100 കോടി ക്ലബ്ബിൽ എആർഎം, ടോവിനോ

മാജിക്ക് ഫ്രെയിംസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയഗാഥയായി 3D ARM

മാജിക് ഫ്രെയിംസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് തേരോട്ടമാണ് 3D ARM ലൂടെ (അജയന്‍റെ രണ്ടാം മോഷണം) മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത്. മാജിക് ഫ്രെയിംസിന്‍റെ ആദ്യ 100 കോടി ക്ലബ് പ്രവേശനവും ARM 3D ലൂടെ സാധ്യമായി. 17 ദിവസങ്ങൾകൊണ്ടാണ് ചിത്രം ലോകവ്യാപകമായി 100 കോടി രൂപ കളക്ഷൻ നേടിയത്.

റിലീസ് ചെയ്തതിനിപ്പുറവും ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങിലാണ്. ടോവിനോ തോമസിന്‍റെയും ആദ്യ 100 കോടി ചിത്രമായി ARM 3D മാറി. സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ 100 കോടി ക്ലബിൽ എത്തിച്ച ഖ്യാതി ജിതിൻ ലാലിനും നേട്ടമായി. സുജിത്ത് നമ്പ്യാരാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.

നേരത്തെ ചിത്രത്തിന്‍റെ പൈറേറ്റഡ് കോപ്പി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുവെങ്കിലും അതൊന്നും ചിത്രത്തിന്‍റെ കളക്ഷനെ ബാധിച്ചില്ല. നല്ല സിനിമകൾക്ക് പ്രേക്ഷകർ നൽകുന്ന അകമഴിഞ്ഞ പിന്തുണയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ARM 3D യുടെ ഈ വൻവിജയം.

മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനൊപ്പം UGM മോഷൻ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചിത്രത്തിന്‍റെ നിർമാണ പങ്കാളിയാണ്.

"ഒന്നര വർഷത്തോളം നീണ്ടുനിന്ന പോസ്റ്റ് പ്രൊഡക്ഷനായിരുന്നു ARM ന്‍റേത്. മാജിക് ഫ്രെയിംസ് നിർമ്മിച്ച ഏറ്റവും മുതൽമുടക്കുള്ള ചിത്രത്തിനെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമാക്കി പ്രേക്ഷകർ തിരിച്ചു നൽകി. ചിത്രം ഇറങ്ങിയതിന് ശേഷം നേരിട്ട പൈറസി വിവാദങ്ങൾക്കിപ്പുറവും അകമഴിഞ്ഞ പിന്തുണയാണ് ലോകമെമ്പാടുമുള്ള സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ നൽകിയത്. ഇത്തരം വലിയ വിജയങ്ങൾ ഇനിയും മികച്ച ചിത്രങ്ങളുമായി ജനങ്ങൾക്ക് മുമ്പിലെത്താൻ ഞങ്ങൾക്ക് പ്രചോദനമാവുമെന്ന്" ചിത്രത്തിന്‍റെ നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

തമിഴ് തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു.

മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി. ജോൺ ആണ് ARMന്‍റെ ചായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്‌.

Trending

No stories found.

More Videos

No stories found.