കേരളം പഠിക്കാത്ത പാഠങ്ങൾ ഓർമിപ്പിച്ച് ഒരു സിനിമ

കേരളത്തെ നടുക്കിയ ദുരന്തത്തിന്‍റെ നേർസാക്ഷ്യം എന്നതിലുപരി, ഒരു തന്മയീഭാവം സൃഷ്ടിക്കുന്നതിലും, പ്രളയമുണ്ടായതെങ്ങനെയെന്നും എന്തുകൊണ്ടെന്നും പരിശോധിക്കാനും സിനിമയ്ക്കു സാധിക്കുന്നു
കേരളം പഠിക്കാത്ത പാഠങ്ങൾ ഓർമിപ്പിച്ച് ഒരു സിനിമ
Updated on

#അജയൻ

'ദ കേരള സ്റ്റോറി' എന്ന സിനിമ വിവാദങ്ങളിൽ മുങ്ങി നിൽക്കുകയും ചില സംസ്ഥാനങ്ങൾ പ്രദർശനം അനുവദിക്കാതിരിക്കുകയും ചിലർ ഔദ്യോഗികമായി തന്നെ നിരോധിക്കുകയും ചെയ്യുന്ന സമയത്താണ് അതിൽ നിന്നു തികച്ചും വ്യത്യസ്തമായൊരു കേരള സ്റ്റോറി പ്രതിപാദ്യ വിഷയമായ മറ്റൊരു സിനിമ വരുന്നത് - '2018-എവരിവൺ ഈസ് എ ഹീറോ'. കേരളത്തിൽനിന്നുള്ള കുറച്ച് സ്ത്രീകൾ ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരുന്നതിനെക്കുറിച്ചാണ് 'ദ കേരള സ്റ്റോറി' സംസാരിക്കുന്നതെങ്കിൽ, '2018' ദൃശ്യവത്കരിക്കുന്നത് 500 ജീവനുകൾ കവർന്നെടുക്കുകയും സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്ന് ഭാഗത്തെയും നേരിട്ട് ബാധിക്കുകയും ചെയ്ത 2018ലെ മഹാപ്രളയത്തെക്കുറിച്ചാണ്. പ്രതിസന്ധി ഘട്ടത്തിൽ മനുഷ്യർ എങ്ങനെ ഒരുമിച്ചു നിന്ന് ജീവനുകൾ രക്ഷിക്കുകയും സഹവർത്തിത്വത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തെന്ന് ഒരു പരിധി വരെ സിനിമയിൽ വിശദീകരിക്കുന്നു.

ദുരന്തത്തിന്‍റെ ചിത്രീകരണത്തിനപ്പുറത്തേക്ക് കടക്കുന്നുണ്ട് ഈ പ്രളയ സിനിമ. ഏതു സമയത്തും ആവർത്തിക്കാവുന്ന സമാനമായൊരു ദുരന്തത്തെ നേരിടാൻ നമ്മൾ എത്രമാത്രം സജ്ജരാണെന്ന ചോദ്യം പോലും ഉയർത്തുന്നുണ്ട്. 2018നു ശേഷമുണ്ടായ മൺസൂണും അന്നത്തെയത്ര മാരകമായില്ലെങ്കിലും വിനാശകാരി തന്നെയായിരുന്നു.

അതിഭാവുകത്വങ്ങൾ മാറ്റിവച്ചാൽ, സിനിമയുടെ സാങ്കേതിക നിലവാരവും വിഷ്വൽ എഫക്റ്റ്സും - പ്രത്യേകിച്ച് കടൽ ദൃശ്യങ്ങളുടേത് - ഉയർന്ന തലത്തിൽ തന്നെ നിൽക്കുന്നു. ജനങ്ങൾ അനുഭവിച്ച കഷ്ടതകൾ പൂർണമായി സ്ക്രീനിലെത്തിക്കാൻ സിനിമയ്ക്കു കഴിഞ്ഞിട്ടില്ലായിരിക്കാം. പക്ഷേ, ആസ്വാദക മനസുകളിൽ ഒരു തന്മയീഭാവം സൃഷ്ടിച്ചെടുക്കുന്നതിൽ വിജയം കാണുന്നുണ്ട്. അവർ ഓരോരുത്തരെയും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധിച്ച ദുരന്തമായിരുന്നല്ലോ 2018ലേത്. പല തിയെറ്ററുകളിലും സിനിമ കഴിയുമ്പോൾ ആളുകൾ എഴുന്നേറ്റു നിന്നു കൈയടിക്കാനുള്ള കാരണങ്ങളിലൊന്ന് ഇതാണ്.

2018ലെ സാഹചര്യങ്ങൾ ഇന്നും അതേപടി തുടരുന്നു എന്നതാണ് സിനിമയെ സാമൂഹികമായി പ്രസക്തമാക്കുന്നത്. വാഗ്ദാനം ചെയ്യപ്പെട്ട നഷ്ടപരിഹാരം പലർക്കും ലഭിച്ചിട്ടില്ല; പലരും ദുരിതാശ്വാസ ഫണ്ടുകൾ തട്ടിച്ചെടുത്തു. 'റീബിൽഡ് കേരള' പദ്ധതി ഗംഭീരമായ സ്വാധീനമൊന്നുണ്ടാക്കിയെന്നു പറയാനാവില്ല. 2019ലുണ്ടായ പ്രളയത്തിൽ 48 പേരും തൊട്ടടുത്ത വർഷത്തേതിൽ 74 പേരും മരിച്ചു. തുടർന്നുള്ള വർഷങ്ങൾ വിനാശകാരികളായ മണ്ണിടിച്ചിലുകൾക്കാണ് സാക്ഷ്യം വഹിച്ചത്.

സിനിമയ്ക്കപ്പുറം അതിലെ സന്ദേശം വ്യക്തവും ലളിതവുമാണ്. പ്രവചനാതീതവും സംഘർഷഭരിതവുമായൊരു ഭൂഭാഗമായി മാറിക്കഴിഞ്ഞ കേരളം ഒട്ടും സുരക്ഷിതമല്ലാതായിരിക്കുന്നു. വ്യാപകമായി നദികൾ കൈയേറുന്നതും, ഇടാനടിനെയും മലനാടിനെയും ഇടിച്ചുനിരത്തിക്കൊണ്ട് നിയന്ത്രണമില്ലാത്ത പാറ പൊട്ടിക്കുന്നതും, വലിയ അളവിൽ വെള്ളം ആഗിരണം ചെയ്ത് പ്രളയം തടഞ്ഞു നിർത്തിയിരുന്ന ചതുപ്പു നിലങ്ങൾ നികത്തുന്നതുമെല്ലാം സിനിമയിലെ പ്രളയം എന്ന ആശയത്തിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.

അതിവർഷം മാത്രമല്ല 2018ലെ ദുരന്തത്തിനു കാരണമായത്. 'മനുഷ്യനിർമിത ദുരന്തം' എന്നാണ് മാധവ് ഗാഡ്ഗിൽ അന്നത്തെ പ്രളയത്തെ വിശേഷിപ്പിച്ചത്. സംസ്ഥാനത്തെ 54 അണക്കെട്ടുകളിൽ 35 എണ്ണവും ഒറ്റയടിക്കു തുറന്നുവിടുകയായിരുന്നു. അതിനകം ചുരുങ്ങിപ്പോയിരുന്ന നദികൾ പെട്ടെന്നുണ്ടായ ഈ ജലപ്രവാഹം കാരണം ഗതിമാറിയൊഴുകി. അതു സംസ്ഥാനത്തെയാകെ മുക്കിക്കളയുകയും ചെയ്തു. ഈ ദുരന്തത്തിനു ശേഷവും അണക്കെട്ടുകളിലെ മണ്ണും ചെളിയും നീക്കി ജലസംഭരണ ശേഷി വർധിപ്പിക്കാനുള്ള ഒരു നടപടിയുമുണ്ടായിട്ടില്ല.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ സർക്കാർ സംവിധാനത്തിന്‍റെ പങ്ക് അവഗണിച്ചു എന്നതാണ് സമൂഹ മാധ്യമങ്ങളിൽ സിനിമയെക്കുറിച്ച് ഏറ്റവും ഉച്ചത്തിൽ കേൾക്കുന്ന വിമർശനം. എന്നാൽ, സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും ആഹ്വാനമോ വാഗ്ദാനമോ കൂടാതെ, സ്വമേധയാ ഇറങ്ങിത്തിരിച്ച യുവാക്കളും മത്സ്യത്തൊഴിലാളികളും തന്നെയാണ് ശ്രേഷ്ഠമായ ആ പ്രവർത്തനം അസൂയാവഹമാം വിധം ചെയ്തത് എന്നതാണു വസ്തുത. തിയെറ്ററുകളിൽ നിന്നിറങ്ങുന്ന പ്രേക്ഷകരുടെ മനസിൽ ഒരു കുറ്റബോധമോ മനഃസാക്ഷിക്കുത്തോ നാമ്പിടുന്നുണ്ടാവും; ഒപ്പം, പിഴ് പറ്റിയിട്ടുണ്ടെന്നു അതു തിരുത്തേണ്ടതാണെന്നുമുള്ള തിരിച്ചറിവും. സത്യസന്ധമായ ചിത്രീകരണവും ഐക്യത്തിന്‍റെ സന്ദേശവും വ്യക്തമാണ്, സിനിമയുടെ അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാൻ വകയുണ്ട്.

Trending

No stories found.

Latest News

No stories found.