തിരുവനന്തപുരം: ട്വിസ്റ്റുകളും സസ്പെൻസും ട്രാജഡിയും ഒക്കെ നിറഞ്ഞ ഒരു സിനിമാക്കഥപോലെയായിരുന്നു ടി.പി. മാധവനെന്ന നടന്‍റെ ജീവിതം. കാര്യസ്ഥനായി, അച്ഛനായി, അമ്മാവനായി, മാനെജരായി, ഗുമസ്ഥനായി അങ്ങനെ വേറിട്ട വേഷങ്ങളിൽ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമായി പ്രേക്ഷകർക്കു മുന്നിലെത്തി.
അരങ്ങിൽ ആടിത്തിമിർക്കുന്നതിനിടയിൽ ഇടയിലെപ്പോഴോ ഇടറിപ്പോയി. പിന്നെ ഏറെക്കാലം പുനരധിവാസ കേന്ദ്രത്തിൽ നടന്‍റെ വേഷപ്പകർച്ചയോ ആഡംബരങ്ങളോ ഇല്ലാത്ത ജീവിതം. ഒടുവിൽ ഓർമകൾ നഷ്ടപ്പെട്ട് രണ്ട് ആഗ്രഹങ്ങൾ ബാക്കിയാക്കി ഭൂമിയിൽ നിന്നുള്ള മടക്കം. രണ്ട് പ്രധാന ആഗ്രഹങ്ങള്‍ ബാക്കിയാണ് ടി.പി. മാധവന്‍ യാത്രയായതെന്നു പത്തനാപുരം ഗാന്ധിഭവൻ സ്ഥാപക സെക്രട്ടറി പുനലൂർ സോമരാജൻ അനുസ്മരിക്കുന്നു. മകനെ ഒന്നു കാണണമെന്നതായിരുന്നു ആദ്യത്തേത്. മോഹന്‍ലാലിനെ കാണണമെന്നതായിരുന്നു മറ്റൊന്ന്. ഈ ആഗ്രഹം പലപ്പോഴും പറയുകയും ഗാന്ധി ഭവന്‍ അധികൃതര്‍ അതിനായി ശ്രമിക്കുകയും ചെയ്‌തെങ്കിലും അത് സാധ്യമായില്ലെന്നും സോമരാജൻ.
സിനിമയിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ആശ്രമ ജീവിതം ആഗ്രഹിച്ച് ഹരിദ്വാറിലേക്ക് പോയ ടി.പി. മാധവന് അവിടെവച്ച് പക്ഷാഘാതം സംഭവിക്കുകയും ഹരിദ്വാറിലെ സന്ന്യാസിമാരും മറ്റും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സിക്കുകയും ഏകദേശം നടക്കാമെന്നായപ്പോള്‍ അവര്‍ ചേര്‍ന്ന് തിരികെ നാട്ടിലേക്ക് അയയ്ക്കുകയുമായിരുന്നു. തിരുവനന്തപുരത്തെത്തി ഒരു ലോഡ്ജ് മുറിയില്‍ ദുരിതപൂര്‍ണമായ ജീവിതം നയിച്ചുവന്ന അദ്ദേഹം ഒടുവില്‍ ഗാന്ധി ഭവനിലേക്ക് എത്തുകയായിരുന്നു. 2016 ഫെബ്രുവരി 28 നാണ് ഗാന്ധിഭവനിലെത്തുന്നത്.
ഗാന്ധി ഭവനില്‍ ഏറെക്കാലത്തെ ചികിത്സയ്ക്കു ശേഷം ആരോഗ്യം വീണ്ടെടുത്തു. സിനിമയിലെ തിരക്കുകളില്‍ നിന്നും അകന്നെങ്കിലും ഗാന്ധി ഭവനുമായി ബന്ധപ്പെട്ടുള്ള നിരവധി വേദികളില്‍ സജീവമായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിരവധി പൊതു പരിപാടികളില്‍ പങ്കെടുത്തു. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന മാധവൻ ഗാന്ധി ഭവന്‍ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂര്‍ സോമരാജന്‍റെ യാത്രകളിൽ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ എപ്പോഴും പങ്കുചേരുമായിരുന്നു. ഗാന്ധി ഭവനിലെ കുട്ടികള്‍ക്കും മറ്റ് അന്തേവാസികള്‍ക്കുമൊപ്പം സമയം ചിലവിടുന്നതായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുണ്ടായിരുന്നത്. കുടുംബാംഗങ്ങളോ സ്വന്തം മക്കളോ പോലും സഹായത്തിനില്ലാത്ത ആ മനുഷ്യനെ ജീവിതത്തിൽ പിടിച്ച് എഴുന്നേൽപ്പിച്ചത് അദ്ദേഹത്തെ സ്നേഹിക്കുന്ന ഗാന്ധി ഭവനിലെ ഒരുപിടി നല്ല മനുഷ്യരാണ്. ഒരിക്കൽ ഏറെ കാണാൻ ആഗ്രഹിച്ചവരെയും ഉറ്റവരെയും ഓർത്തെടുക്കാൻ കഴിയാതെ, വേദനിപ്പിക്കുന്ന ഓർമകളൊന്നും അലോസരപ്പെടുത്താതെയായിരുന്നു ടി.പി. മാധവന്‍റെ അവസാന കാല ജീവിതം. ഒരിക്കൽ മോഹൻലാലിന്‍റെയും മമ്മൂട്ടിയുടെയും സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്ന നടൻ ടി.പി. മാധവന് അവസാന നാളുകളിൽ ഓർമകൾ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
അറുനൂറിലധികം സിനിമകളിൽ അഭിനയിച്ച നടന് വെള്ളിത്തിരയിലെ ഫ്ലാഷ് ബാക്ക് പോലെ പഴയ ജീവിതമൊന്നും ഓർത്തെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. . അറുനൂറോളം സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തെ കാണാൻ കുടുംബാംഗങ്ങളാരും ഗാന്ധി ഭവനിൽ എത്താറില്ലായിരുന്നു.
പത്തനാപുരത്തിന്‍റെ എംഎൽഎ കൂടിയായ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ ഇടയ്ക്കിടെ അദ്ദേഹത്തെ സന്ദർശിക്കുകയും ആരോഗ്യവിവരങ്ങൾ തിരക്കുകയും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു. ഗാന്ധി ഭവനിൽ അദ്ദേഹത്തെ കാണാൻ സുരേഷ് ഗോപി, ജയരാജ് വാര്യർ, നടി ചിപ്പി, ഭർത്താവും നിർമാതാവുമായ എം. രഞ്ജിത്, മധുപാൽ, ഗണേഷ് കുമാർ തുടങ്ങി ചുരുക്കം ചില സഹപ്രവർത്തകർ മാത്രമാണ് എത്തിയിരുന്നത്. "സഹപ്രവർത്തകരെ ഒക്കെ പ്രതീക്ഷിക്കുന്നു, പക്ഷേ അവർക്കൊന്നും ഇങ്ങോട്ടു പോകാനുള്ള സമയവും വഴിയുമില്ല, റോഡുകളൊക്കെ ചീത്തയായി ഇരിക്കുകയല്ലേ, ഞാൻ എങ്ങും പോകുന്നില്ല ' എന്നൊക്കെയാ ഓർമകൾ നഷ്ടപ്പെട്ട അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഗാന്ധി ഭവനിലെ പ്രധാന ഓഫിസിനു മുകളിലുള്ള മുറിയാണ് ടി.പി. മാധവനു താമസിക്കാൻ നൽകിയിരുന്നത്. അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളും മറ്റും ആ മുറിയിലെ ഷോകേസിൽ വച്ചിരുന്നു.
സിനിമ വിട്ട് ഹരിദ്വാറിൽ തീർഥാടനത്തിന് പോയ ടി.പി. മാധവൻ അവിടെ തമാസസ്ഥലത്തു കുഴഞ്ഞു വീഴുകയായിരുന്നു. ചില സന്യാസിമാരാണ് ആശുപത്രിയിലെത്തിച്ചതും സുഖമായപ്പോൾ തിരുവനന്തപുരത്തേക്ക് വണ്ടി കയറ്റി അയച്ചതും. തിരുവനന്തപുരത്തെത്തിയ അദ്ദേഹം ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ പ്രസാദ് അദ്ദേഹത്തെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തി ആരോഗ്യം മെച്ചപ്പെട്ട ശേഷം അദ്ദേഹം ഒന്നുരണ്ടു സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിരുന്നു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു. ചികിത്സിക്കാന്‍ ഡോക്ടറെയും ഏര്‍പ്പെടുത്തി.
ഗാന്ധിഭവനിലെ ജീവിതം മാധവൻ ഏറെ ആസ്വദിച്ചിരുന്നു. വായിക്കാൻ പുസ്തകങ്ങളും സംസാരിക്കാൻ സുഹൃത്തുക്കളെയും ലഭിച്ചതോടെ അദ്ദേഹം വീണ്ടും ഊർജ്ജ്വസ്വലനായി. ആരോഗ്യം മോശമാകും വരെ ഗാന്ധിഭവന്‍റെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. ഏകദേശം 30 വർഷത്തോളമായി ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു അദ്ദേഹം. ഇത്രയും സംഭവവികാസങ്ങൾ അദ്ദേഹത്തിന്‍റെ ജീവിതത്തിലുണ്ടായിട്ടും അവരാരും അദ്ദേഹത്തെ തിരഞ്ഞു വന്നില്ല. ഒരു മകനും മകളുമാണ് മാധവന്. മാധവന്‍റെ മകൻ ഇപ്പോള്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ്. അക്ഷയ് കുമാര്‍ നായകനായി എത്തിയ എയര്‍ ലിഫ്റ്റ് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ രാജകൃഷ്ണ മേനോന്‍. മാധ്യമപ്രവർത്തകനായി തുടങ്ങി സിനിമാ നടനിലെത്തിയപ്പോഴും പഴയ സൗഹൃദങ്ങളെ മറക്കാനോ കലഹിക്കാനോ ടി.പി. മാധവൻ തയാറായില്ലെന്നു പഴയ സുഹൃത്തുക്കൾ ഓർക്കുന്നു, ഒടുവിൽ ഓർമകളോട് കലഹിച്ച് മടങ്ങുമ്പോഴും.