ആനന്ദത്തോടെ കാണാം 'ആനന്ദ് ശ്രീബാല' | Anand Sreebala movie review
ആനന്ദത്തോടെ കാണാം 'ആനന്ദ് ശ്രീബാല'

ആനന്ദത്തോടെ കാണാം 'ആനന്ദ് ശ്രീബാല'

മിഷേൽ ഷാജിയുടെ മരണവും ജെസ്നയുടെ തിരോധാനവുമൊന്നും മറന്നിട്ടില്ലാത്ത മലയാളിയുടെ മുന്നിലേക്കാണ് മെറിൻ ജോയിയുടെ മരണത്തിനു പിന്നിലെ ദുരൂഹതകൾ തേടി ആനന്ദ് ശ്രീബാല എത്തുന്നത്
Published on
Anand Sreebala(4.5 / 5)

സ്വന്തം ലേഖകൻ

ആനന്ദത്തോടെ കണ്ടിരിക്കാവുന്ന ക്രൈം ത്രില്ലർ 'ആനന്ദ് ശ്രീബാല'. വിഷ്ണു വിനയൻ എന്ന സംവിധായകന്‍റെ ആദ്യ ചിത്രമായ ആനന്ദ് ശ്രീബാല തിയെറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കി സംവിധായകന്‍ വിനയന്‍റെ മകന്‍ വിഷ്ണു തന്‍റെ ആദ്യചിത്രം മികച്ചതാക്കി കൈയടി നേടുകയാണ്.

മാളികപ്പുറത്തിന്‍റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്‌ക്ക് മികച്ച ഒരു കുറ്റാന്വേഷണ കഥ അതിഭാവുകത്വങ്ങളില്ലാതെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാനുമായി. ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ ഡ്രാമയിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ കഥയും കഥാപാത്രങ്ങളും വിജയിച്ചു. അര്‍ജുന്‍ അശോകന്‍റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി ആനന്ദ് ശ്രീബാല രേഖപ്പെടുത്തുന്നതിനൊപ്പം നീതി കിട്ടാത്ത ഒരു സമൂഹത്തോടു ചേർന്നു നിൽക്കുന്നു എന്ന നിലയിലും സിനിമ ശ്രദ്ധേയമാണ്.

ആത്മഹത്യചെയ്തുവെന്ന് പൊലീസും നാട്ടുകാരും വിശ്വസിക്കുന്ന മെറിന്‍റെയും അവള്‍ക്ക് നീതി വാങ്ങിക്കൊടുക്കാൻ ജീവന്‍ പണയംവെച്ച്‌ പോരാട്ടത്തിനിറങ്ങുന്ന ആനന്ദിന്‍റെയും കഥയാണിത്. കേസിനു പുറകെയുള്ള അന്വേഷണത്തിലുപരി, ഒരമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥ കൂടിയാണിത്.

ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ആനന്ദ് ശ്രീബാല നിർമ്മിച്ചത്. മുഖ്യ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച അപർണയും സംഗീതയും മാളവികയും മികച്ച പ്രകടനം കാഴ്ചവച്ചു. ഇവർക്കൊപ്പം സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, മനോജ് കെ.യു., ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, സരിത കുക്കു, തുഷാര പിള്ള തുടങ്ങിയവരടങ്ങിയ താരനിരയും ആസ്വാദക ഹൃദയം കവരുന്നു. വിഷ്ണു നാരായണന്‍റെ ഛായാഗ്രഹണവും കിരൺ ദാസിന്‍റെ ചിത്രസംയോജനവും രഞ്ജിൻ രാജിന്‍റെ സംഗീതവും ചിത്രത്തിന്‍റെ മാറ്റ് കൂട്ടുന്നുണ്ട്.

2017ല്‍ കൊച്ചി ഗോശ്രീ പാലത്തിനു കീഴില്‍ നിന്നു മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജിയുടെ മരണവുമായി സമാനത തോന്നിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. കലൂര്‍ പള്ളിയിലേക്ക് പോയ മിഷേലിനെ കാണാതാവുകയായിരുന്നു. ആത്മഹത്യയെന്നു പൊലീസ് പറഞ്ഞ മരണത്തില്‍ ബന്ധുക്കള്‍ ഒരുപാട് ദുരൂഹതകള്‍ ചൂണ്ടിക്കാട്ടി. ജെസ്‌നയുടെ തിരോധാനവും മലയാളികള്‍ക്കു മുന്നിലുണ്ട്. അവര്‍ക്കു മുന്നിലേക്കാണ് മെറിന്‍ ജോയ് എന്ന നിയമ വിദ്യാര്‍ഥിനിയുടെ തിരോധാനവുമായി സിനിമ തുടങ്ങുന്നത്.

മെറിനെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനുകള്‍ കയറിയിറങ്ങേണ്ടിവരുന്ന രക്ഷിതാക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം തുടങ്ങുന്നത്. മെറിന്‍റെ മൃതദേഹം കണ്ടെത്തുന്നതോടെ ഇത് ആത്മഹത്യയാണെന്ന് പൊലീസ് എഴുതിത്തള്ളുന്നു.

ഇതിനു പിന്നാലെ ഇറങ്ങിത്തിരിക്കുന്നത് അപർണ ദാസ് അവതരിപ്പിക്കുന്ന ക്രൈം റിപ്പോര്‍ട്ടറാണ്. അവളുടെ കൂട്ടുകാരനായ, പൊലീസ് ജോലി സ്വപ്നമായി കൊണ്ടുനടക്കുന്ന ആനന്ദും സഹായത്തിനെത്തുന്നു. പൊലീസിനെ വെല്ലുവിളിച്ചു കേസിന്‍റെ പുറകെ പോവുന്ന ആനന്ദിനെ പിന്തുടര്‍ന്ന് പൊലീസും പുറകെയെത്തുന്നു. ആനന്ദിനെ ഇതിനെ പ്രേരിപ്പിക്കുന്ന ഒരു ഘടകമുണ്ട്. ശ്രീബാലയെന്ന അമ്മ. അര്‍ജുന്‍ അശോകിന്‍റെ അമ്മയുടെ വേഷത്തില്‍ സംഗീതയും ഡിവൈഎസ്പി ശങ്കര്‍ദാസിന്‍റെ വേഷത്തില്‍ സൈജു കുറുപ്പും അയ്യപ്പന്‍റെ വേഷത്തില്‍ അജു വര്‍ഗീസും പ്രേക്ഷകരെ മടുപ്പിക്കുന്നില്ല.