ഭാരതപ്പുഴ - ഒരു ലൈംഗികത്തൊഴിലാളിയുടെ ജീവിതയാത്ര

പരമ്പരാഗത സിനിമയുടെ അതിനാടകീയതകൾ ഒഴിവാക്കിക്കൊണ്ട്, ഒരു ലൈംഗികത്തൊഴിലാളിയുടെ ജീവിതകഥ പറയുന്ന സിനിമ

അജയൻ

സുഗന്ധി എന്ന ലൈംഗികത്തൊഴിലാളിയുടെ ജീവിതത്തിന്‍റെയും ആ ജീവിതയാത്രയുമായി ബന്ധപ്പെട്ട കുറേ മനുഷ്യരുടെയും കഥയാണ് ഭാരതപ്പുഴ എന്ന സിനിമ. ഡോക്യുമെന്‍ററി സംവിധായകൻ മണിലാലിന്‍റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം; അത് വ്യത്യസ്തമാകുന്നത് വേറിട്ട കഥാകഥനത്തിലൂടെയാണ്. 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ അംഗീകരിക്കപ്പെട്ട ചിത്രം വൈകാതെ തിയെറ്ററുകളിൽ റിലീസാകും.

തൃശൂരിന്‍റെ ചടുലമായ പശ്ചാത്തലത്തിലാണ് 'ഭാരതപ്പുഴ' സുഗന്ധിയുടെ കഥ പറയുന്നത്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിജി പ്രദീപ് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ പൂർവ വിദ്യാർഥിനിയാണ്. ഈ സിനിമയിലെ പ്രകടനത്തിന് സിജി സംസ്ഥാന ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹയായിരുന്നു. പ്രത്യേക പുരസ്കാരമല്ല, മികച്ച നടിക്കുള്ള പുരസ്കാരം തന്നെയാണ് സിജിക്കു നൽകേണ്ടതെന്ന് അന്നൊരു ജൂറി അംഗം അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

Siji Pradeep as Sugandhi
സിജി പ്രദീപ്, സുഗന്ധിയുടെ വേഷത്തിൽ

സുഗന്ധിയുടെ ജീവിതയാത്രയിൽ കണ്ടമുട്ടുന്ന വിവിധ കഥാപാത്രങ്ങളുമായി വിവിധ തലങ്ങളിലുള്ള ബന്ധങ്ങളാണ് അവൾ സൃഷ്ടിക്കുന്നത്. സിനിമയുടെ ശരീരത്തിലേക്ക് സുഗന്ധിയുടെ ആത്മാവിനെ സന്നിവേശിപ്പിക്കുന്നതിൽ സംവിധായകൻ മണിലാൽ വിജയിച്ചിരിക്കുന്നു. കേരള സംസ്കാരത്തിന്‍റെ തന്നെ ഭാഗമായ, ഒരുപാട് സാഹിത്യകൃതികൾക്ക് പ്രചോദനമായ, ഭാരതപ്പുഴ എന്ന പേരു തന്നെ ചിത്രത്തിനു നൽകുമ്പോൾ, സുഗന്ധിയുടെ ജീവിതാനുഭവങ്ങളുടെ ഒഴുക്കിനെത്തന്നെയാണ് അതിൽ പ്രതീകവത്കരിച്ചിരിക്കുന്നത്. മദ്യാസക്തി മുതൽ ലൈംഗികതയുടെയും വിവാഹേതര ബന്ധങ്ങളുടെയും സങ്കീർണതകൾ വരെ പ്രമേയം സൂക്ഷമമായി ചർച്ച ചെയ്യുന്നു. തൃശൂരിലെ അതിപ്രശസ്തമായ സ്വരാജ് റൗണ്ടിനു ചുറ്റുമുള്ള സുഗന്ധിയുടെ യാത്രയിൽ പ്രതിഫലിക്കുന്നത് അവളുടെ ജീവിതത്തിന്‍റെ തന്നെ ചാക്രികവും നിരന്തരവും ആദിമധ്യാന്തങ്ങളില്ലാത്തതുമായ പോരാട്ടങ്ങളെയാണ്.

താനൊരു ലൈംഗികത്തൊഴിലാണിയാണെന്ന് മണികണ്ഠൻ പട്ടാമ്പി അവതരിപ്പിക്കുന്ന വൈദിക കഥാപാത്രത്തോട് സുഗന്ധി വെളിപ്പെടുത്തുന്നതു പോലുള്ള രംഗങ്ങൾ സിനിമ അവസാനിച്ചാലും മനസിനെ പിന്തുടരും. സുഗന്ധിയുടെ വെളിപ്പെടുത്തൽ കേട്ട് ആദ്യം ഞെട്ടുന്നുണ്ടെങ്കിലും, അതിനു ശേഷം വൈദികൻ പറയുന്നത്, ധാർമികത പാലിക്കേണ്ടത് അവളുടെ മാത്രം ഉത്തരവാദിത്വമല്ലെന്നാണ്. തന്നെ നിശബ്ദമായി സ്നേഹിക്കുന്ന ഓട്ടോ ഡ്രൗവർ ഷാബുവിനോട് സുഗന്ധി പറയുന്ന വാക്കുകളും ചിന്തോദ്ദീപകമാണ്. കാമനകളാൽ നയിക്കപ്പെടുന്ന പുരുഷൻമാരും അതിന്‍റെ ഭാരം ചുമക്കാൻ വിധിക്കപ്പെടുന്ന സ്ത്രീകളും തമ്മിലുള്ള വ്യത്യാസത്തെ വ്യക്തമായി വരച്ചുകാട്ടാൻ അവിടെ സുഗന്ധിയുടെ വാക്കുകൾക്കു സാധിക്കുന്നുണ്ട്.

ജോസ് പായമ്മൽ താനായി തന്നെ അഭിനയിക്കുന്ന രംഗത്തിൽ, ഒരു നാടക ശിൽപ്പശാലയിലെ സുഗന്ധിയുടെ മറ്റൊരു മുഖമാണ് പ്രേക്ഷകർക്കു മുന്നിൽ തെളിയുന്നത്. വീൽ ചെയറിൽ ജീവിക്കുന്ന കൂട്ടുകാരനുമായും, ലഹരിമുക്തി കേന്ദ്രത്തിലെ സന്ദർശനത്തിനിടയിലുമെല്ലാമുള്ള സുഗന്ധിയുടെ സംഭാഷണങ്ങളും പുരുഷാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയായി കാണാം.

Director Manilal
മണിലാൽ, സംവിധായകൻ

ജോമോൻ തോമസിന്‍റെ ഛായാഗ്രഹണം സിനിമയുടെ മിഴിവ് വർധിപ്പിക്കുന്നു. ഓട്ടു കമ്പനിയും കോൾ പാടങ്ങളും മുതൽ സ്വരാജ് റൗണ്ടിലെ ഓട്ടോ റിക്ഷ യാത്ര വരെ, ജോമോന്‍റെ ഓരോ ഫ്രെയിമുകളും ഓരോ കലാസൃഷ്ടികളാണ്. 'ഞാൻ ലൈംഗികത്തൊഴിലാളി' എന്ന ആത്മകഥയിലൂടെ പ്രശസ്തയായ നളിനി ജമീലയാണ് ഈ ചിത്രത്തിന്‍റെ വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത്. ഇത്തരത്തിൽ സിനിമയെ യാഥാർഥ്യത്തോട് അടുപ്പിച്ചു നിർത്തുന്നതിൽ നളിനി ജമീലയും നിർണായക പങ്ക് വഹിച്ചിരിക്കുന്നു. പ്രേക്ഷകരിലേക്ക് ആഴ്ന്നിറങ്ങുന്ന രംഗങ്ങൾക്ക് ഭാവതീവ്രത പകരുന്നതാണ് സുനിൽ കുമാറിന്‍റെ സംഗീതം.

Siji Pradeep and Irshad in the movie
സിജി പ്രദീപും ഇർഷാദും, സിനിമയിൽ നിന്നൊരു രംഗം

തൃശൂരിന്‍റെ സാംസ്കാരിക ഭൂമികയുമായി ഇഴപിരിയാത്ത ബന്ധമുള്ള നടീനടൻമാരാണ് മിക്ക കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത്. ജോസ് പായമ്മൽ, മണികണ്ഠൻ പട്ടാമ്പി, ഇർഷാദ്, ദിനേശ് വിജയൻ, ശ്രീജിത് രവി, എം.ജി. ശശി, ജയരാജ് വാര്യർ, സുനിൽ സുഖദ, ദിനേശ് പ്രഭാകർ എന്നിവരെല്ലാം കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നു. തൃശൂരിന്‍റെ സവിശേഷ ഭാഷാശൈലിയെ ഈ സിനിമയുടെ തന്നെ ഭാഷയായി ഉടനീളം നിലനിർത്തുന്നതിൽ ഇവരുടെ സാന്നിധ്യം സഹായിച്ചിട്ടുണ്ട്.

Siji Pradeep and MG Sasi in the movie
സിജി പ്രദീപും എം.ജി. ശശിയും സിനിമയിൽ

ഡോക്യുമെന്‍ററിയിൽ നിന്ന് സിനിമയിലേക്കുള്ള മണിലാലിന്‍റെ പരിവർത്തനം, സിനിമ എന്ന കലയുടെ മർമമറിഞ്ഞു തന്നെയാണ് എന്നതിനു തെളിവാണ് 'ഭാരതപ്പുഴ'. തത്വചിന്തയുടെ അതിപ്രസരമില്ലാതെ, സ്വാഭാവികത ചോരാത്ത രംഗങ്ങൾ കൊണ്ട് സമ്പന്നമാണിത്. സാമൂഹികമായ സംവാദങ്ങൾ മുദ്രാവാക്യ രൂപമില്ലാതെ തന്നെ ഇതിൽ കൈകാര്യം ചെയ്യുന്നുമുണ്ട്. സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളിലും മിഥ്യാ ധാരണകളിലും അനിവാര്യമായ മാറ്റങ്ങളെക്കുറിച്ച് പ്രേക്ഷകർക്ക് നിശബ്ദമായ സൂചനകൾ നൽകിക്കൊണ്ടാണ് 'ഭാരതപ്പുഴ' പൂർണമാകുന്നത്.

Trending

No stories found.

More Videos

No stories found.