#രഞ്ജിത്ത് കൃഷ്ണ
ആദ്യാവസാനം പ്രേക്ഷകരെ ആവേശത്തിരയിലേറ്റി ഫഹദ് ഫാസിൽ ചിത്രം ആവേശത്തിന്‍റെ മാസ് എൻട്രി. രോമാഞ്ചത്തിനു ശേഷം ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. പേരിനെ അന്വർഥമാക്കുന്ന തരത്തിൽ ഗംഭീരമായി ക്രാഫ്റ്റ് ചെയ്ത കോമഡി മാസ് എന്‍റർടൈനറാണ് ആവേശം.
ബംഗളൂരുവിലെ ഒരു എൻജിനീറിംഗ് കോളേജിനെ ചുറ്റിപ്പറ്റി നടക്കുന്ന ചിത്രത്തിൽ രംഗൻ എന്ന ഗുണ്ടയായാണ് ഫഹദ് എത്തുന്നത്. കേരളത്തിൽ നിന്ന് എത്തുന്ന വിദ്യാർഥികളും കോളേജിൽ നടക്കുന്ന സംഭവ വികാസങ്ങളുമാണ് 'ആവേശ'ത്തിന്‍റെ പ്രധാന കഥാതന്തു എങ്കിലും ഒരു ഗ്യാങ്സ്റ്റർ മൂവിയായിക്കൂടി ചിത്രത്തിനെ പരിഗണിക്കാവുന്നതാണ്. അക്ഷരാർഥത്തിൽ ഫഫദ് ഫാസിലിന്‍റെ രംഗൻ കഥാപാത്രത്തിന്‍റെ അഴിഞ്ഞാട്ടമാണ് ചിത്രത്തിലുടനീളം കാണാൻ കഴിഞ്ഞത്. ആദ്യാവസാനം വരെ നിറഞ്ഞു നിന്ന കയ്യടികളും കൂട്ടച്ചിരിയും പ്രേക്ഷകന് മികച്ച അനുഭവം നൽകും. കൂടാതെ മികച്ച ഇന്‍റര്‍വെല്‍ ബ്ലോക്കും ഗംഭീര ക്ലൈമാക്‌സും കൂടിയായതോടെ തിയറ്ററിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഒരു ഭൂകമ്പ പ്രതീതിയാണ് അനുഭവിക്കുക.
യൂത്തന്മാരുടെ ഇടയിൽ 'രംഗ'ന്‍റെ 'എടാ മോനെ' എന്ന ഡയലോഗ് ട്രെൻഡ് ആവുമെന്നതിൽ യാതൊരു സംശയവുമില്ല. ജാൻ എ മൻ, രോമാഞ്ചം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സജിൻ ഗോപു അവതരിപ്പിച്ച 'അംബാൻ' എന്ന കഥാപാത്രത്തിന് ഫഹദിനൊപ്പം കയ്യടി നേടുന്നുണ്ട്. ഇവരെ കൂടാതെ പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, റോഷന്‍, മിഥുന്‍ ജെഎസ്, മൻസൂർ അലി ഖാൻ, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരും തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങൾ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.
ഇടമുറിയാതെത്തിയ മാസ് ബി ജി എമ്മാണ് ആവേശത്തിന്‍റെ മറ്റൊരു ആകർഷണം. സുഷിൻ ശ്യാമാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
ചിത്രത്തിലെ ഫൈറ്റ് സീനുകളും പാട്ടുകളും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു. മികച്ച വിഷ്വൽ ട്രീറ്റ് നൽകുന്ന ആവേശത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സമീര്‍ താഹിറാണ്. അന്‍വര്‍ റഷീദ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും പങ്കാളിയായി നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. ഒന്നും ആലോചിക്കാതെ രണ്ടര മണിക്കൂർ പൊട്ടിച്ചിരിച്ച് ആഘോഷിക്കണമെങ്കിൽ ധൈര്യമായി ടിക്കറ്റ് എടുക്കാം.