ഹൈദരാബാദിൽ സ്ഥാപിക്കുന്ന തെലുങ്കാന സ്‌കില്‍ യൂണിവേഴ്‌സിറ്റിയില്‍ പതിനേഴ് കോഴ്‌സുകളിലായി ഓരോ വര്‍ഷവും ഇരുപതിനായിരം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചു. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ സ്ഥാപിക്കുന്ന സര്‍വകലാശാലയുടെ പ്രധാന ക്യാംപസും ആസ്ഥാനവും ഹൈദരാബാദിലായിരിക്കും. സര്‍വകലാശാല സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള ബില്‍ ജൂലൈ ഇരുപത്തിമൂന്നിന് ന് ആരംഭിക്കുന്ന ബഡ്ജറ്റ് സമ്മേളനത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കും.
വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ തയ്യാറാകണമെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി വെള്ളിയാഴ്ച ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വ്യവസായ മേഖലയ്ക്ക് ആവശ്യമായ നൈപുണ്യത്തോടെ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ അഭിമാനകരമായ സര്‍വകലാശാല സ്ഥാപിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍വകലാശാലയുടെ സ്ഥാപനത്തിലും നടത്തിപ്പിനുമായി എത്ര പണം വേണമെങ്കിലും ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയിലെയും ഹരിയാനയിലെയും സ്‌കില്‍ യൂണിവേഴ്‌സിറ്റികളെക്കുറിച്ച് പഠനം നടത്തിയശേഷമാണ് തെലങ്കാനയിലെ വ്യവസായ വകുപ്പ് സ്‌കില്‍ യൂണിവേഴ്‌സിറ്റിയുടെ കരട് തയ്യാറാക്കിയത്. സര്‍വകലാശാല വാഗ്ദാനം ചെയ്യുന്ന കോഴ്‌സുകള്‍ , അവയുടെ കാലാവധി, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ , സര്‍വകലാശാല നടത്തിപ്പിനുള്ള ഫണ്ട്, വിവിധ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം എന്നിവയെക്കുറിച്ച് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജന്‍ വിശദമാക്കി
ഫാര്‍മ, കണ്‍ട്രക്ഷന്‍ , ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇ-കൊമേഴ്‌സ് ആന്‍ഡ് ലോജിസ്റ്റിക്‌സ്, റീട്ടെയില്‍, അനിമേഷന്‍ , വിഷ്വല്‍ ഇഫക്ട്‌സ്, ഗെയിമിംഗ്, കോമിക്‌സ് തുടങ്ങി പതിനേഴ് മേഖലകളിലായിരിക്കും കോഴ്‌സുകള്‍. ഓരോ കോഴ്‌സും അതാത് മേഖലയിലെ മുന്‍നിര കമ്പനിയായിരിക്കും സ്‌പോണ്‍സര്‍ ചെയ്യുക. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ കമ്പനികളുമായി ധാരാണപത്രം ഒപ്പു വയ്ക്കും. വിവിധ കോഴ്‌സുകളിലായി ആദ്യ വര്‍ഷം രണ്ടായിരം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കും. വിദ്യാര്‍ഥികളുടെ എണ്ണം ഘട്ടം ഘട്ടമായി ഇരുപതിനായിരം വരെയായി ഉയര്‍ത്തും.