ആൻ ആമിയും അദ്ഭുതവിളക്കും

സംസ്ഥാന സിനിമാ പുരസ്കാരങ്ങളിൽ മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ട പ്രവാസി മലയാളി ആൻ ആമിയെക്കുറിച്ച് മെട്രൊ വാർത്തയുടെ യുഎഇ പ്രതിനിധി എഴുതുന്നു
Anne Amie
ആൻ ആമി
Updated on

റോയ് റാഫേൽ

രണ്ടു വർഷം നാട്ടിൽ പഠിച്ച ശേഷം ദുബായിലേക്ക് തിരികെ വന്നപ്പോൾ ആൻ ആമി ഹൃദയത്തോടു ചേർത്ത് കൂടെ കൊണ്ടുവന്നത് സംഗീതത്തെയാണ്. പിന്നീടൊരിക്കലും കൈമോശം വരാതെ നനച്ചുവളർത്തിയ സംഗീത വൃക്ഷം ഇന്നു ഫലം നൽകിയിരിക്കുന്നു- ഏറ്റവും മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്, പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലെ ഗാനത്തിലൂടെ.

ജനിച്ച് ഒരു മാസം തികയും മുൻപ് യുഎയിലെത്തിയതാണ് ആൻ. ഡൽഹി പ്രൈവറ്റ് സ്കൂളിലും ഔർ ഓൺ ഇംഗ്ലീഷ് സ്കൂളിലുമായി പഠനം. ഇതിനിടെ മൂന്നും നാലും ക്ലാസുകൾ പഠിച്ചത് തൃശൂർ കോലഴി ഭാരതീയ വിദ്യാഭവൻ സ്കൂളിൽ. അവിടെ വച്ചാണ് ആൻ ആമിയുടെ സംഗീതാഭിരുചി തിരിച്ചറിഞ്ഞതെന്ന് പിതാവ് ജോയ് തോമസ് പറയുന്നു.

ഒരർത്ഥത്തിൽ ഇത് ആനിന്‍റെ രണ്ടാമത്തെ സംസ്ഥാന പുരസ്കാരമാണെന്ന് പറയാം. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ ലളിത ഗാനത്തിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. രണ്ടു വർഷത്തിന് ശേഷം ദുബായിൽ തിരിച്ചെത്തിയെങ്കിലും സംഗീത പഠനം തുടർന്നു. നാട്ടിൽ ശോഭ ടീച്ചറും യുഎയിൽ ബീന ടീച്ചറും രഘു മാഷുമായിരുന്നു ഗുരുക്കന്മാർ. ശിവയിൽ നിന്ന് ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചു. അജ്മാനിലെ സിംഫണി ഇൻസ്റ്റിട്യൂട്ടിൽ നിന്നും സംഗീതം പഠിച്ചു.

സംഗീത സംവിധായകനും ഗായകനുമായ ഹിഷാം അബ്ദുൾ വഹാബ്, ഗായിക ദുർഗ വിശ്വനാഥ് എന്നിവരോടൊപ്പം സംഗീത റിയാലിറ്റി ഷോയിൽ പങ്കെടുത്തത് സംഗീത മേഖലയിലെ സൗഹൃദങ്ങളിലേക്ക് വഴി തെളിച്ചു. ഷാൻ റഹ്മാന്‍റെ സംഗീത സംവിധാനത്തിൽ കൊച്ചവ്വ പൈലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമയിലൂടെ ചലച്ചിത്ര പിന്നണിഗാന രംഗത്ത് അരങ്ങേറ്റം.

എം. ജയചന്ദ്രന്‍റെ ഈണത്തിൽ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിൽ പാടിയ ഗാനം ശ്രദ്ധിക്കപ്പെട്ടു. ഈ ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ഏഷ്യാവിഷൻ അവാർഡ് ലഭിച്ചു. കൂടെ എന്ന സിനിമയിലെ ആലാപനത്തിന്‌ ഫിലിം ഫെയർ അവാർഡും കിട്ടി. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിലെ ''തിങ്കൾ പൂവിൻ...'' എന്ന ഗാനത്തിനാണ് ഇപ്പോൾ പുരസ്‌കാരം ലഭിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ ആയുക്ത് മേനോൻ ആൻ ആമിയുടെ സംഗീത അദ്ധ്യാപിക ശോഭ ടീച്ചറുടെ ചെറുമകനാണെന്ന സന്തോഷവുമുണ്ട്.

ആലാപനത്തിൽ മാത്രമല്ല പഠനത്തിലും മിടുക്കിയായിരുന്നു ആൻ. ഓസ്‌ട്രേലിയയിലെ വോളൻ ഗോഗ് സർവകലാശാലയുടെ ദുബായ് ക്യാംപസിൽ നിന്ന് സ്വർണ മെഡലോടെയാണ് മാസ്റ്റർ ബിരുദം നേടിയത്. അറിയപ്പെടുന്ന ഡബ്ബിങ്ങ് കലാകാരി കൂടിയായ ആൻ ഇതുവരെ പതിനഞ്ചോളം സിനിമകളിൽ ശബ്ദം നൽകിയിട്ടുണ്ട്. യുഎഎ സർക്കാർ നടപ്പാക്കിയ ഗോൾഡൻ വിസ പദ്ധതിയിലൂടെ ആദരിക്കപ്പെട്ട ആദ്യ കലാകാരികളിൽ ഒരാൾ കൂടിയാണ് ആൻ.

Anne Amie
ആൻ ആമി

''കുവൈറ്റ് യുദ്ധം കഴിഞ്ഞതിന്‍റെ പിറ്റേ ദിവസമാണ് ആൻ ജനിച്ചത്. തൊട്ടടുത്ത ദിവസം മകളെ യുഎയിലേക്ക് കൊണ്ടുവന്നു. അറബ് ലോകത്ത് അശാന്തിയും അസ്വസ്ഥതയും നിലനിന്നിരുന്ന നാളുകൾ കഴിഞ്ഞാണ് പ്രതീക്ഷയുടെയും പ്രകാശത്തിന്‍റെയും പ്രതിരൂപമായി അവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. ആ പ്രകാശം ഇന്നും അവൾ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നു. അവളുടെ നേട്ടങ്ങളിൽ ഞങ്ങളുടെ കുടുംബം അഭിമാനിക്കുന്നു''- സംഗീതയാത്രയിൽ എന്നും പിന്തുണ നൽകുന്ന പിതാവ് ജോയ് തോമസ് വേഴപ്പറമ്പിൽ മെട്രൊ വാർത്തയോടു പറഞ്ഞു.

ദുബായിൽ ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ പ്രമുഖ കമ്പനിയിൽ ജനറൽ മാനെജരായി ജോലി ചെയ്യുന്ന ജോയ് തോമസ്, തൃശൂർ അരണാട്ടുകര വേഴപ്പറമ്പിൽ കുടുംബാംഗമാണ്. ബെറ്റി ജോയ് തോമസാണ് ആൻ ആമിയുടെ അമ്മ. ഏക സഹോദരൻ കെവിൻ കാനഡയിലാണ്.

Trending

No stories found.

Latest News

No stories found.