തിരുവനന്തപുരം: നടൻ ഇടവേള ബാബുവിനൊപ്പമുള്ള പഴയ ടിക് ടോക്ക് വീഡിയോ വീണ്ടും വൈറലായതിന് പിന്നാലെയാണ് പ്രതികരണവുമായി നടി ശാലിൻ സോയ രംഗത്തെത്തിയത്. വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ ചിത്രീകരിച്ച വീഡിയോ ആണിതെന്നും വീണ്ടും പഴയ വീഡിയോ കുത്തിപൊക്കി തന്നെ മോശക്കാരിയാക്കുകയാണെന്നും താരം ഫെയ്സ്ബുക്കിൽ പങ്ക് വെച്ചു.
2019ൽ ബി ഉണ്ണിക‍്യഷ്ണന്‍റെ രചനയിൽ പുറത്തിറങ്ങിയ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിലെ മഞ്ഞ മഞ്ഞ ബൾബുകൾ എന്ന പാട്ടിൽ ബാബുവേട്ട എന്ന് പറയുന്ന വരിയുള്ളതിനാൽ തമാശയ്ക്കാണ് വീഡിയോ ചെയ്തെന്നാണ് നടി പറയുന്നത്. ഇതിനോട് പ്രതികരിച്ചാൽ താൻ വീണ്ടും ട്രോൾ ചെയ്യപെടുംമെന്നുംം സൈബർ ലോകം ക്രൂരമാണെന്നും ശാലിൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
'ഞാൻ എന്തിനെക്കുറിച്ചാണ് സംസാരിക്കേണ്ടത്? വർഷങ്ങൾക്ക് മുമ്പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ എടുത്ത ടിക് ടോക്ക് വീഡിയോ ആയിരുന്നു അത്. ഈ ഗാനം അക്കാലത്ത് ട്രെൻഡിംഗായിരുന്നു പാട്ടിൽ ഇടവേള ബാബുവിന്‍റെ പേരുള്ളതിനാൽ ഒപ്പം വീഡിയോ ചെയ്യുന്നത് തമാശയായിരിക്കുമെന്ന് തോന്നി.
ഈ കൃത്യസമയത്ത് അത് വൈറലാക്കി എന്നെ അപമാനിക്കുന്നത് സൈബർ ദുരുപയോഗത്തിന്‍റെ മറ്റൊരു തലമാണ്. എനിക്ക് ഇവിടെ എന്ത് ചെയ്യാൻ കഴിയും? നിങ്ങൾ പറയൂ. ഞാൻ ഇക്കാര്യത്തിൽ വ്യക്തതയുമായി വന്നാൽ വീണ്ടും എനിക്കെതിരെ ട്രോളുകൾ ഉണ്ടാകും. സൈബർ ലോകം ക്രൂരമാണ്.
പേരില്ലാത്ത ശല്യക്കാരാണ് ഇവിടെ യഥാർത്ഥ വില്ലന്മാർ. അവരിൽ എല്ലാവരേയും ഞാൻ വെറുക്കുന്നു'. ശാലിൻ സോയ പറഞ്ഞു.
ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രത്തിന്‍റെ സെറ്റിൽ വച്ചാണ് ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിച്ചത്. ഹേമ കമ്മിറ്റി റിപ്പാർട്ട് വലിയ രീതിയിൽ ചർച്ചയായതിനു ശേഷമാണ് വീഡിയോ വീണ്ടും വൈറലായത്. നിരവധി പേരാണ് പോസ്റ്റിനു താഴേ നടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.