ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഐതിഹാസിക മാനങ്ങളുള്ള സീരിയലായിരുന്നു രാമായണം. രാമാനന്ദ സാഗർ അണിയിച്ചൊരുക്കിയ ആ പരമ്പരയിലൂടെയാണ് ഇന്ത്യൻ ജനകോടികൾ അതുവരെ മനസിൽ മാത്രം കണ്ടിട്ടുള്ള ഇതിഹാസ കഥാപാത്രങ്ങളെ ആദ്യമായി നേരിലെന്നോണം കാണുന്നത്. സ്വാഭാവികമായും ആ ടിവി രാമായണത്തിൽ കണ്ട മുഖങ്ങൾ ആ തലമുറ മുഴുവൻ യഥാർഥ കഥയും കഥാപാത്രങ്ങളുമായി ചേർത്തുവച്ചു.
അന്നത്തെ രാമായണത്തിലും പിന്നീട് മഹാഭാരതത്തിലും അഭിനയിച്ച നടീനടൻമാരെല്ലാം പിന്നീട് ആ കഥാപാത്രങ്ങളുടെ പേരിൽ തന്നെയാണ് ഏറെയും അറിയപ്പെട്ടതും. എന്നാൽ, ആ പ്രതിച്ഛായയുടെ ഭാരം മിക്ക നടീനടൻമാർക്കും പിന്നീട് മുഖ്യധാരയിൽ അവസരം നഷ്ടപ്പെടാൻ കാരണമായി, മുകേഷ് ഖന്നയെയും (മഹാഭാരതത്തിലെ ഭീഷ്മരും പിന്നെ ശക്തിമാനും) ധാരാ സിങ്ങിനെയും (രാമായണത്തിലെ ഹനുമാൻ) പോലെ അപൂർവം അപവാദങ്ങൾ മാത്രം.
അങ്ങനെ ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയിട്ടും സിനിയിലെ കരിയർ നഷ്ടപ്പെട്ട ഒരാളാണ് അരുൺ ഗോവിൽ. ആ പേര് കേട്ടിട്ടു മനസിലായില്ലെങ്കിൽ, രാമായണത്തിലെ ശ്രീരാമൻ എന്നു കേട്ടാൽ അറിയും. ഏറ്റവുമൊടുവിൽ പ്രഭാസിനെ വരെ രാമന്‍റെ വേഷത്തിൽ കണ്ടിട്ടും, അരുൺ ഗോവിലിന്‍റെ ശ്രീരാമനെ കണ്ടിട്ടുള്ളവർക്ക് അതിലും ചേരുന്ന മറ്റൊരു രാമവേഷം പിന്നെ ആരിലും കാണാനായിട്ടില്ല.
അടുത്തിടെ ഒരു അഭിമുഖത്തിലാണ് അരുൺ ഗോവിൽ തന്‍റെ രാമവേഷംകൊണ്ടുണ്ടായ ദോഷഫലങ്ങൾ വിവരിച്ചത്. ആ വേഷത്തിലൂടെ ഒരുപാടു പേരുടെ സ്നേഹവും ആദരവും നേടാനായി. പക്ഷേ, കൊമേഴ്സ്യൽ സിനിമകളിൽ നിന്നു താൻ അതോടെ പൂർണമായും പുറത്താകുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തൽ.
ശ്രീരാമ വേഷത്തിന്‍റെ പ്രതിച്ഛായ പ്രേക്ഷക മനസുകളിൽ വല്ലാതെ ഉറച്ചു പോയിരുന്നു. അന്നു ദൂരദർശനാണ് രാജ്യത്ത ഏക ദൃശ്യമാധ്യമം. സ്വന്തമായി ടിവി ഇല്ലാത്തവരും അയൽ വീടുകളിലും മറ്റുമായും രാമായണം കണ്ടു. അതും സാധിക്കാത്തവർ പിന്നീട് വിസിആറിൽ കാസറ്റിട്ട് കണ്ടു.
''ഇത്രയും ഉറച്ചു പോയൊരു പ്രതിച്ഛായയുമായി ഇനി നിന്നെ ഏതു റോളിൽ കാസ്റ്റ് ചെയ്യാനാണ്...'' എന്നാണ് പല സംവിധായകരും നിർമാതാക്കളും തന്നോടു പറഞ്ഞിട്ടുള്ളതെന്ന് അരുൺ ഗോവിൽ. മറ്റൊരു രൂപത്തിലും ജനങ്ങൾ അദ്ദേഹത്തെ സ്വീകരിക്കില്ലെന്നായിരുന്നു അവരുടെയൊക്കെ പേടി.
ഒരു നടനെ സംബന്ധിച്ച് ഒരിക്കലും നല്ല കാര്യമല്ല ഇതെന്ന് അരുൺ ഗോവിൽ പറയുന്നു. ഈ പ്രതിച്ഛായ മാറ്റിയെടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. സിനിമയിൽ അവസരങ്ങൾ തീർത്തും ഇല്ലാതായപ്പോൾ ടെലിവിഷൻ സീരിയലുകളിൽ ഭാഗ്യ പരീക്ഷണം നടത്തി. മനഃപൂർവം നെഗറ്റീവ് റോളുകൾ തെരഞ്ഞെടുത്ത് ചെയ്യാൻ ശ്രമിച്ചു. പിന്നീട് അവ കണ്ടപ്പോൾ, തനിക്കതൊന്നും ചേരുന്നില്ലെന്നു സ്വയം തോന്നി അതും നിർത്തേണ്ടി വരുകയായിരുന്നു എന്നും അരുൺ ഗോവിൽ.
വർഷങ്ങൾക്കിപ്പുറം സിനിമയിൽ വീണ്ടും ഭാഗ്യ പരീക്ഷണം നടത്തുകയാണ് അദ്ദേഹം. അക്ഷയ് കുമാറിന്‍റെ ഒഎംജി 2 എന്ന സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച വേഷം ശ്രദ്ധേയമാകുകയും ചെയ്തിരുന്നു.