന്നത്തെ രീതിയിൽ നില നിർത്തിയിരിക്കുന്നതത്രേ.

പ്രഥമ ഇന്ത്യൻ മേയർ

കേംബ്രിഡ്ജ്  മേയർ ബൈജു തിട്ടാല
കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല

ജോലിക്കും വിദ്യാഭ്യാസത്തിനുമായി ഇന്ത്യയിൽ നിന്നും, പ്രത്യേകിച്ച് കേരളത്തിൽ നിന്നും വൻതോതിലാണ് യുകെയിലേക്ക് വിദ്യാർഥികൾ കുടിയേറുന്നത്. അതുമൂലം ധാരാളം പ്രശ്നങ്ങളും സൃഷ്ടിക്കപ്പെടാറുണ്ട്. കേംബ്രിഡ്ജിലെ ആദ്യ ഇന്ത്യൻ മേയറായ ബൈജു തിട്ടാല ഇന്ത്യൻ വിദ്യാർഥികൾ നേരിടുന്ന ദുരിതം ഒഴിവാക്കാൻ പ്രയത്നിക്കുന്നുണ്ട്. മേയിൽ അധികാരത്തിലേറിയതു മുതൽ നിത്യേനെയെന്നോണം ഇന്ത്യൻ വിദ്യാർഥികൾ താമസം ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് വിളിക്കാറുണ്ടെന്ന് ബൈജു പറയുന്നു.

വ്യാജ വാഗ്ദാനങ്ങളും അനാവശ്യ പ്രതീക്ഷകളും നൽകി വിദ്യാർഥികളെ വൻതോതിൽ ബ്രിട്ടനിലേക്കയക്കുന്ന കേരളത്തിലെ ഏജൻസികളാണ് വിദ്യാർഥികളുടെ ദുരിതത്തിന്‍റെ പ്രധാന കാരണക്കാർ എന്ന് ബൈജു. അതെല്ലാം വിശ്വസിച്ച് ഇവിടെയെത്തുന്ന ഭൂരിപക്ഷം വിദ്യാർഥികളുടെയും സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ പടരാറുണ്ട്. വേണ്ടത്ര കാറ്റും വെളിച്ചവും പോലുമില്ലാത്ത ബേസ്മെന്‍റുകളിലാണ് അവരിൽ പലരും താമസിക്കുന്നത്.

വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾക്കു പുറമേ കടുത്ത ദാരിദ്ര്യമാണ് ഇപ്പോൾ കേംബ്രിഡ്ജ് നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് ബൈജു. വിവേചനത്തിന്‍റെയും അസമത്വത്തിന്‍റെയും പേരിൽ ബ്രിട്ടനിലെ തന്നെ ഒന്നാം സ്ഥാനമാണ് ഇപ്പോൾ ഈ നഗരത്തിനുള്ളത്. താമസിക്കാൻ ഇടമില്ലാതെ തെരുവിൽ അലയുന്നവരുടെ എണ്ണം വർധിച്ചു വരുന്നു. വിദ്യാഭ്യാസത്തിന്‍റെ വിളക്കുമാടം എന്ന നിലയിൽ പ്രശസ്തമാണ് കേംബ്രിഡ്ജ്. അതേസമയം തന്നെ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം ഭൂരിപക്ഷത്തിന്‍റെയും വിദൂര സ്വപ്നമായി തുടരുന്നു എന്നതാണ് അതിലെ വൈരുദ്ധ്യം.

പരമ്പരാഗതമായി വരേണ്യ വിഭാഗത്തോടു മാത്രം ചായ്‌വുള്ള നഗരത്തിലെ നിലവിലുള്ള ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കേംബ്രിഡ്ജിനെ ഒരു ബിസിനസ് ഹബ്ബാക്കി മാറ്റാനാണ് ബൈജു പ്രഥമപരിഗണന നൽകുന്നത്.

Trending

No stories found.

Latest News

No stories found.