കുസാറ്റ് വിദ്യാർഥികള്‍ക്ക് ക്യാംപസ് പ്ലേസ്മെന്‍റ്; 25 ലക്ഷം വരെ പാക്കെജ്

സർവകലാശാലയുടെ വിവിധ പ്രോഗ്രാമുകളില്‍ അഡ്മിഷന്‍ നേടുന്നതിനുള്ള പൊതു പ്രവേശന പരീക്ഷയായ ക്യാറ്റ്- 2024ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു
CUSAT
CUSAT
Updated on

കളമശേരി: വിവിധ കോഴ്സുകളിലെ 600 ലേറെ അവസാന വര്‍ഷ വിദ്യാർഥികള്‍ക്ക് ക്യാംപസ് പ്ലേസ്മെന്‍റിലൂടെ ഉയര്‍ന്ന കമ്പനികളില്‍ ജോലി നേടിക്കൊടുത്ത്, മികച്ച നേട്ടവുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്). കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ ഐടി കമ്പനികളും മറ്റു പ്രധാന കമ്പനികളും കുസാറ്റില്‍ നിന്ന് ഉയര്‍ന്ന ശമ്പള പാക്കെജില്‍ വിദ്യാർഥികളെ തെരഞ്ഞെടുത്തതിനാല്‍ ഈ വര്‍ഷം പ്ലെയ്സ്മെന്‍റു കളുടെ എണ്ണത്തില്‍ കുത്തനെ വർധന ഉണ്ടായിട്ടുണ്ട്.

ഈ പ്ലെയ്സ്മെന്‍റ് സീസണിലെ ഏറ്റവും ഉയര്‍ന്ന ശമ്പള പാക്കെജായി ലഭിച്ചത് പ്രതിവര്‍ഷം 25 ലക്ഷം രൂപയും ശരാശരി 6.70 ലക്ഷം രൂപയുമാണ്. ടിസിഎസ്, സിസ്കോ, എയര്‍ ഇന്ത്യ, ഹ്യുണ്ടായ് എന്നിവയുള്‍പ്പെടെ 50-ലധികം കമ്പനികളിലേക്കാണ് കുസാറ്റില്‍ നിന്നുള്ള വിദ്യാർഥികളെ ഇത്തവണ റിക്രൂട്ട് ചെയ്തത്. പ്ലേസ്മെന്‍റ് പ്രക്രിയ തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ 2024 ബാച്ചിലെ 110 വിദ്യാർഥികള്‍ക്ക് നിയമനം ലഭിച്ചു. അതില്‍ നാല് കമ്പനികള്‍ പ്രതിവര്‍ഷം പതിനഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്നു.

അടുത്ത മാസത്തെ രണ്ടാംഘട്ട റിക്രൂട്ട്മെന്‍റിനായി പ്രധാന സോഫ്റ്റ്‌വെയര്‍ കമ്പനികളായ ടിസിഎസ്, ഐബിഎം, ആക്സെഞ്ചര്‍ ഒരുങ്ങുന്നു.

പ്രമുഖ കമ്പനികളായ സിസ്കോ, ടിസിഎസ്, ആക്സെഞ്ചര്‍, എയര്‍ ഇന്ത്യ, ടാറ്റ പ്രൊജക്റ്റ്സ്, ഐബിഎം, എംആര്‍എഫ്, ഏണസ്റ്റ് ആൻഡ് യങ്, യുഎസ്‌ടി, ടാറ്റ എലക്സി, ശോഭ കണ്‍സ്ട്രക്ഷന്‍സ്, എല്‍ ആൻഡ് ടി കണ്‍സ്ട്രക്ഷന്‍സ്, ടാറ്റ കണ്‍സള്‍ട്ടിങ്ങ് എഞ്ചിനിയേര്‍സ്, ഹ്യുണ്ടായി, വിസ്റ്റണ്‍, അല്‍സ്റ്റോം, സിഫോ, സാപ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ പവര്‍, ഐഒസിഎല്‍, ഗെയ്ല്‍, നുമാലിഗഡ് റിഫൈനറി, വോര്‍ലി, കെയിന്‍ ഓയില്‍, ഷപൂര്‍ജി ആന്‍ഡ് പല്ലോണ്‍ജി, ഫെഡറല്‍ ബാങ്ക്, ഗള്‍ഫ് ഏഷ്യ തുടങ്ങിയ കമ്പനികളും സര്‍വകലാശാലയില്‍ ഇത്തവണ ക്യാമ്പസ് പ്ലേസ്മെന്‍റ് നടത്തിയിട്ടുണ്ട്.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നടത്തുന്ന പ്രോഗ്രാമുകളില്‍ അഡ്മിഷന്‍ നേടുന്നതിനുള്ള പൊതു പ്രവേശന പരീക്ഷയായ (ക്യാറ്റ്- 2024) ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് https://admissions.cusat.ac.in/.

Trending

No stories found.

Latest News

No stories found.