അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി പുതിയ ഇന്‍റേൺഷിപ്പ് പദ്ധതിയുമായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ. ഇന്ത്യൻ സ്ഥാപനങ്ങളിലും അമേരിക്കൻ സ്ഥാപനങ്ങളിലും ഇന്‍റേൺഷിപ്പ് ചെയ്യാൻ അവസരം ലഭിക്കും. സാമ്പത്തികം, ഐടി, ഇൻവെസ്റ്റ്മെൻറ് ബാങ്കിംഗ്, ഫാർമ തുടങ്ങിയ മേഖലകളിലെല്ലാം അവസരമുണ്ട്.
ഇതിനായി പ്രത്യേകം തയാറാക്കിയ പോർട്ടലിലൂടെ വിദ്യാർഥികൾക്ക് തന്നെ നേരിട്ട് കമ്പനികളിൽ അപേക്ഷിക്കാവുന്നതാണ്. “ഇന്‍റേൺഷിപ്പിനായി വിദ്യാർഥികളെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ കോൺസുലേറ്റിന് യാതാരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല,” സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ വിശദാംശങ്ങൾ പങ്കുവെക്കവേ ഇന്ത്യൻ മിഷൻ വ്യക്തമാക്കി.
പ്രധാനമായി അഞ്ച് ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് ഈ ഇന്‍റേൺഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാവുന്നതാണ്. ചെയ്യേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്.
സ്റ്റെപ്പ് 1: കോൺസുലേറ്റ് ജനറൽ ഒഫ് ഇന്ത്യ ന്യൂയോർക്കിന്‍റെ ഇന്ത്യൻ സ്റ്റുഡൻറ് റിസോഴ്സ് പോർട്ടൽ സന്ദർശിക്കുക. അതിലുള്ള സ്റ്റുഡന്‍റ് ഇന്‍റേൺഷിപ്പ് എന്നതിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 2: നിങ്ങൾക്ക് ഇഷ്ടപ്പെട്ട മേഖല ഏതാണെങ്കിലും അത് തെരഞ്ഞെടുക്കുക. സാമ്പത്തികം, ഐടി, ഇൻവെസ്റ്റ്മെന്‍റ് ബാങ്കിങ്, ഫാർമ തുടങ്ങിയ മേഖലകളിൽ ഏത് വേണമെങ്കിലും നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്നതാണ്.
സ്റ്റെപ്പ് 3: സ്ഥാപനം തെരഞ്ഞെടുക്കുക. മൂന്നാമത്തെ ഘട്ടത്തിൽ നിങ്ങൾക്ക് താൽപര്യമുള്ള മേഖലയിലുള്ള കമ്പനി ഏതാണെന്ന് തെരഞ്ഞെടുക്കുക. ഉദാഹരണത്തിന് ഫാർമ മേഖലയിലാണെങ്കിൽ സൺ ഫാർമ, ലൂപിൻ, അരബിന്ദോ ഫാർമ തുടങ്ങിയ കമ്പനികളെല്ലാം നിങ്ങൾക്ക് അവസരങ്ങൾ നൽകുന്നുണ്ട്.
സ്റ്റെപ്പ് 4: അപേക്ഷ പൂരിപ്പിക്കുക. മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, നിൽക്കുന്ന പ്രദേശം തുടങ്ങി നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളെല്ലാം നൽകി അപേക്ഷ പൂരിപ്പിക്കുക.
സ്റ്റെപ്പ് 5: നിർബന്ധമായും പൂരിപ്പിക്കേണ്ട കോളങ്ങളെല്ലാം പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം അപേക്ഷ സമർപ്പിക്കുക.