ഹോംബാലെ ഫിലിംസിന്‍റെ ആദ്യ മലയാള ചിത്രം സസ്പെൻസ് ത്രില്ലറായ "ധൂമം " ട്രെയിലർ പുറത്തിറങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്ന് ജൂൺ 23 ന് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നു.
ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ തന്നെ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയ നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് തങ്ങളുടെ ആദ്യ മലയാള ചിത്രം 'ധൂമം' ത്തിന്‍റെ ട്രെയിലർ പുറത്തിറക്കി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമ ഒരു സസ്പെൻസ് ത്രില്ലറാണ്.
A few Souls leave behind a trail (er) of Smoke and Mirrors എന്ന ടാഗ്‌ലൈനോടുകൂടിയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്.
തീവ്രമായ കാഴ്ചയുടെ ലോകത്തേക്കുള്ള പ്രേക്ഷകർക്കുള്ള ക്ഷണം കൂടിയാണ് ഈ ട്രെയിലർ. എന്താണ് ചിത്രത്തിലുള്ളത് എന്നറിയാൻ പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്ന തരത്തിലാണ് ട്രെയിലർ ഒരുക്കിയിട്ടുള്ളത്.
'ലൂസിയ', 'യു-ടേൺ' തുടങ്ങിയ ചിത്രങ്ങളിലൂടെ പേരുകേട്ട പവൻ കുമാർ രചനയും സംവിധാനവും നിർവഹിക്കുകയും ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ വിജയ് കിരഗന്തൂർ നിർമിക്കുകയും ചെയ്‌ത 'ധൂമം' ഫഹദ് ഫാസിൽ, അപർണ ബാലമുരളി, അച്യുത്കുമാർ എന്നിവരുൾപ്പെടെയുള്ള താരനിരയാൽ സാമ്പുഷ്ടമാണ്. ഇവരെ കൂടാതെ റോഷൻ മാത്യു, വിനീത് രാധാകൃഷ്ണൻ, അനു മോഹൻ, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
'ധൂമം' മലയാള ചലച്ചിത്ര വ്യവസായത്തിലെ ഹോംബാലെ ഫിലിംസിന്‍റെ അരങ്ങേറ്റവും രാജകുമാര, 'കെജിഎഫ്' സീരീസ്, 'കാന്താര' എന്നിവയുടെ വൻ വിജയത്തിന് ശേഷമുള്ള അടുത്ത വലിയ റിലീസുമാണ്. മലയാളം, തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായി റിലീസ് ചെയ്യുന്നു. ദക്ഷിണേന്ത്യയിലുടനീളം ഗുണനിലവാരമുള്ള സിനിമ എത്തിക്കുന്നതിനുള്ള ഹോംമ്പാലെ പ്രൊഡക്ഷൻ ഹൗസിന്‍റെ പ്രതിബദ്ധതകൂടിയാണ് ഈ സിനിമയുടെ വൈഡ് റിലീസ് എടുത്തുകാണിക്കുന്നത്.
'ധൂമ'ത്തിൽ, അവിയും (ഫഹദും) ദിയയും (അപർണ) സമയത്തിനെതിരായ ഒരു നീക്കത്തിൽ കുടുങ്ങിപ്പോകുന്നു. അപകടം എല്ലാ കോണിലും പതിയിരിക്കുന്നത് അവർ അറിയുന്നു. ഭൂതകാലത്തിൽ നിന്നുള്ള ആത്മാക്കൾ അവരുടെ നിലനിൽപ്പിന് തന്നെ ഭീഷണിയുയർത്തുന്നതിനായി പിന്നിലുണ്ട്. നായകന്മാരും വില്ലന്മാരും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞു തുടങ്ങുമ്പോൾ, അവർ അവരുടെ അഗാധമായ ഭയത്തെ അഭിമുഖീകരിക്കുകയും അവരുടെ സുരക്ഷിതത്വബോധം വീണ്ടെടുക്കാൻ സങ്കൽപ്പിക്കാനാവാത്ത ത്യാഗങ്ങൾ ചെയ്യുകയും വേണം എന്ന അവസ്ഥ വരുന്നു.
അപർണയുടെ കഥാപാത്രത്തിന്‍റെ പ്രത്യേകത പ്രേക്ഷകരിൽ കൗതുകമുണർത്തുന്നു. ട്രെയിലർ വളരെ വ്യത്യസ്തവും കാഴ്ചക്കാരെ അവരുടെ ഇരിപ്പിടങ്ങളിൽ നിർത്തുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന ഒന്നാണ്.
'ധൂമ'ത്തിന് സംഗീതം പകർന്നിരിക്കുന്നത് പ്രതിഭാധനനായ പൂർണചന്ദ്ര തേജസ്വിയാണ്. പ്രശസ്ത ഛായാഗ്രാഹക പ്രീത ജയറാം തന്‍റെ ചാരുതയാർന്ന മികവ് കൊണ്ട് 'ധൂമ'ത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി. നിരൂപക പ്രശംസ നേടിയ 'യു ടേൺ' എന്ന സിനിമയിൽ പവനുമായി സഹകരിച്ച് പരിചയസമ്പന്നനായ എഡിറ്ററായ സുരേഷ് തന്‍റെ അസാധാരണമായ എഡിറ്റിംഗ് വൈദഗ്ധ്യം 'ധൂമ'ത്തിന് ഒരു മുതൽക്കൂട്ട് ആണ് .
മികച്ച പ്രൊഡക്ഷൻ ഡിസൈനിലൂടെ അംഗീകരിക്കപ്പെട്ട അനീസ് നാടോടി, സിനിമയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് തന്‍റെ വൈദഗ്ധ്യമേറിയ പ്രവർത്തന പാടവം സംഭാവന ചെയ്തിട്ടുണ്ട്.
വസ്ത്രലങ്കാര വിദഗ്ധ പൂർണിമ രാമസ്വാമി, ഓരോ കഥാപാത്രത്തിന്‍റെയും വസ്ത്രധാരണം അവരുടെ വ്യക്തിത്വത്തെ അടിസ്ഥാനപ്പെടുത്തി സ്ക്രീനിൽ അവരുടെ സാന്നിധ്യം വർധിപ്പിക്കുന്ന തരത്തിൽ വളരെ സൂക്ഷ്മമായി തന്നെ തയ്യാറാക്കിയിട്ടുണ്ട്.