രാമലീലയ്ക്ക് ശേഷം ദിലീപ് - അരുൺ ഗോപി കൂട്ടുകെട്ടിൽ വരുന്ന 'ബാന്ദ്ര'യുടെ ഓഡിയോ ലോഞ്ച് മലയാള സിനിമ ലോകത്തെ വമ്പൻ താരങ്ങളുടെ സാന്നിദ്ധ്യത്തിൽ കൊച്ചിയിൽ നടത്തി. നായകൻ ദിലീപ്, നായിക തമന്ന, ചിത്രത്തിന്‍റെ സംവിധായകൻ അരുൺ ഗോപി, നിർമാതാക്കൾ എന്നിവരെ കൂടാതെ പ്രമുഖ സംവിധായകരായ ജോഷി, ഷാജി കൈലാസ്, നിർമാതാവ് ആന്‍റണി പെരുമ്പാവൂർ, നടന്മാരായ ജോജു ജോർജ്, സിജു വിൽസൺ എന്നിങ്ങനെ നിരവധി താരങ്ങളുടെ സാന്നിധ്യത്തിലാണ് ഓഡിയോ ലോഞ്ച് നടത്തിയത്.
മാസ്സ് ആക്ഷൻ ഗ്യാങ്സ്റ്റർ സിനിമ എന്ന സൂചനയാണ് ചിത്രത്തിന്‍റെ ടീസർ നൽകിയതെങ്കിലും, കുടുംബ ബന്ധങ്ങളുടെ ആഴം സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ കൂടിയായിരിക്കും ഇതെന്നാണ് പുതിയ വാർത്ത. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.
ഏഴ് വർഷങ്ങൾക്ക് ശേഷമാണ് താൻ ഒരു ഹീറോയിനൊപ്പം നൃത്തം ചെയ്യുന്നത് എന്നാണ് ദിലീപ് തന്നെ സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പറഞ്ഞത്. ടീസർ കണ്ട് പലരും ബാന്ദ്ര ഒരു ഗ്യാങ്സ്റ്റർ ഡോൺ സിനിമയാണെന്നാണ് കരുതിയിരിക്കുന്നതെന്നും എന്നാൽ ബാന്ദ്രയിലൂടെ താൻ പറയാൻ പോകുന്നത് ഒരു പക്വതയുള്ള പ്രണയകഥയാണെന്നുമാണ് സിനിമയെ കുറിച്ച് സംസാരിച്ച് സംവിധായകൻ അരുൺ ഗോപി പറഞ്ഞത്. തമന്ന ഭാട്ടിയ നായികയാകാൻ സമ്മതം മൂളിയില്ലായിരുന്നുവെങ്കിൽ ബാന്ദ്ര ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും ദിലീപ് ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പറഞ്ഞു.
തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോണ്, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ ഒരുങ്ങുന്നത്. ദിലീപിന്‍റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം - സാം സി എസ്, എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍, കലാസംവിധാനം - സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ്.