12 കോടി രൂപ പ്രതിഫലം, കോടികൾ വിലയുളള ആഡംബര വീടുകൾ; ഹിറ്റുകളും വിവാദങ്ങളുമായി നയൻസ്

2003 ൽ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുളള അരങ്ങേറ്റം.
Nayantara net worth assets and controversies
12 കോടി രൂപ പ്രതിഫലം, കോടികൾ വിലയുളള ആഡംബര വീടുകൾ; ഹിറ്റുകളും വിവാദങ്ങളുമായി നയൻസ്
Updated on

സൂപ്പര്‍താരങ്ങള്‍ അരങ്ങുവാഴുന്ന തെന്നിന്ത്യന്‍ സിനിമയില്‍ കഴിവും അര്‍പ്പണബോധവും കൊണ്ട് അവര്‍ക്കൊപ്പം സ്ഥാനം പിടിച്ച നടിയാണ് ‌ലേഡി സൂപ്പർസ്റ്റാർ നയൻതാര. നെറ്റ്ഫ്ലിക്സ് പുറത്തു വിടാൻ ഒരുങ്ങുന്ന വിവാഹ വീഡിയോ വൈകാൻ കാരണം ധനുഷാണെന്ന് ആരോപിച്ചു കൊണ്ടുള്ള തുറന്ന കത്തിലൂടെ വീണ്ടും വിവാദങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ് നയൻതാര. മലയാളിയായ നയന്‍താര വളരെ പെട്ടെന്നാണ് ദക്ഷിണേന്ത്യന്‍ സിനിമാലോകത്ത് വെന്നിക്കൊടി പാറിച്ചത്.

2003 ൽ മനസിനക്കരെ എന്ന മലയാള സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടേയായിരുന്നു നയന്‍താര അഭിനയരംഗത്തേക്ക് ആദ്യമായി കാലെടുത്ത് വെക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 80 ലേറെ സിനിമകളില്‍ നയന്‍താര വേഷമിട്ടിട്ടുണ്ട്. ഒരു സിനിമയ്ക്ക് 10 കോടി മുതല്‍ 12 കോടി വരെയാണ് നയന്‍താരയുടെ പ്രതിഫലം.

ആസ്തി 200 കോടി

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് നയന്‍താര. 200 കോടി രൂപയാണ് നയൻതാരയുടെ ആസ്തി. നാല് വീടുകളാണ് സ്വന്തമായുള്ളത്. ചെന്നൈയിലെ വീടിന് മാത്രം 100 കോടി രൂപ ചിലവ് വരും. നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും മക്കള്‍ക്കൊപ്പം മുംബൈയിലെ ആഡംബര ഫ്ലാറ്റിലാണ് താമസിക്കുന്നത്. സ്വകാര്യ സിനിമാ തിയേറ്ററുകൾ, നീന്തൽക്കുളം, ജിം എന്നിവയുൾപ്പെടെയുളളതാണ് ഫ്ലാറ്റ്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ നടിക്ക് രണ്ട് അപ്പാർട്ട്മെന്‍റുകളുണ്ട്. 30 കോടി രൂപയോളമാണ് അപ്പാർട്ട്മെന്‍റുകളുടെ മൂല്യം.

ആഡംബര കാറുകളും ജെറ്റും

നയൻതാരയ്ക്ക് 1.76 കോടി രൂപ വിലയുള്ള ആഡംബര കാറുകൾ ഉൾപ്പെടെ വാഹനങ്ങളുടെ ശ്രദ്ധേയമായ ഒരു നിര തന്നെയുണ്ട്. 50 കോടിയുടെ സ്വകാര്യ ജെറ്റ് വിമാനം സ്വന്തമാക്കിയ ഇന്ത്യയിലെ ചുരുക്കം ചിലരിൽ ഒരാളാണ് നടി. ശിൽപ്പാ ഷെട്ടി, പ്രിയങ്ക ചോപ്ര, മാധുരി ദീക്ഷിത് എന്നിവർക്കൊപ്പം ഈ നേട്ടം കൈവരിച്ച ഇന്ത്യയിലെ ചുരുക്കം ചില നടിമാരിൽ ഒരാളാണ് നയൻതാര.

വിഘ്നേഷുമായുളള വിവാഹവും വാടക ഗർഭധാരണവും

ചിമ്പു, പ്രഭുദേവ എന്നിവരുമായുള്ള പ്രണയബന്ധങ്ങളും നയൻതാരയെ വിവാദത്തിലാക്കിയിരുന്നു. ഒടുവിൽ പ്രണയ ഗോസിപ്പുകൾക്കും വിവാദങ്ങൾക്കും വിടനൽകി 2022 ൽ സംവിധായകൻ വിഘ്നേഷ് ശിവനുമായി താരത്തിന്‍റെ വിവാഹം നടന്നു. നീണ്ട ഏഴുവര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. വാടക ഗർഭധാരണത്തിലൂടെ ഉലകിനെയും ഉയിരിനെയും സ്വന്തമാക്കിയതും വിവാദങ്ങൾക്കിടയാക്കിയിരുന്നു.

ബിസിനസിൽ

സിനിമയിൽ മാത്രമല്ല ബിസിനസ്സിലും താരം വമ്പൻ ചുവടുവയ്പ്പാണ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ബിസിനസ് ടുഡേ മാഗസിൻ ബിസിനസ് ലോകത്തെ ശക്തരായ വനിതകളിൽ ഒരാളായി നയൻതാരയെ തെരഞ്ഞെടുത്തിരുന്നു. 2021 ൽ റൗഡി പിക്ചേഴ്സ് എന്ന നിർമാണ കമ്പനിയിലൂടെ കൂഴങ്കൽ എന്ന സിനിമ നയൻ‌താര നിർമിച്ചു. തുടർന്ന് പ്രമുഖ ഡെർമ്മറ്റോളജിസ്റ്റ് ഡോ. റെനിത രാജനോടൊപ്പം ചേർന്ന് ‘ ദ ലിപ്ബാം കമ്പനി’ നയൻ‌താര ആരംഭിച്ചു.

കൂടാതെ ഡെയ്സി മോർ​ഗൻ എന്ന സംരംഭകയോടൊപ്പം ചേർന്ന് സ്കിൻകെയർ ബ്രാൻഡ് നയൻതാര ആരംഭിച്ചു. നയൻ എന്ന പേര് കൂട്ടിച്ചേർത്ത് 9സ്കിൻ എന്ന പേരിലാണ് പ്രീമിയം ക്വാളിറ്റി സ്കിൻ കെയർ പ്രൊഡക്ട് ബ്രാന്‍റ് ആരംഭിച്ചത്. ബൂസ്റ്റർ ഓയിൽ, ആന്റി ഏജിം​ഗ് സെറം, ​ഗ്ലോ സെറം, നൈറ്റ് ക്രീം, ഡേ ക്രീം എന്നിവയാണ് 9 സ്കിൻ ഇതുവരെ പുറത്തിറക്കിയ ഉൽപ്പന്നങ്ങൾ. അതോടൊപ്പം ഡോ. ​ഗോമതിയുമായി സഹകരിച്ച് ഫെമി9 എന്ന പേരിൽ സാനിറ്ററി നാപ്കിൻ ബ്രാന്റും കഴിഞ്ഞ വർഷം ആരംഭിച്ചു. എക്കോ ഫ്രണ്ട്ലി ആയ നാപ്കിൻ കൂടിയാണിത്.

Trending

No stories found.

Latest News

No stories found.