ആസിഫ് അലിയെ അപമാനിച്ചതായി തോന്നിയില്ല, രമേഷ് നാരായണൻ അങ്ങനെ ഒരാളല്ല; പ്രതികരണവുമായി സംവിധായകൻ ജയരാജ്
കൊച്ചി: പൊതുവേദിയിൽ നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ സംഗീത സംവിധായകൻ രമേഷ് നാരായണൻ വിസമ്മതിച്ച സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ ജയരാജ്. ആസിഫ് അലിയുടെ കൈയിൽ നിന്ന് പുരസ്കാരം സ്വീകരിച്ച ശേഷമാണ് രമേഷ് നാരായണൻ പുരസ്കാരം തനിക്ക് കൈമാറിയതെന്നും അത് ചിത്രത്തിന്‍റെ സംവിധായകനോടുള്ള നന്ദി പ്രകടനമായിരുന്നിരിക്കാം എന്നും ജയരാജ് പറഞ്ഞു. ആസിഫ് അലിയെ അപമാനിച്ചുവെന്ന് തോന്നിയില്ല. അത്തരത്തിൽ പെരുമാറുന്ന ഒരു വ്യക്തിയല്ല രമേഷ് നാരായണൻ എന്നും ജയരാജ് പറഞ്ഞു.
എം.ടി. വാസുദേവൻ നായരുടെ കഥകൾ ഉൾപ്പെടുത്തി നിർമിച്ച സിനിമാ സമാഹാരമായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിനിടെയാണ് രമേഷ് നാരായണൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ വിസമ്മതിച്ചത്. സ്വർഗം തുറക്കുന്ന സമയം എന്ന സിനിമയാണ് കൂട്ടത്തിൽ ജയരാജ് സംവിധാനം ചെയ്തിരിക്കുന്നത്.
ഈ ചിത്രത്തിനു വേണ്ടിയാണ് രമേഷ് നാരായണൻ സംഗീതം ചെയ്തിരിക്കുന്നത്. സ്വർഗം തുറക്കുന്ന സമയം എന്ന ചിത്രത്തിന്‍റെ അണിയറപ്രവർത്തകരെ ആദരിച്ചപ്പോൾ രമേഷ് നാരായണനെ വേദിയിലേക്ക് വിളിച്ചിരുന്നില്ല. ഈ സംഭവത്തിൽ രമേഷ് നാരായണൻ വിഷമത്തിലായിരുന്നു. ഇതു സംഘാടകരെ അറിയിച്ചപ്പോഴാണ് സംഘാടകർ ആസിഫ് അലിയെ പുരസ്കാരം സമ്മാനിക്കാനായി ക്ഷണിച്ചതെന്നും ജയരാജ് വ്യക്തമാക്കി.