ഉന്നത വിദ്യാഭ്യാസത്തിനായി യുഎസ്എ യിലേക്കും ക്യാനഡയിലേക്കും പറക്കുകയെന്നത് നിരവധി പേരുടെ സ്വപ്നമാണ്. പക്ഷേ വിസ നിബന്ധനകൾ കാരണം പലർക്കും സ്വപ്നം സഫലമാക്കാൻ സാധിക്കാറില്ല. അവർക്കു വേണ്ടിയാണ് ജപ്പാൻ ഇരു കൈകളും വിരിച്ച് കാത്തിരിക്കുന്നത്. മികച്ച ഉന്നത വിദ്യാഭ്യാസം ഉറപ്പു നൽകുന്ന രാജ്യങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇപ്പോൾ ജപ്പാൻ. ടൈംസ് ഹയർ എജ്യുക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ജപ്പാനും ഇടം നേടിയിട്ടുണ്ട്. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് എന്നിവയിൽ ജപ്പാൻ ആഗോളതലത്തിൽ അതുല്യമായ വിദ്യാഭ്യാസമാണ് ഉറപ്പു നൽകുന്നത്.
അതു കൊണ്ടു തന്നെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യം വയ്ക്കുന്നവരുടെ പ്രത്യേകിച്ച് ഇന്ത്യൻ വിദ്യാർഥികളുടെ പുതിയ സ്വപ്നഭൂമിയാണിപ്പോൾ ജപ്പാൻ. അതു മാത്രമല്ല ജപ്പാനിലെ വിസ പോളിസികൾ താരതമ്യേന ലളിതവുമാണ്. ഒട്ടേറെ മികച്ച യൂണിവേഴ്സിറ്റികളും ജപ്പാനിൽ ഉണ്ട്.
യൂണിവേഴ്സിറ്റി ഓഫ് ടോക്കിയോ, ക്യോട്ടോ യൂണിവേഴ്സിറ്റി, തൊഹോകു യൂണിവേഴ്സിറ്റി , ഒസാക്ക യൂണിവേഴ്സിറ്റി എന്നിവയാണ് ഇവയിൽ പ്രമുഖം.
ഇന്ത്യൻ സർവകലാശാലകളിലെ വിദ്യാർഥികൾ, ബിരുദ വിദ്യാർഥികൾ, ബിരുദം പൂർത്തിയാക്കിയവർ ( 3 വർഷത്തിനിടെ) എന്നിവർക്ക് സ്റ്റുഡന്‍റ് സ്റ്റാറ്റസ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബിരുദ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിച്ച് സിംഗിൾ എൻട്രി വിസയും ഹ്രസ്വകാലയളവിൽ താമസവും ലഭ്യമാകും എന്ന് ജാപ്പനീസ് എംബസി വ്യക്തമാക്കിയിട്ടുണ്ട്.