ഹിറ്റുകളില്ലാതെ തകർന്നടിഞ്ഞ് ബോളിവുഡ് ബോക്സ് ഓഫിസ്; ആശ്വാസമായി 'കൽക്കി'

വൻ ബജറ്റിൽ നിർമിച്ച ബഡേ മിയാ ഛോട്ടേ മിയാ, മൈദാൻ, യോദ്ധ തുടങ്ങിയ സിനിമകളെല്ലാം വൻ പരാജയങ്ങളായി മാറിയപ്പോഴാണ് കൽക്കി ആശ്വാസമായി മാറുന്നത്.
'കൽക്കി 2898 എഡി'
'കൽക്കി 2898 എഡി'
Updated on

മുംബൈ: ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം തകർത്തു തരിപ്പണമായപ്പോൾ ബോളിവുഡ് ബോക്സ് ഓഫിസിന് അൽപ്പം ആശ്വാസമായി കൽക്കി 2898 എഡിയുടെ ഹിന്ദി വേർഷൻ. 2024 തുടങ്ങി ആറു മാസങ്ങൾക്കിടെ വൻ പരാജയങ്ങൾക്കാണ് ബോളിവുഡ് സാക്ഷിയായത്. വൻ ബജറ്റിൽ നിർമിച്ച ബഡേ മിയാ ഛോട്ടേ മിയാ, മൈദാൻ, യോദ്ധ തുടങ്ങിയ സിനിമകളെല്ലാം വൻ പരാജയങ്ങളായി മാറിയപ്പോഴാണ് കൽക്കി ആശ്വാസമായി മാറുന്നത്.

ആറു മാസത്തിനിടെ 20-30 ശതമാനം വരെ വരുമാനത്തിന്‍റെ കുറവാണ് ബോളിവുഡ് ഇൻഡസ്ട്രിയിൽ ഉണ്ടായിരിക്കുന്നത്. ചെറിയ ബജറ്റിൽ നിർമിച്ച ചില സിനിമകൾ തിയെറ്ററിലേക്ക് പ്രേക്ഷകരെ ആകർഷിച്ചുവെങ്കിലും വലിയ ഓളമൊന്നും സൃഷ്ടിക്കാൻ ആർക്കുമായില്ല. ലാപതാ ലേഡീസ് 20 കോടി രൂപയും മുൻജ്യാ 98 കോടി രൂപയുമാണ് സ്വന്തമാക്കിയത്.

അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ തുടങ്ങിയ ബോളിവുഡ് താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ടെങ്കിൽ പോലും തെന്നിന്ത്യൻ ചിത്രമാണ് കൽക്കി. എന്നിട്ടും ബോക്സ് ഓഫിസിൽ നിന്ന് മികച്ച കലക്ഷൻ ആണ് കൽക്കി നേടുന്നത്. തെലുങ്ക്, മലയാളം, തമിഴ് , മലയാളം വേർഷനുകളിൽ പുറത്തിറങ്ങിയ ചിത്രം 900 കോടി രൂപ ഇതിനിടെ സ്വന്തമാക്കിക്കഴിഞ്ഞു. ഉത്തരേന്ത്യയിൽ നിന്ന് മാത്രം ചിത്രം 300 കോടി സ്വന്തമാക്കിയേക്കും.

അജയ് ദേവ്ഗൺ നായകനായ സ്പോർട്സ് ഡ്രാമ മൈദാൻ 253 കോടി രൂപ മുടക്കിയാണ് ചിത്രീകരിച്ചത്. എന്നാൽ വെറും 63 കോടി രൂപ മാത്രമാണ് ചിത്രം ഇന്ത്യയിൽ നിന്ന് കലക്റ്റ് ചെയ്തത്. 350 കോടി രൂപ ചെലവഴിച്ച് നിർമിച്ച ബഡേ മിയാൻ ഛോട്ടേ മിയാൻ 110 കോടിയും 55 കോടി രൂപ ചെലവഴിച്ച് നിർമിച്ച സിദ്ധാർഥ് മൽഹോത്രയുടെ യോദ്ധ 42 കോടി രൂപയുമാണ് കലക്റ്റ് ചെയ്തത്. ദേവ്ഗണിന്‍റെ ഹൊറർ ചിത്രം ഷെയ്ത്താനാണ് കൂട്ടത്തിൽ അൽപ്പമെങ്കിലും മികവു പുലർത്തിയകത്. ചിത്രം 147 കോടി രൂപ സ്വന്തമാക്കി. രാജ് കുമാർ റാവുവിന്‍റെ ശ്രീകാന്ത് 47 കോടിയും നേടി.

ഹൃത്വിക് റോഷന്‍റെ ഫൈറ്റർ ഒരു ഹിറ്റ് ചിത്രമായിരുന്നു. എങ്കിലും 250 കോടി രൂപ ചെലവഴിച്ച് നിർമിച്ച സിനിമയിൽ നിന്ന് ആഗോളതലത്തിൽ തിരിച്ചു കിട്ടിയത് 300 കോടി രൂപ മാത്രമാണ്. തേരി ബാത്തോം മേ ഏസാ ഉൽജാ ജിയാ, ആർട്ടിക്കിൾ 370 എന്നിവയും ഹിറ്റുകളിൽ ഉൾപ്പെടുന്നുണ്ട്.

എങ്കിൽ പോലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വലിയ കുറവു തന്നെയുണ്ടെന്ന് ട്രേഡ് അനലിസ്റ്റ് കോമൾ നാഹ്ത പറയുന്നു. 2023ൽ ജനുവരി മുതൽ മേയ് വരെ 1,443 കോടി രൂപയാണ് ബോളിവുഡ് നേടിയിരുന്നത്. എന്നാൽ ഇത്തവണ ഇതു വരെ 1,251 കോടി മാത്രമേ സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളൂ.

പഠാൻ, ജവാൻ, ടൈഗർ 3, ആനിമൽ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളാണ് കഴിഞ്ഞ വർഷം ബോളിവുഡിന് ഉണ്ടായിരുന്നത്. അത്തരമൊരു സൂപ്പർ ഹിറ്റ് ചിത്രം ഈ വർഷം ഇതുവരെ ഉണ്ടായിട്ടില്ല. തെന്നിന്ത്യയിൽ ഹിന്ദി ചിത്രങ്ങൾക്ക് വേണ്ടത്ര പ്രേക്ഷകർ ഇല്ലാതായത് കലക്ഷനെ കാര്യമായി ബാധിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.