ഗീതഗോവിന്ദത്തിന്‍റെ കഥക് നൃത്താവിഷ്കാരം ഡിജിറ്റൽ രൂപത്തിൽ

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജയദേവ കവികള്‍ എഴുതിയ ഗീതഗോവിന്ദത്തില്‍ 24 ഗീതങ്ങളാണുള്ളത്
ഗീതഗോവിന്ദത്തിന്‍റെ കഥക് നൃത്താവിഷ്കാരം ഡിജിറ്റൽ രൂപത്തിൽ
Updated on

തിരുവനന്തപുരം: അഞ്ച് വര്‍ഷത്തെ പ്രയത്നത്തിനൊടുവില്‍ ജയദേവകവികളുടെ പ്രസിദ്ധമായ ഗീതഗോവിന്ദത്തിന്‍റെ കഥക് നൃത്താവിഷ്കാരം സമ്പൂര്‍ണ ഡിജിറ്റല്‍ രൂപത്തില്‍ തയ്യാറായി.

കഥക് ഗുരു ഡോ. പാലി ചന്ദ്രയും കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 200 ഓളം പേരടങ്ങുന്ന നാട്യസൂത്ര-ഇന്‍വിസ് സംഘവും ചേര്‍ന്നാണ് ഈ ഉദ്യമം പൂര്‍ത്തിയാക്കിയത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജയദേവ കവികള്‍ എഴുതിയ ഗീതഗോവിന്ദത്തില്‍ 24 ഗീതങ്ങളാണുള്ളത്. ശ്രീകൃഷ്ണനും രാധയും സഖിമാരുമൊത്ത് യമുനാതീരത്ത് നടത്തിയ രാസക്രീഡയെ പ്രതിപാദിക്കുന്നതാണ് ഈ കൃതി. 24 ഗീതങ്ങളുടെയും മുഴുവന്‍ വരികളും പൂര്‍ണമായി നൃത്തരൂപത്തിലാക്കി എന്നതും പ്രത്യേകതയാണ്.

പ്രൊഫഷണല്‍ നര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സാംസ്ക്കാരിക കുതുകികള്‍ എന്നിവരാകും ഇതിന്‍റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്ന് സ്വിറ്റ്സര്‍ലാന്‍റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. പാലി ചന്ദ്ര പറഞ്ഞു. കഥക്കിലെ ഇതിഹാസങ്ങളായ ഗുരു വിക്രമസിംഗിന്‍റെയും ഗുരു കപില രാജിന്‍റെയും ശിഷ്യയാണ് ഡോ. പാലി. ലഖ്നൗവില്‍ ജനിച്ച ഡോ. കപില കഥക്കിന്‍റെ ലോക അംബാസിഡറായാണ് കണക്കാക്കുന്നത്.

സംസ്കൃതത്തിലാണ് നൃത്തരൂപം ചിട്ടപ്പെടുത്തിയതെങ്കിലും ഇംഗ്ലീഷ് അടിക്കുറിപ്പുകളും നല്‍കിയിട്ടുണ്ട്. കാവ്യത്തിന്‍റെ പദാനുപദ അര്‍ഥം പ്രത്യേകമായി തന്നെ കൊടുത്തിരിക്കുന്നു. ഗീതഗോവിന്ദത്തിന്‍റെ അന്തസ്സത്ത ഇംഗ്ലീഷിലുള്ള വിവരണത്തിന്‍റെ സഹായത്തോടെ അഭിനയത്തിലൂടെ ഡോ. പാലി ചന്ദ്ര അവതരിപ്പിക്കുന്നുണ്ട്.

ഗീതഗോവിന്ദത്തിന്‍റെ ഇ-ബുക്ക്, കോഫി ടെബിള്‍ ബുക്ക്, ചുവര്‍ച്ചിത്രങ്ങള്‍, അലങ്കാര ചിത്രങ്ങള്‍, പരമ്പരാഗത കരകൗശലവസ്തുക്കള്‍ എന്നിവയും നാട്യസൂത്ര ഉടന്‍ ഒരുക്കും.

Trending

No stories found.

Latest News

No stories found.