താരങ്ങളുടെ പ്രതിഫലം കുത്തനെ കൂടി, സിനിമ ഷൂട്ടിങ്ങുകൾ നിർത്താൻ നിർമാതാക്കൾ

നാല് കോടിക്കു മുകളിലാണ് എല്ലാ മുൻനിര താരങ്ങളുടെയും പ്രതിഫലം. കൗമാര താരം പോലും ആവശ്യപ്പെടുന്നത് ഒന്നരക്കോടി രൂപ
Malayalam cinema producers mull stopping shooting
സിനിമ ചിത്രീകരണം നിർത്തിവയ്ക്കാൻ നിർമാതാക്കൾAI
Updated on

കൊച്ചി: സിനിമയിൽ യുവതാരങ്ങളടക്കം പ്രതിഫലം കുത്തനെ ഉയർത്തിയതോടെ നിർമാതാക്കൾ പ്രതിസന്ധിയിൽ. പ്രമുഖ താരങ്ങളും യുവതാരങ്ങളും കൂടാതെ സാങ്കേതിക വിദഗ്‌ധരും പ്രതിഫലം ഉയർത്തിയിരിക്കുകയാണ്. അതിനാൽ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ താര സംഘടനയായ 'അമ്മ'യ്ക്ക് കത്തു നൽകി.

വലിയ തുക പ്രതിഫലം ചോദിക്കുന്നതു കാരണം ചില നിർമാതാക്കൾ സിനിമകൾ പോലും ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്ക് കടക്കുകയാണ്. നാല് കോടിക്കു മുകളിലാണ് എല്ലാ മുൻനിര താരങ്ങളുടെയും പ്രതിഫലം. ഒരു മലയാള സിനിമയ്ക്ക് യുവതാരം ആവശ്യപ്പെട്ടത് അഞ്ച് കോടി രൂപയാണ്. ഇതോടെ സിനിമയുടെ മുഴുവൻ പ്രതിഫലം 15 കോടിയിലധികമാകും.

വലിയ തുകയ്ക്ക് സിനിമ വാങ്ങുന്നത് ഒടിടി പ്ലാറ്റ്‌ഫോമുകൾ നിർത്തിയതോടെ തിയേറ്ററിൽ നിന്നുമാത്രം ലഭിക്കുന്ന തുക ലാഭമുണ്ടാക്കുന്ന കാര്യത്തിലും സംശയമാണ്. കൗമാര താരം പോലും ആവശ്യപ്പെടുന്നത് ഒന്നരക്കോടി രൂപയാണെന്നും, ഛായാഗ്രാഹകരിൽ ചിലർ ദിവസവേതനത്തിനാണ് വരാൻ തയാറാകുന്നതെന്നും നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ശ്രദ്ധേയരായ സംഗീത സംവിധായകർ പ്രതിഫലത്തിനു പകരം സിനിമയിലെ ഗാനങ്ങളുടെ പകർപ്പവകാശമാണ് വാങ്ങുന്നത്. തുടർന്ന് ഇവർ വമ്പൻ തുകയ്ക്ക് മ്യൂസിക് കമ്പനികൾക്ക് വിൽക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ തിയേറ്ററിൽ നിന്നു ലഭിക്കുന്ന വരുമാനം മാത്രം എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് നിർമാതാക്കൾ.

'അമ്മ'യുടെ പുതിയ ഭാരവാഹികളുടെ ആദ്യ യോഗത്തിൽ നിർമാതാക്കളുടെ പ്രശ്നം ചർച്ചയാകുമെന്നാണ് പ്രതീക്ഷ. സാങ്കേതിക വിദഗ്ധരുടെ പ്രതിഫലത്തെക്കുറിച്ച് ഫെഫ്കയെ അറിയിക്കാനും തീരുമാനമായിട്ടുണ്ട്. ഇതേ പ്രശ്നം നേരിട്ട തമിഴ് സിനിമ നിർമാതാക്കൾ സിനിമകൾ ചിത്രീകരിക്കേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു. മലയാള സിനിമയിലും താരങ്ങളും മറ്റ് അണിയറ പ്രവർത്തകരും വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ അതേ മാതൃക കേരളത്തിലും സ്വീകരിക്കേണ്ടതായി വരുമെന്നാണ് നിർമാതാക്കൾ മുന്നറിയിപ്പ് നൽകുന്നത്.

Trending

No stories found.

Latest News

No stories found.