വിജയ് - ലോകേഷ് കനകരാജ് ചിത്രത്തിന്‍റെ വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ

ചിത്രം പൂജ അവധികളോടനുബന്ധിച്ച് ഒക്ടോബർ 19ന് റിലീസിനെത്തും
വിജയ് - ലോകേഷ് കനകരാജ് ചിത്രത്തിന്‍റെ വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ
Updated on

കൊച്ചി: കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള ഇതരഭാഷാ നടനാണ് ഇളയ ദളപതി വിജയ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങൾ ഒരുക്കി കേരളത്തിൽ ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞ യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. ഇരുവരും ഒന്നിക്കുന്ന "ലിയോ" എന്ന ചിത്രത്തെക്കുറിച്ച് വൻ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്. ചിത്രം പൂജ അവധികളോടനുബന്ധിച്ച് ഒക്ടോബർ 19ന് റിലീസിനെത്തും.

തുടക്കം മുതൽതന്നെ കേരളത്തിലെ വിതരണാവകാശത്തിന് വൻ ഡിമാൻഡാണ് ഉണ്ടായിരുന്നത്. 5 പ്രധാന വിതരണക്കാരാണ് കേരളത്തിൽ ഇതിനായി മത്സരരംഗത്തുള്ളത്. ഏറ്റവും പുതിയ വിവരമനുസരിച്ച് കൂടുതൽ തുകയുമായി മുന്നിൽ നിൽക്കുന്നത് ഗോകുലം ഗോപാലനാണ്. നിലവിലുള്ള സാഹചര്യം കണക്കിലെടുത്താൽ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാവും കേരളത്തിൽ ലിയോ പ്രദർശനത്തിന് എത്തിക്കുന്നത്.

സെവൻ സ്‌ക്രീൻ സ്റുഡിയോസിന്‍റെ ബാനറിൽ എസ്. ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്. കമൽ ഹാസൻ നായകനായ "വിക്രം" എന്ന സിനിമയുടെ വമ്പൻ വിജയത്തിനു ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി 'ലിയോ'യ്ക്കുണ്ട്.

അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായാണ് "ലിയോ" ഒരുങ്ങുന്നത്. എല്ലാ ഭാഷകളിൽ നിന്നുമുള്ള നടീനടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നു. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്‍റണി എന്നിർ അഭിനയിക്കുന്നു. പ്രധാനമായൊരു വേഷം സഞ്ജയ് ദത്താണ് കൈകാര്യം ചെയ്യുന്നത്. ആക്ഷൻ കിംഗ് അർജുനും തെന്നിന്ത്യൻ താരറാണി തൃഷയുമെല്ലാം ചിത്രത്തിന്‍റെ ഭാഗമാണ്.

പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്‍റെ കേരളത്തിലെ വൻ വിജയത്തിനു ശേഷം ശ്രീ ഗോകുലം മൂവീസ് ഏറെ പ്രതീക്ഷയോടെ കാണുന്ന ചിത്രമാണ് 'ലിയോ'. ശ്രീ ഗോകുലം മൂവീസ് വിതരണത്തിനെടുക്കുന്ന ചിത്രങ്ങൾക്കു നൽകുന്ന വൻ പ്രമോഷൻ ഇതര ഭാഷാ സിനിമകളുടെ അണിയറ പ്രവർത്തകരെ ആകർഷിക്കുന്നതാണ്. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്‍റെ ഓൾ ഇന്ത്യാ പ്രൊമോഷൻ പരിപാടികൾ ആദ്യം തുടങ്ങിയത് കേരളത്തിലായിരുന്നു. താരങ്ങളും അണിയറപ്രവർത്തകർക്കും ഇവിടെ ലഭിച്ച വൻ വരവേൽപ്പ് തമിഴ്നാട്ടിൽ പോലും ചർച്ചയായിരുന്നു.

ലൈക്ക പ്രൊഡക്ഷൻസിറ്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്, അതുകൊണ്ട് തന്നെ ലൈക്കയുടെ അണിയറയിൽ ഒരുങ്ങുന്ന, ഷങ്കർ- കമൽ ഹസൻ ചിത്രം ഇൻഡ്യൻ-2, രജനികാന്ത് ചിത്രം ലാൽ സലാം, അജിത് ചിത്രം എന്നിവയും ശ്രീ ഗോകുലം മൂവീസ് തന്നെ കേരളത്തിൽ എത്തിക്കാനാണ് സാധ്യത. ശക്തമായ വിതരണ ശൃംഖലയും ശ്രീ ഗോകുലം മൂവീസിന്‍റെ പിൻബലമാണ്.

Trending

No stories found.

Latest News

No stories found.