ഡയലോഗ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം അനുരാഗ്‌ കശ്യപ്‌ ഉദ്‌ഘാടനം ചെയ്യും

38 സിനിമകൾ പ്രദർശിപ്പിക്കും, 'പൊരുതുന്ന പലസ്‌തീന്‌ ഐക്യദാർഢ്യം' എന്നതാണ് മേളയുടെ പ്രമേയം
Anurag Kashyap
Anurag Kashyap
Updated on

ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ഏഴാമത് ഡയലോഗ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്‌ ജനുവരി 25ന്‌ തുടക്കമാകും. ജനുവരി 25 മുതൽ 28 വരെ ഒറ്റപ്പാലം ലക്ഷ്മി പിക്ചർ പാലസിൽ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ വിവിധ വിഭാഗങ്ങളിലായി 38 സിനിമകൾ പ്രദർശിപ്പിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഇന്ത്യയുടെയും സഹകരണത്തോടെ നടക്കുന്ന മേളയുടെ പ്രമേയം ‘പൊരുതുന്ന പലസ്തീൻ’ ആണ്. പലസ്തീൻ പ്രശ്നം പ്രമേയമാക്കിയ ചിത്രങ്ങളുടെ പ്രത്യേക പാക്കേജ്‌ മേളയുടെ പ്രത്യേകതയാണ്‌.

ചലച്ചിത്രോത്സവത്തിന്‍റെ ഉദ്‌ഘാടനം 25ന് വൈകീട്ട് നാല്‌ മണിക്ക് പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് പങ്കെടുക്കും. പ്രശസ്ത അറബിക് കാലിഗ്രാഫർ ഖലീലുള്ള ചെംനാട് പലസ്‌തീൻ ഐക്യദാർഢ്യം കാലിഗ്രാഫി ചെയ്ത് നിർവ്വഹിക്കും. ഉദ്‌ഘാടന സമ്മേളനത്തിൽ അഭിനേതാകളായ രമ്യ നമ്പീശൻ, ഉണ്ണി രാജൻ, സംവിധായക ശ്രുതി ശരണ്യം, കേരള ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറി സി അജോയ് തുടങ്ങി സിനിമാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഉദ്ഘാടന സിനിമയായി അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘കെന്നഡി’ പ്രദർശിപ്പിക്കും. പ്രദർശനത്തിന് ശേഷം സംവിധായകനുമായുള്ള മുഖാമുഖവും നടക്കും.

26ന് രാവിലെ 10 മണിക്ക് ഡയലോഗ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഫിലിം മേക്കിങ്‌ ക്യാമ്പിന്‍റെ ഭാഗമായി നിർമ്മിച്ച ഹ്രസ്വ ചിത്രം ‘നോട്ടം’ പ്രദർശിപ്പിക്കും. ജനുവരി 28ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന സമാപനസമ്മേളനത്തിൽ വിനയ് ഫോർട്ട്, നിമിഷ സജയൻ, പ്രശാന്ത് അലക്സാണ്ടർ, ഡോ. ബിജു, എഫ്‌എഫ്‌എസ്‌ഐ പ്രതിനിധി പ്രവീൺ കെ സി എന്നിവർ പങ്കെടുക്കും.

ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാളസിനിമ ഇന്ന്, ഡോക്യു-സിനിമ തുടങ്ങിയ വിഭാഗങ്ങളിലായാണ്‌ സിനിമകൾ പ്രദർശിപ്പിക്കുക. പലസ്തീൻ പ്രമേയമായ ഫർഹ, 200 മീറ്റേഴ്സ്. വാൾട്ട്സ് വിത്ത് ബഷീർ എന്നീ സിനിമകളും ‘മലയാളസിനിമ ’ വിഭാഗത്തിൽ തടവ്, ആട്ടം, ബി 32 മുതൽ 44 വരെ ഉൾപ്പെടെയുള്ള സിനിമകളും ഇന്ത്യൻ വിഭാഗത്തിൽ വിറ്റ്‌നസ്‌, ശിവമ്മ തുടങ്ങിയ സിനിമകളും പ്രദർശിപ്പിക്കും. അന്താരാഷ്‌ട്ര സിനിമ വിഭാഗത്തിൽ കെൻ ലോച്ചിന്‍റെ ദി ഓൾഡ് ഓക്ക്, മീ ക്യാപ്റ്റൻ, റ്റാർ, ദേർ ഈസ് നോ ഈവിൾ തുടങ്ങിയവയാണ്‌ പ്രദർശിപ്പിക്കുക. ഡോക്യു-സിനിമ വിഭാഗത്തിൽ ദി അൺനോൺ കേരള സ്‌റ്റോറി, ബിയോൻഡ് ഹേട്രഡ് ആന്‍റ് പവർ വീ കീപ്പ് സിങ്ങിങ്ങ്‌ ഉൾപ്പെടെയുള്ളവയുമാണ്‌ പ്രദർശിപ്പിക്കുന്നത്‌.

അനിൽ രാധാകൃഷ്ണമേനോൻ, രാജീവ്‌ രവി, കമാൽ കെ എം, രോഹിത്ത്‌ എം ജി കൃഷ്ണൻ, ബി അജിത്ത്‌ കുമാർ, അനുമോൾ, ഷാഹി കബീർ, രാജേഷ് മാധവൻ തുടങ്ങിയവരും മേളയുടെ വിവിധ സെഷനുകളിൽ ഭാഗമാകും. നവാഗത സംവിധായകരുമായുള്ള മുഖാമുഖങ്ങൾ, ഓപ്പൺ ഡയലോഗുകൾ, പ്രതിഭകൾക്ക് ആദരം, പുസ്തകോത്സവം, ഫോട്ടോ പ്രദർശനങ്ങൾ എന്നിവയും ചലച്ചിത്രോത്സവ ദിനങ്ങളിൽ നടക്കും.

മേളയുടെ ഭാഗമായി 26, 27 ദിവസങ്ങളിൽ വൈകീട്ട്‌ വൈകീട്ട് 4.30 ന് ഓപ്പൺന ഫോറം നടക്കും. 26ന്‌ ‘അധിനിവേശത്തിന്‍റെയും പലായനത്തിന്‍റെയും സിനിമകളും ജീവിതവും’ എന്ന വിഷയത്തിൽ നടക്കുന്ന ഓപ്പൺ ഫോറത്തിൽ ഡോ. എതിരൻ കതിരവൻ , മുസഫർ അഹമ്മദ് എന്നിവർ പങ്കെടുക്കും. 27ന് ‘ദേശീയ സിനിമ മാറുന്ന കാഴ്ചപ്പാടുകൾ’ എന്ന വിഷയത്തിൽ ഓപ്പൺ ഡയലോഗ് നടക്കും. ജി പി രാമചന്ദ്രൻ, ശ്രേയ ശ്രീകുമാർ, എന്നിവർ പങ്കെടുക്കും.

Trending

No stories found.

Latest News

No stories found.