എൺപത്തിരണ്ടാം വയസ്സിൽ വീണ്ടും അച്ഛനാകാനൊരുങ്ങി അൽ പച്ചീനോ

29 കാരിയായ കാമുകി നൂർ അഫല്ലാഹ് എട്ട് മാസം ഗർഭിണിയാണ്.
എൺപത്തിരണ്ടാം വയസ്സിൽ വീണ്ടും അച്ഛനാകാനൊരുങ്ങി അൽ പച്ചീനോ
Updated on

ലോസ് ആഞ്ചലസ്: എൺപത്തിരണ്ടാം വയസ്സിൽ ഒരു കുഞ്ഞിന്‍റെ കൂടി അച്ഛനാകാനൊരുങ്ങി അമെരിക്കൻ താരം അൽ പച്ചീനോ. അൽ പച്ചീനോയുടെ 29 കാരിയായ കാമുകി നൂർ അഫല്ലാഹ് എട്ട് മാസം ഗർഭിണിയാണെന്നാണ് വാർത്ത താരത്തിന്‍റെ വക്താവ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ആഴ്ചകൾക്കുള്ളിൽ നൂർ കുഞ്ഞിന് ജന്മം നൽ‌കുമെന്നാണ് പ്രതീക്ഷ.

മറ്റു രണ്ടു ഭാര്യമാരിലായി മൂന്നു കുട്ടികളുടെ അച്ഛനാണ് അൽ പച്ചീനോ. ബെവേളി ഡി ആൽഗ്ലോയിൽ പിറന്ന ഇരട്ടക്കുട്ടികളായ ആന്‍റണിനും ഒലിവിയയ്ക്കും 22 വയസ് പൂർത്തിയായി. മറ്റൊരു ഭാര്യയായ ജാൻ ടാറന്‍റിൽ പിറന്ന മകൾ ജൂലീ മാരിയയ്ക്ക് ഇപ്പോൾ 33 വയസ്സാണ് പ്രായം.

കഴിഞ്ഞ ഏപ്രിലിലാണ് നൂറും അൽ പാച്ചീനോയും പ്രണയത്തിലായത്. മിക് ജാഗ്ഗർ, കോടീശ്വരനായ നികോളാസ് ബെർഗ്രുവൻ എന്നിവരുമായുള്ള പ്രണയം തകർന്നതിനു പുറകേയാണ് നൂർ അൽ പച്ചീനോയെ പരിചയപ്പെടുന്നത്. ഇരുവരും വാർത്തകളോട് ഇതു വരെ പ്രതികരിച്ചിട്ടില്ല. ബെവേലി ഹിൽസിൽ നിന്നുള്ള നൂർ നിർമാതാവാണ്.

ഇരുപതാം നൂറ്റാണ്ടിൽ പ്രേക്ഷകരെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള താരമെന്നാണ് അൽ പച്ചീനോയെ വിശേഷിപ്പിക്കാറുള്ളത്. ഓസ്കർ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ അൽ പച്ചീനോയ്ക്ക് ലഭിച്ചിട്ടുണ്ട്. ദി ഗോഡ്ഫാദർ സീരീസ്, സെർപിക്കോ, ദി ഡെവിൾസ് അഡ്വക്കേറ്റ്, ഇൻസോംനിയ, ദി ഇൻസൈഡർ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് അൽ പച്ചീനോ.

Trending

No stories found.

Latest News

No stories found.