ബിസിനസ് ലേഖകൻ
കൊച്ചി: ലോകത്തിലെ പ്രമുഖ മാധ്യമ കമ്പനിയായ വാള്‍ട്ട് ഡിസ്നിയുടെ സ്റ്റാര്‍ ഇന്ത്യയെ ഏറ്റെടുക്കാനുള്ള ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഭീമന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ നീക്കത്തിനെതിരെ നിയന്ത്രണ ഏജന്‍സിയായ കോംപറ്റീഷന്‍ കമ്മിഷന്‍ ഒഫ് ഇന്ത്യ (സിസിഐ) രംഗത്ത്. ലോകത്തിലെ ഏറ്റവും വലിയ വിനോദ വ്യവസായ വിപണിയായ ഇന്ത്യയില്‍ വലിയ കുത്തകവത്കരണത്തിന് ഇരു കമ്പനികളുമായുള്ള ലയനം കാരണമാകുമെന്നാണ് സിസിഐ സംശയിക്കുന്നത്.
വാര്‍ട്ട് ഡിസ്നിയുടെ ഇന്ത്യയിലെ ആസ്തികള്‍ 72,000 കോടി രൂപയ്ക്ക് (850 കോടി ഡോളര്‍) വാങ്ങാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒരുങ്ങുന്നത്. ഇതു സാധ്യമായാൽ ജിയോസിനിമക്കൊപ്പം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും റിലയൻസിനു കീഴിലാകും. എന്നാല്‍, ലയനത്തിന് അനുമതി നല്‍കിയാല്‍ ഈ രംഗത്തെ മറ്റു കമ്പനികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സിസിഐ വിലയിരുത്തുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്താതിരിക്കാന്‍ കാരണം ബോധിപ്പിക്കാനും ഇരു കമ്പനികളോടും കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ലയനത്തിന്‍റെ വിശദാംശങ്ങള്‍ തേടി റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ഡിസ്നിക്കും സിസിഐ 100 ചോദ്യങ്ങള്‍ അയച്ചിരുന്നു. വിപണി മേധാവിത്വം കുറയ്ക്കുന്നതിനായി പത്ത് ചാനലുകള്‍ വില്‍ക്കാമെന്നും കമ്പനികള്‍ സിസിഐയെ അറിയിച്ചു. അതേസമയം, ക്രിക്കറ്റ് സംപ്രേഷണ അവകാശങ്ങള്‍ വിറ്റൊഴിയാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.
റിലയന്‍സിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം18നാണ് ഡിസ്നിയുടെ ഇന്ത്യയിലെ ആസ്തികള്‍ ഏറ്റെടുക്കാൻ ശ്രമിക്കന്നത്. ടിവി സംപ്രേഷണം, സ്ട്രീമിങ്, ഒടിടി, സിനിമ, സ്പോർട്സ് എന്നിവയടങ്ങുന്ന പുതിയ കമ്പനിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 61 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും.
ഏഷ്യയിലെ അതിസമ്പന്നനായ മുകേഷ് അംബാനിക്ക് ഭൂരിപക്ഷ ഓഹരി പങ്കാളിത്തമുള്ള പുതിയ കമ്പനിക്ക് ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം ലഭിക്കുന്നതാണ് സിസിഐയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നത്. അതിനാല്‍ വിപണി പൂര്‍ണമായും നിയന്ത്രിക്കാനും പരസ്യദാതാക്കളുടെ മേല്‍ ആധിപത്യം നേടാനും കഴിയുമെന്നും അവര്‍ വിലയിരുത്തുന്നു. 120 ചാനലുകളും രണ്ട് സ്ട്രീമിങ് സര്‍വീസുകളുടെയും ഉടമസ്ഥാവകാശമാണ് ലയന ശേഷം കമ്പനിക്ക് ലഭിക്കുക.
ലോകത്തിലെ ഏറ്റവും വലിയ വിനോദ വ്യവസായ വിപണിയുടെ സിംഹഭാഗവും ലയന ശേഷം റിലയന്‍സ്-സ്റ്റാര്‍ ഇന്ത്യയ്ക്ക് സ്വന്തമാകും. പ്രധാന എതിരാളികളായ സോണി, സീ എന്‍റര്‍ടെയ്‌ന്‍മെന്‍റ്, നെറ്റ്ഫ്ളിക്സ്, ആമസോണ്‍ എന്നിവയുടെ മത്സരശേഷിയെ ലയനം ബാധിക്കുമെന്നും വിലയിരുത്തുന്നു.