Actress Manju and Simi have stopped vlogging
മഞ്ജു പത്രോസ്, സിമി ബാബു instagram

'ചെലവാക്കാൻ കാശില്ല'; വ്ളോഗിങ് അവസാനിപ്പിച്ചതായി നടി മഞ്ജു പത്രോസും സിമിയും

കൊറോണ സമയത്ത് വീട്ടിലിരുന്ന് ഒന്നും ചെയ്യാനില്ലെന്ന് തോന്നിയപ്പോള്‍ ആരംഭിച്ചത് വ്ളോഗിങ്.
Published on

റിയാലിറ്റി ഷോയിലൂടെയും സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായവരാണ് നടി മഞ്ജു പത്രോസും സിമി ബാബുവും. റിയാലിറ്റി ഷോകൾക്ക് ശേഷം ഇരുവരും വ്ളോഗിങ് ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ വ്ളോഗിങ് അവസാനിപ്പിച്ചതായുളള വാർത്തയാണ് മഞ്ജുവും സിമിയും പുറത്ത് വിട്ടിരിക്കുന്നത്. അഭിനയത്തിലും ബിസിനസിലും തിരക്കായതിനാലാണ് വ്ളോഗിങ് അവസാനിപ്പിക്കുന്നതെന്നാണ് ഇരുവരും പറഞ്ഞിരിക്കുന്നത്.

വ്‌ളോഗിങ് ഒരിക്കലും വരുമാനമുണ്ടാക്കാനുള്ള മാര്‍ഗമായി കണ്ടിട്ടില്ലെന്നും ഇതുവരെ വ്‌ളോഗിങ്ങിലൂടെ കാര്യമായ വരുമാനമൊന്നും കിട്ടിയിട്ടില്ലെന്നും മഞ്ജു പത്രോസും സിമി ബാബുവും പറഞ്ഞു. 'ഞങ്ങള്‍ അടിച്ചുപിരിഞ്ഞോ' എന്ന ക്യാപ്ഷനില്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വ്‌ളോഗിങ് അവസാനിപ്പിക്കുന്നതായി ഇരുവരും വ്യക്തമാക്കിയത്.

വ്‌ളോഗ് ചെയ്യാത്തതെന്ന് പലരും ചോദിക്കുന്നു. അപ്പോഴാണ് ഞങ്ങളെ കാണുന്ന ആള്‍ക്കാര്‍ ഉണ്ടെന്നും മനസിലായത്. ഇനി വ്‌ളോഗ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. താത്കാലികമായി നിര്‍ത്തി. കൊറോണ സമയത്ത് വീട്ടിലിരുന്ന് ഒന്നും ചെയ്യാനില്ലെന്ന് തോന്നിയപ്പോള്‍ ആരംഭിച്ചതാണ്. ഇത് ജീവിതോപാധിയാകണമെന്ന് ചിന്തിച്ചിട്ടില്ല.

വരുമാനം കാര്യമായി കിട്ടിയിട്ടില്ല. വ്‌ളോഗിങ് സീരിയസ് ആയി കാണുന്ന ഒരുപാട് പേരുണ്ട്. അവര്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാനായില്ല എന്നതാണ് സത്യം. ഞങ്ങളുടെ ആത്മവിശ്വാസവും നഷ്ടമായി. അങ്ങനെയാണ് വ്‌ളോഗ് നിര്‍ത്താന്‍ തീരുമാനിച്ചത്.

വ്‌ളോഗിന് അത്യാവശ്യം ചെലവുണ്ട്. യാത്ര, ഭക്ഷണം, താമസം, എഡിറ്റിങ് എന്നതിനൊക്കെ പോക്കറ്റില്‍നിന്ന് ചെലവാക്കണം. ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ല. ഞങ്ങള്‍ ഒരുമിച്ച് തുടങ്ങിയ സംരംഭമായിരുന്നു വ്‌ളോഗ്. ബിസിനസ് ചെയ്ത് പണം പങ്കിടുമ്പോഴാണ് സൗഹൃദങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത്. ഞങ്ങള്‍ക്ക് പങ്കിടാന്‍ പണവുമില്ല, കൂട്ടുബിസിനസുമില്ല. ഞങ്ങള്‍ ഇതുവരെ പിരിഞ്ഞിട്ടില്ലെന്നും ഇരുവരും പറഞ്ഞു.