തിരുവനന്തപുരം: 2024-ലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അലോട്മെന്റ് ലഭിച്ചവർക്ക് ഹോം പേജിൽ നിന്ന് അലോട്മെന്റ് മെമ്മോ പ്രിന്റ് എടുക്കാം. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്മെന്റ് ലഭിച്ച കോഴ്സ്, കോളെജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർഥിയുടെ അലോട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അലോട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അവരുടെ ഹോം പേജിലെ ഡാറ്റാ ഷീറ്റ് ഡൗൺലോഡ് ചെയ്ത് പ്രവേശന സമയത്ത് സമർപ്പിക്കണം.
വിദ്യാർത്ഥികൾ അലോട്മെന്റ് ലഭിച്ച കോളെജുകളിൽ സെപ്റ്റംബർ 5 ന് വൈകുന്നേരം 4നകം പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെ അലോട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാക്കും.
ആയുർവേദ/ ഹോമിയോ സിദ്ധ/ യുനാനി/ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ് / വെറ്ററിനറി കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്നോളജി കോഴ്സുകളിലേയ്ക്കുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്മെന്റ് ഓപ്ഷൻ കൺഫർമേഷൻ നൽകണം. വിദ്യാർത്ഥികൾ കൺഫേം ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നടത്തണം.
തുടർന്ന് ഹയർ ഓപ്ഷൻ പുന:ക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം ഒക്ടോബർ 2 രാത്രി 11.59 വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും. ആയൂർവേദ/ ഹോമിയോ സിദ്ധ/ യുനാനി മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട താത്ക്കാലിക അലോട്മെന്റ് ഒക്ടോബർ 3 ന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക് : www.cee.kerala.gov.in, ഫോൺ: 0471-2525300.