അപേക്ഷിക്കാം ഗേറ്റ് പരീക്ഷയ്ക്ക്

ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 26
SYMBOLIC
SYMBOLIC
Updated on

ഗേറ്റ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്രസർക്കാരിന്‍റെ ധനസഹായത്തോടെ എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ മാസ്റ്റേഴ്സ് എന്നിവയ്ക്കു പുറമെ ഡോക്റ്ററൽ പഠനത്തിനും ആർട്സ്, സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലെ ഡോക്റ്ററൽ പഠനത്തിനും അർഹത നിർണയിക്കുന്ന പരീക്ഷയാണ് ഗേറ്റ് ( Graduate Aptitude Test in Engineering). ഇതു കൂടാതെ, പ്രമുഖ പൊതുമേഖലാ സ്‌ഥാപനങ്ങളിലെ സ്ഥിര നിയമനങ്ങൾക്കും ഗേറ്റ് അടിസ്ഥാനയോഗ്യതയാണ്. ഇതോടൊപ്പം, കേന്ദ്രസർക്കാരിലെ ഗ്രൂപ്പ് എ തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിനും ഗേറ്റ് സ്കോർ ഉപയോഗിക്കാറുണ്ട്.വിശദ വിവരങ്ങൾ ചുവടെ:

അപേക്ഷ:

ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 26 . ലേറ്റ് ഫീ സഹിതം അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്റ്റോബർ 7 .

പരീക്ഷ:

പരീക്ഷകൾ, ഫെബ്രുവരി 1,2,15,16 (ശനി, ഞായർ ദിവസങ്ങളിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

ഐ.ഐ.എസ് സി. ബംഗളൂരുവിനും (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്) രാജ്യത്തെ 7 ഐഐടികളും സംയുക്തമായാണ്, ഗേറ്റ് 2025 നടത്തുന്നത്.ഐഐടി റൂർക്കിയ്ക്കാണ്, ഓൺലൈൻ പരീക്ഷയുടെ നടത്തിപ്പ് ചുമതല. ഒരാൾക്ക് എത്ര തവണ വേണമെങ്കിലും ഗേറ്റ് എഴുതാം. എന്നാൽ ഇത് പ്രവേശന പരീക്ഷയല്ല; യോഗ്യതാ നിർണയം മാത്രമാണ്.

ഗേറ്റ് സ്കോറിന്‍റെ ഫലപ്രഖ്യാപന ദിവസം മുതൽ 3 വർഷത്തേക്കാണ് പ്രാബല്യമുള്ളത്.

അപേക്ഷാ ഫീസ്

അപേക്ഷാ ഫീസ്,ഓൺലൈനായി മാത്രമേ അടയ്ക്കാനാകൂ. ഒരു പേപ്പറിന് 1800/- രൂപയാണ്, അപേക്ഷാ ഫീസ്. പെൺകുട്ടികളും പട്ടികജാതി/വർഗ്ഗ /ഭിന്നശേഷി വിഭാഗക്കാരും 900/- രൂപ അടച്ചാൽ മതി. ലേറ്റ്ഫീസ്, പൊതു വിഭാഗത്തിന് 2300/- രൂപയും സംവരണ വിഭാഗങ്ങൾക്ക് 1400/-രൂപയുമാണ്.

2 പേപ്പർ പരീക്ഷയെഴുതാൻ, ഇരട്ടി ഫീസ് നൽകണമെങ്കിലും അപേക്ഷ ഒന്നു മതി.

പരീക്ഷാകേന്ദ്രങ്ങൾ

ഗേറ്റ് പരീക്ഷയ്ക്ക്, രാജ്യമെമ്പാടും പരീക്ഷാകേന്ദ്രങ്ങളുണ്ട്. കേരളത്തിൽ രണ്ടു സോണുകളായി തിരിച്ചാണ്, പരീക്ഷാകേന്ദ്രങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അതിൽ ഐ.ഐ.എസ്‌സി. ബെംഗളൂരു സോണിനു കീഴിൽ പത്തനംതിട്ട, അങ്കമാലി, തൃശൂർ, പാലക്കാട്, മലപ്പുറം, വടകര, കോഴിക്കോട്, കണ്ണൂർ, വയനാട്, പയ്യന്നൂർ, കാസർകോട് എന്നീ പരീക്ഷാ കേന്ദ്രങ്ങളും ഐ.ഐ.ടി. മദ്രാസ് സോണിനു കീഴിൽ, തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, ആലപ്പുഴ, ചെങ്ങന്നൂർ, കോട്ടയം, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, കോതമംഗലം ആലുവ–എറണാകുളം എന്നീ പരീക്ഷാ കേന്ദ്രങ്ങളുമുണ്ട് . അപേക്ഷകർക്ക് , ഒരേ സോണിലെ 3 കേന്ദ്രങ്ങൾ വരെ ഒപ്റ്റ് ചെയ്യാവുന്നതാണ്.

അപേക്ഷാ യോഗ്യത:

എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ, ആർട്സ്, സയൻസ്, കൊമേഴ്സ്, മാനവികവിഷയങ്ങൾ ഇവയൊന്നിലെ യുജി പ്രോഗ്രാമിന്‍റെ മൂന്നാം വർഷമെങ്കിലും പഠിക്കുന്നവർക്കും നിർദ്ദിഷ്ട ബിരുദം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. നാലുവർഷ ബിഎസ് ബിരുദത്തിന്‍റെ മൂന്നാം വർഷ വിദ്യാർഥികൾക്കും മെഡിസിൻ, ഡെന്‍റൽ സർജറി, വെറ്ററിനറി സയൻസ് എന്നീ ബാച്ചിലർ പ്രോഗ്രാമുകളിൽ അഞ്ചാം സെമസ്റ്റർ പഠിക്കുന്നവർക്കും അവസരമുണ്ട്. എൻജിനീയറിങ്, ടെക്നോളജി, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, ഫാർമസി, ആർക്കിടെക്ചർ എന്നീ ബാച്ചിലർ പ്രോഗ്രാമുകളിൽ പഠിക്കുന്ന മൂന്നാം വർഷക്കാർക്കും ഫാംഡി മൂന്നാം വർഷക്കാർക്കും എംഎ, എംഎസ്‌സി, എംസിഎ, പോസ്റ്റ് ബിഎസ്‌സി ഇന്‍റഗ്രേറ്റഡ് എംടെക് ഒന്നാം വർഷമോ അതിനു മേലോട്ടുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഇതു കൂടാതെ നിർദിഷ്ട ബാച്ചിലർ ബിരുദത്തിനു തുല്യമായി കേന്ദ്രസർക്കാർ അംഗീകരിച്ച ഏതു പ്രൊഫഷനൽ അംഗത്വമുള്ളവരെയും ഉയർന്ന യോഗ്യതകൾ നേടിയവർക്കും അപേക്ഷിക്കാവുന്നതാണ്.

പരീക്ഷ:

ആകെ 30 സബ്ജക്റ്റ് പേപ്പറുകളുണ്ട്. ഓരോ പേപ്പറിനും 100 മാർക്ക് വീതം. എല്ലാ പേപ്പറിനും പൊതുവായി, 15 മാർക്കിന്‍റെ ‘ജനറൽ ആപ്റ്റിറ്റ്യൂഡ്’ . പരീക്ഷാസമയം 3 മണിക്കൂർ.മൾട്ടിപ്പിൾ ചോയ്സ് / മൾട്ടിപ്പിൾ സെലക്റ്റ്/ ന്യൂമെറിക്കൽ ആൻസർ എന്നിങ്ങനെ 3 രീതികളിൽ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ്. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളിൽ ഒരു ശരിയുത്തരം മാത്രം. ഇതിൽ തെറ്റുത്തരത്തിന് ആനുപാതികമായി മാർക്കു കുറയ്ക്കും. മറ്റു 2 രീതികളിൽ നെഗറ്റീവ് മാർക്കില്ല.

അപേക്ഷാർഥിയ്ക്ക്, ഒരു പേപ്പറോ രണ്ടു പേപ്പറോ ഇഷ്ടപ്രകാരമെഴുതാവുന്നതാണ്. രണ്ടെണ്ണം എഴുതുന്നുണ്ടെങ്കിൽ നിർദിഷ്ട കോംബിനേഷനുകളിൽനിന്നു മാത്രം തിരഞ്ഞെടുക്കണം. സ്പെഷ്യൽ വിഷയത്തിനു ചേർന്ന പേപ്പർ തിരഞ്ഞെടുത്തതിനുശേഷം, അതിനോടുചേർത്ത് അനുവദിച്ചിട്ടുള്ള മറ്റു പേപ്പറുകളിലൊന്നും തെരഞ്ഞെടുക്കാം. കോംബിനേഷൻ ലിസ്റ്റ് സൈറ്റിൽ കിട്ടും.കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://gate2025.iitr.ac.in

Trending

No stories found.

Latest News

No stories found.