ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ വാഗ്ദാനം ചെയ്ത് ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. 75-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായെത്തിയ മാക്രോൺ ആഘോഷങ്ങൾക്ക് തൊട്ടുമുമ്പാണ് പ്രഖ്യാപനം നടത്തിയത്.
2030 ൽ 30000 ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ വിദ്യാഭ്യാസത്തിനുള്ള അവസരം നൽകുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാർഥികളെ സർവകലാശാലയിൽ ചേരാൻ അനുവദിക്കുന്നതിനായി അന്തരാഷ്ട്ര ക്ലാസുകൾ സ്ഥാപിക്കും. ഫ്രാൻസിൽ പഠിച്ച മുൻ ഇന്ത്യൻ വിദ്യാർഥികൾക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകൾ സുഗമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.