പ്രായത്തിനും സമയത്തിനുമൊന്നും അതിരുകൾ നിശ്ചയിക്കാൻ സാധിക്കാത്ത പ്രണയങ്ങളുടെ കഥയാണ് ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത അനുരാഗം. ഗൗതം വാസുദേവ് മേനോന്‍റെ സാന്നിധ്യമായിരുന്നു പ്രൊമോകളിൽ ചിത്രത്തിന്‍റെ പ്രധാന ആകർഷണമെങ്കിൽ, താര പരിവേഷങ്ങൾക്കുപരി മികവുറ്റ മുഹൂർത്തങ്ങളിലൂടെയാണ് തിയെറ്ററുകളിൽ സിനിമ മുന്നേറുന്നത്.
ഒന്നല്ല മൂന്നു പ്രണയങ്ങളങ്ങനെ വെള്ളിത്തിരയിൽ നിറഞ്ഞാടുമ്പോൾ പ്രേക്ഷകരും സിനിമയെ ഏറ്റെടുത്തുകഴിഞ്ഞു. 'ക്വീൻ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അശ്വിൻ ജോസും '96' എന്ന വിജയ് സേതുപതി ചിത്രത്തിലൂടെ പ്രേക്ഷക മനസുകളിൽ ഇടം പിടിച്ച ഗൗരി ജി. കിഷനുമാണ് കൂട്ടത്തിൽ പ്രായം കുറഞ്ഞ പ്രണയജോടികൾ. ഇവരിലൂടെ തുടങ്ങിവയ്ക്കുന്ന അനുരാഗത്തിന്‍റെ കഥ പറച്ചിൽ ഗൗതം മേനോൻ - ലെന, ജോണി ആന്‍റണി - ദേവയാനി ജോടികൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ മുന്നേറുന്നു. സ്നേഹവും സൗഹൃദവും പരിഭവവും തമാശകളുമെല്ലാമായി മികച്ച കുടുംബചിത്രത്തിന്‍റെ ചേരുവകൾ ഒത്തിണങ്ങിയ സൃഷ്ടിയാണ് അശ്വിൻ ജോസ് കഥയും തിരക്കഥയും ഒരുക്കിയ ചിത്രം.
മനു മഞ്ജിത്തും മോഹൻ രാജും ടിറ്റോ പി. തങ്കച്ചനും എഴുതി ജോയൽ ജോൺസൺ ഈണമിട്ട പാട്ടുകളും ചിത്രത്തെ മിഴിവുറ്റതാക്കുന്നു. ഒരു തമിഴ് പാട്ടും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഗൗതം മേനോന് മലയാളത്തിൽ നിന്നു വരുന്ന നിരവധി ഓഫറുകളിൽ ശ്രദ്ധേയമായ തുടക്കം തന്നെയാകും അനുരാഗത്തിലെ ഗായകൻ ശങ്കർ എന്നു കരുതാം. കുറച്ചു കാലത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിൽ തിരിച്ചെത്തിയ ദേവയാനിയും വ്യക്തമായ സാന്നിധ്യമറിയിക്കുന്നു. ജോൺ ആന്‍റണി, ലെന എന്നിവർ തങ്ങളുടെ മിനിമം ഗ്യാരന്‍റി ഒരിക്കൽക്കൂടി ഉറപ്പിക്കുകയാണ് ചിത്രത്തിലൂടെ. ഷീലയുടെ കാമിയോ റോളും രസകരമായി.