ആവേശത്തിന്‍റെ ആള്‍രൂപം: ജയന്‍ ഓര്‍മയായിട്ട് 43 വര്‍ഷം
അനൂപ് മോഹൻ
1980 നവംബര്‍ 16. ഞായറാഴ്ച
മദ്രാസില്‍ ഞായറാഴ്ചയുടെ ആലസ്യങ്ങളിലേക്കു വെളിച്ചം വീഴുമ്പോഴും മഴയൊടുങ്ങിയിട്ടുണ്ടായിരുന്നില്ല. തലേന്നു തുടങ്ങിയ മഴയാണ്. ഒടുവില്‍ രാവിലെ 9 മണിയോടെ മഴ നിന്നു. അരമണിക്കൂറിനകം വെയിലും വന്നു. അതുവരെ അനിശ്ചിതത്വത്തിലായിരുന്ന ക്ലൈമാക്‌സ് ഷൂട്ടിങ് നടത്താമെന്നു തന്നെ തീരുമാനിച്ചു. ഹോട്ടല്‍ പാംഗ്രോവില്‍ നിന്നു സിനിമാസംഘം പുറപ്പെട്ടു, ഷോളാവാരത്തെ ലൊക്കേഷനിലേക്ക്. അതായിരുന്നു നടന്‍ ജയന്‍റെ ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള അവസാനയാത്ര.
രണ്ടാം ലോകമഹായുദ്ധകാലത്ത് വാര്‍ഗ്രൗണ്ടായി ഉപയോഗിച്ചിരുന്ന ഷോളാവാരത്തെ എയര്‍ഗ്രൗണ്ടിലായിരുന്നു കോളിളക്കത്തിന്‍റെ ക്ലൈമാക്‌സ് ചിത്രീകരണം നിശ്ചയിച്ചിരുന്നത്. നടന്‍ സുകുമാരന്‍ ഓടിക്കുന്ന ബൈക്കിനു പിന്നില്‍ നിന്ന് ജയന്‍ ഹെലികോപ്റ്ററില്‍ എത്തിപ്പിടിക്കുന്ന രംഗം. ആദ്യ ടേക്ക് തന്നെ ഓക്കെ ആയെങ്കിലും, ജയന്‍റെ ആവശ്യപ്രകാരം രണ്ടാമതൊരു ടേക്കിനു കൂടി മുതിര്‍ന്നു സംവിധായകന്‍ പി.എന്‍. സുന്ദരം. റീടേക്കില്‍ ഹെലികോപ്റ്ററിന്‍റെ ലാന്‍ഡിങ് ലെഗ്ഗില്‍ പിടിച്ചു കയറുമ്പോള്‍ നിയന്ത്രണം വിട്ടു. താഴേക്കു പതിച്ച ഹെലികോപ്റ്റിന്‍റെ പങ്ക ജയന്‍റെ തലയിലിടിച്ചു. ജയന്‍റെ തലയില്‍ നിന്നു രക്തമൊലിക്കുന്നു. നേരെ ആശുപത്രിയിലേക്ക്. മഴ കാരണം തടസമുണ്ടായ വഴികളിലൂടെ ഏറെ വൈകി ആശുപത്രിയില്‍. തിരക്കഥയുടെ ക്ലൈമാക്‌സിലെ വിധിയുടെ തിരുത്ത് അംഗീകരിച്ച് ജയന്‍ മടങ്ങിപ്പോയിരുന്നു. ജീവിതത്തില്‍ റീടേക്കുകളില്ല. സഹപ്രവര്‍ത്തകര്‍ക്കും മലയാളികള്‍ക്കും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നടുക്കത്തിന്‍റെ മണിക്കൂറുകളായിരുന്നു പിന്നീടങ്ങോട്ട്.
ആവേശത്തിന്‍റെ മൂന്നക്ഷരം
അഭ്രപാളിയില്‍ അഭിനയത്തിന്‍റെ ആവേശക്കാലം ഒരുക്കിയ നടന്‍. മൂന്നക്ഷരപ്പേരിന്‍റെ പ്രതിധ്വനിയില്‍ മനസില്‍ ആവേശത്തിന്‍റെ തിരകള്‍.
''വാട്ട് ഡിഡ് യു സേ, ബെഗേഴ്സ്....''
ഡയലോഗുകൾക്കൊടുവിൽ കൈയടിക്കാന്‍ കാത്തുനിന്ന തലമുറകള്‍. അഭ്രപാളിയിലെ പൗരുഷത്തിന്‍റെ അനിഷേധ്യമായ അവസാനവാക്ക്, ജയന്‍. സിനിമയെ പ്രണയിച്ച തലമുറകളുടെ മനസിലേക്ക് ഒരു ഹെലികോപ്റ്ററിന്‍റെ ശബ്ദം ഉള്‍ക്കിടിലത്തോടെ ഇരമ്പിയാര്‍ത്തെത്തുകയാണ് നവംബറില്‍. മലയാള സിനിമയില്‍ അഭിനയത്തിന്‍റെ അനുപല്ലവി ഇടറി ജയന്‍ വിടവാങ്ങിയിട്ട് 43 വര്‍ഷം തികയുന്നു.
ജയന്‍റെ കഥകള്‍ക്ക് എന്നും അതിഭാവുകത്വത്തിന്‍റെ അംശമുണ്ടായിരുന്നു. ചിലപ്പോള്‍ കഥകള്‍ പകര്‍ന്നു നല്‍കുന്നവരുടെ കൂട്ടിച്ചേര്‍ക്കലുകള്‍. എന്നാലും പൂര്‍ണതയ്ക്കു കൊതിച്ച ക്ലൈമാക്സിലെ ദുരന്തനായകന്‍റെ സവിശേഷതകളോടു ചേര്‍ന്നു നിന്നു എല്ലാ അതിഭാവുകത്വങ്ങളും. അപകടകരമായ രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ ചെയ്യുന്ന ആവേശം. അത്ഭുതം ജനിപ്പിക്കുന്ന സ്റ്റണ്ട് സീനുകള്‍. ഒരു പക്ഷേ, ജയന്‍ അങ്ങനെ ചെയ്യാനിടയുണ്ടെന്ന സാധ്യതയുടെ വാതില്‍ എപ്പോഴും തുറന്നിട്ടു ആരാധകര്‍. അതുകൊണ്ടു തന്നെ എക്കാലത്തും ജയന്‍ എന്ന നടനെക്കുറിച്ചു കഥകളുണ്ടായി. ഓരോ വര്‍ഷവും മാധ്യമങ്ങളും അന്വേഷിച്ചു ജയനെക്കുറിച്ചു പുതിയതെന്തെങ്കിലും.
ആദ്യ ഷോട്ട് കൊച്ചിയില്‍
തൊണ്ണൂറുകളുടെ ഒടുവില്‍ ജയന്‍റെ ഓര്‍മകള്‍ വീണ്ടും സജീവമായ കാലമായിരുന്നു. ക്യാംപസിന്‍റെ കരിയിലകള്‍ക്കിടയില്‍ ബെല്‍ബോട്ടം പാന്‍റിന്‍റെ വിശാലത വീണ്ടും വിരുന്നിനെത്തി. ബഹുവര്‍ണ ഷര്‍ട്ടുകളുടെ തിരിച്ചുവരവ്. ജയനോത്സവങ്ങള്‍ നിറഞ്ഞു നിന്ന നവംബര്‍ പതിനാറ്. വായുവില്‍ ഇരുവശത്തേക്കും കൈകള്‍ നീട്ടി, കീഴ്ച്ചുണ്ടു നനച്ച് ജയനാകാന്‍ ശ്രമിച്ച എത്രയോ പേര്‍. ഫിലിം ഫെസ്റ്റിവലിന്‍റെ നിശബ്ദത നിറഞ്ഞ ക്ലാസ്മുറികളിലെ പൊട്ടിപ്പൊളിഞ്ഞ ചുവരില്‍ ജയന്‍ സിനിമകള്‍ വീണ്ടുമെത്തി... കരിമ്പന, അങ്ങാടി, ശരപഞ്ജരം. യുവത്വം ആഘോഷിക്കുകയായിരുന്നു അദൃശ്യമായ ആ താരസാന്നിധ്യത്തെ. അപ്പോള്‍, ജയന്‍റെ സിനിമകളെ യൗവ്വനത്തില്‍ കണ്ട ഒരു തലമുറ ആ തിരിച്ചുവരവ് നിശബ്ദമായി ആഘോഷിക്കുന്നുണ്ടായിരുന്നു.
കൊച്ചിയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു ജയന്. കൊച്ചിന്‍ ടൂറിസറ്റ് ഹോമായിരുന്നു ജയന്‍റെ സ്ഥിരം താവളം. 1972 മുതല്‍ കൊച്ചിന്‍റെ ടൂറിസ്റ്റ് ഹോമിലെ റൂം നമ്പര്‍ 33 ആയിരുന്നു ജയന്‍റെ മുറി. മദ്രാസിലെത്തിയാല്‍ ഹോട്ടല്‍ പാംഗ്രോവിലെ ഡീലക്സ് റൂം നമ്പര്‍ 505. മരിക്കുന്നതിനു നാളുകള്‍ക്കു മുമ്പു തന്നെ രണ്ടു ഹോട്ടലിലേയും വാടക പൂര്‍ണ്ണമായും കൊടുത്തു തീര്‍ത്തിരുന്നു. കൊച്ചിയിലെ ഒരു ഹോട്ടലിനു കൂടി ജയന്‍റെ സിനിമാജീവിതത്തില്‍ സ്ഥാനമുണ്ട്. എംജി റോഡിലെ ഹോട്ടല്‍ ദ്വാരക. ജേസി സംവിധാനം ചെയ്ത ജയന്‍റെ ആദ്യ സിനിമയായ ശാപമോക്ഷത്തിലെ ആദ്യ ഷോട്ട് അവിടെയായിരുന്നു.
ആദ്യത്തെ രാത്രിയെ വരവേല്‍ക്കാന്‍ കാര്‍ത്തിക വിളക്ക് ഒരുങ്ങി.... ജയന്‍ പാടി അഭിനയിച്ച രംഗം. അഭ്രപാളിയില്‍ വേദിയിലിരിക്കുന്ന കെ പി ഉമ്മറിനും ഷീലയ്ക്കും അരികില്‍, സുമുഖനായ ജയന്‍. പിന്നീടങ്ങോട്ടു വസന്തം വിരിയിച്ച സിനിമാജീവിതത്തിന്‍റെ തുടക്കം. ആദ്യ സിനിമ ശാപമോക്ഷത്തിനു മുമ്പേ ജയന്‍ സിനിമയില്‍ അഭിനയിച്ചിരുന്നു. നടന്‍ രവികുമാറിന്‍റെ അച്ഛന്‍ നിര്‍മ്മിച്ച് രവികുമാറും വിധുബാലയും നായികാനായികന്മാരായ ചിത്രം. അതില്‍ ജയന്‍റെ വേഷം ഡ്രാക്കുളയുടേതായിരുന്നു. എന്നാല്‍ ആ സിനിമയുടെ ചിത്രീകരണം പാതിവഴിക്കു മുടങ്ങി.
ജാവ നായര്‍
സിനിമയിലെത്തും മുമ്പേ നേവി ഉദ്യോഗസ്ഥന്‍ കൃഷ്ണന്‍ നായരായി ജയന്‍ കൊച്ചിയിലുണ്ടായിരുന്നു. അക്കാലത്തു മറ്റൊരു പേരു കൂടി അദ്ദേഹത്തിനുണ്ടായിരുന്നു, ജാവ നായര്‍. കൊച്ചിയുടെ തെരുവുകളിലൂടെ ജാവ ബൈക്കില്‍ ചീറിപ്പായുന്ന കൃഷ്ണന്‍ നായര്‍ക്ക് ആരോ നല്‍കിയ പേര്. അക്കാലത്തു ജാവ സ്വന്തമായുണ്ടായിരുന്നു ചുരുക്കം ചിലരിലൊരാളായിരുന്നു ജയന്‍. ഭാരമേറിയ ആ ബൈക്ക് സെന്‍റർ സ്റ്റാൻഡിലേക്ക് വലിച്ചു കയറ്റാൻ അദ്ദേഹത്തിന് അതിൽ നിന്നിറങ്ങേണ്ട കാര്യം പോലുമില്ലായിരുന്നത്രെ!
പിന്നീടു സിനിമയിലെത്തിയപ്പോള്‍ ഒരു ഫിയറ്റ് കാര്‍ സ്വന്തമാക്കി, കെആര്‍ഇ 334. കേരളത്തില്‍ നിന്നു ചെന്നൈയിലേക്ക് ഈ ഫിയറ്റിലായിരുന്നു പലപ്പോഴും യാത്ര. അറിയപ്പെടുന്ന നടനായപ്പോഴും തിരക്കേറിയ തെരുവുകളിലൂടെ ബുള്ളറ്റില്‍ പായുമായിരുന്നു അദ്ദേഹം.
അഭ്രപാളിയില്‍ ആറു വര്‍ഷം
ആ അപകടം നടന്നിയടത്തെ മണ്ണ് വാരി പല ആരാധകരും വര്‍ഷങ്ങളോളം സൂക്ഷിച്ചിരുന്നു. ഒരിക്കലൊരു അഭിമുഖത്തില്‍ നടി സീമ പറഞ്ഞതോര്‍ക്കുന്നു, ഓര്‍മയുണ്ടോ എന്നു ചോദിക്കരുത്, കാരണം ജയേട്ടനെ മറന്നിട്ടില്ല. ആറു വര്‍ഷം മാത്രം അഭ്രപാളിയില്‍ നിറഞ്ഞു നിന്ന ജയന്‍ നല്ല സ്മരണകള്‍ തുളുമ്പുന്ന സൗഹൃദം അവശേഷിപ്പിച്ചാണ് മടങ്ങിയത്. ഒരു തലമുറയ്ക്കായി ജയന്‍ അവശേഷിപ്പിച്ച എത്രയോ ഇമേജുകള്‍, സംഭാഷണങ്ങള്‍. കുതിരയെ എണ്ണയിട്ടു മിനുക്കുന്നത്..., ചുണ്ടിലൊരു കള്ളച്ചിരിയുമായി താക്കോല്‍ക്കൂട്ടം കറക്കുന്നത്..., ഒരുപാടു സംഭാഷണങ്ങള്‍. കുട്ടികളുടെ കളിപ്പാട്ടമല്ല, സുക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ ചോര വരും..., ഇതു പൊലീസ് സ്റ്റേഷനാണ്, നിന്‍റെ ബാപ്പയുടെ വീടല്ല... ഇനിയും ഓര്‍മ്മയില്‍ നിന്നു മാഞ്ഞിട്ടില്ല ഓരോ രംഗവും.
കരിമ്പനയിലെ മുത്തന്‍, മാക്കത്തിലെ ഉണ്ണിക്കുറുപ്പ്, അങ്ങാടിയിലെ ബാബു, മീനിലെ രാജന്‍, തച്ചോളി അമ്പുവിലെ ബാപ്പു, അന്തപുരത്തിലെ വാസു... അങ്ങനെ എത്രയോ കഥാപാത്രങ്ങള്‍. ജീവിച്ചിരുന്നെങ്കില്‍ എണ്‍പത്തിമൂന്ന് വയസുണ്ടാകുമായിരുന്നു ജയനിപ്പോൾ. എന്നാല്‍, മലയാളിക്കൊരിക്കലും ജയനെ വൃദ്ധനായി സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഒരു സെമി വില്ലന്‍ ഭാവത്തോടെ, ചുണ്ടിലൊരു കുസൃതിച്ചിരിയൊളിപ്പിച്ച്, കൈയില്‍ താക്കോല്‍ക്കൂട്ടവും കറക്കി... തലമുറകളുടെ മനസില്‍ യൗവനത്തില്‍ നിന്നും, സ്മരണകളില്‍ നിന്നും തിരികെയിറങ്ങാത്ത സാന്നിധ്യമായി ജയന്‍ ശേഷിക്കുക തന്നെ ചെയ്യും.