വാഷിങ്ടൺ: പഠനത്തിനായി യുഎസിലെത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നുവെന്ന് റിപ്പോർട്ട്. 2021നെ അപേക്ഷിച്ച് 2022ൽ യുഎസിൽ എത്തിയ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. അതേ സമയം ചൈനയിൽ നിന്നും യുഎസിലെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ കാര്യമായ കുറവും ഉണ്ടായിട്ടുണ്ട്.
ചൈനയുടെ കാര്യമെടുത്താൽ 2021 നെ അപേക്ഷിച്ച് 2022 ലെത്തുമ്പോൾ 24,796 വിദ്യാർഥികളുടെ കുറവാണുള്ളത്. എന്നാൽ 2021 ൽ യുഎസിൽ എത്തിയതിനേക്കാൾ 64,300 വിദ്യാർഥികളെ അധികമായി ഇന്ത്യ 2022ൽ യുഎസിലേക്ക് അയച്ചുവെന്ന് യുഎസ് എമിഗ്രേഷൻ, കസ്റ്റം എൻഫോഴ്സ്മെന്‍റിന്‍റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
യുഎസിലെ വിദേശ വിദ്യാർഥികളിൽ 70 ശതമാനവും ഏഷ്യയിൽ നിന്നുമെത്തുന്നവരാണ്. അതിൽ സൗദി അറേബ്യ, കുവൈറ്റ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നും യുഎസിലെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.
2021ൽ നിന്ന് 2022ലെത്തുമ്പോൾ യുഎസിലെ പ്രധാനപ്പെട്ട നാലു മേഖലകളിലും വിദേശത്തു നിന്നെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ 8 മുതൽ 11 ശതമാനം വരെ വർധനവ് ഉണ്ടായിട്ടുണ്ട്.
സ്റ്റുഡന്‍റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം ( എസ്ഇവിപി) കണക്കുകൾ പരിശോധിച്ചാൽ ഗ്രേഡ് 12 സ്കൂളുകൾ വഴി കിന്‍റർഗാർടനിൽ പ്രവേശനം നേടിയ വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ 7.8 ശതമാനം വർധനവാണ് 2022ലുണ്ടായിട്ടുള്ളത്. കൃത്യമായി പറഞ്ഞാൽ 3,887 വിദ്യാർഥികളുടെ വർധനവ്. അതേ സമയം 2021ലെ പോലെ തന്നെ 2022ലും കെ-12 സ്കൂളുകളിൽ എത്തിയ വിദേശ വിദ്യാർഥികളുടെ എണ്ണം 700 കടന്നിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
2022ൽ 7,683 എസ് ഇവിപി അംഗീകൃത സ്കൂളുകൾക്കാണ് വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള അനുമതി ലഭിച്ചത്. 2021ൽ 8,038 സ്കൂളുകൾക്കാണ് അനുമതി ലഭിച്ചിരുന്നത്.
2022ൽ കാലിഫോർണിയയിൽ 225,173 വിദേശ വിദ്യാർഥികളാണുണ്ടായിരുന്നത്. എക്സ്ചേഞ്ച് വിസിറ്റേഴ്സിന്‍റെ എണ്ണത്തിൽ 15 ശതമാനം വർധനവുമുണ്ടായി.