Harisree Ashokan
ഹരിശ്രീ അശോകൻ

'പഞ്ചാബി ഹൗസ്' നിർമാണത്തിലെ അപാകത: ഹരിശ്രീ അശോകന് നഷ്ടപരിഹാരം നൽകണം

എതിർ കക്ഷികളുടെ പ്രവർത്തി അധാർമിക വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേർചിത്രമാണെന്ന് കോടതി
Published on

കൊച്ചി: പ്രശസ്ത നടൻ ഹരിശ്രീ അശോകന്‍റെ "പഞ്ചാബി ഹൗസ്" എന്ന വീടിന്‍റെ നിർമാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 17,83, 641 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃതർക്ക പരിഹാര കോടതി. എതിർകക്ഷികളായ എറണാകുളത്തെ പി.കെ. ടൈൽസ് സെന്‍റർ, കേരള എജിഎൽ വേൾഡ് എന്നീ സ്ഥാപനങ്ങളിൽനിന്ന്, ഇറക്കുമതി ചെയ്ത ഫ്ലോർ ടൈൽസ് അശോകൻ വാങ്ങുകയും തറയിൽ വിരിക്കുകയും ചെയ്തിരുന്നു. എൻഎസ് മാർബിൾ വർക്സിന്‍റെ ഉടമ കെ.എ. പയസിന്‍റെ നേതൃത്വത്തിലാണ് ടൈൽസ് വിരിക്കുന്ന ജോലികൾ ചെയ്തത്. വീടിന്‍റെ പണികൾ പൂർത്തിയായി അധികനാൾ കഴിയും മുൻപ് തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിൽ പ്രവേശിക്കുവാൻ തുടങ്ങുകയും ചെയ്തു. പലവട്ടം എതിർ കക്ഷികളെ സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് അശോകൻ ഉപഭോക്തൃകോടതിയെ സമീപിച്ചത്.

ഉത്പന്നം വാങ്ങിയതിന് രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും, ഉത്പന്നത്തിന്‍റെ ന്യൂനത സംബന്ധിച്ച് യാതൊരുവിധ തെളിവുകളുമില്ലെന്നും വാറന്‍റിയുമായി ബന്ധപ്പെട്ട രേഖകളൊന്നുമില്ലെന്നതുമടക്കമുള്ള നിലപാടുകളാണ് എതിർകക്ഷികൾ കോടതിയിൽ സ്വീകരിച്ചത്. ടൈൽസ് വിരിച്ചത് തങ്ങളല്ലെന്നും അവർ വാദിച്ചു.

ഇൻവോയ്‌സും വാറന്‍റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നൽകാതെ ഉപയോക്താവിന്‍റെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമ മം അനുശാസിക്കുന്ന, അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിർ കക്ഷികളുടെ പ്രവർത്തി അധാർമിക വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേർചിത്രമാണെന്ന് കോടതി വിലയിരുത്തി.

ഉപയോക്താവിനെ വ്യവഹാരത്തിന് നിർബന്ധിതനാക്കിയ എതിർകക്ഷികളുടെ പ്രവൃത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് അഭിപ്രായപെട്ടു.

''കെട്ടുപിണഞ്ഞതും സങ്കീർണ്ണവുമായ പാതകളിലൂടെ ഉപഭോക്താവിനെ അനാവശ്യമായി വലയ്ക്കുന്ന അധാർമികമായ വ്യാപാര രീതിയുടെയും സേവനത്തിലെ ഗുരുതരമായ ന്യൂനതയുടെയും ഉത്തമ ദൃഷ്ടാന്തമാണ് ഈ പരാതിയിൽ നിന്ന് വെളിവാക്കപ്പെടുന്നത്'' എന്നാണ് വിധിന്യായത്തിൽ കോടതി വ്യക്തമാക്കിയിരിക്കുന്നത്.

പരാതിക്കാരനുണ്ടായ കഷ്ട നഷ്ടങ്ങൾക്ക് രണ്ടാംഎതിർകക്ഷി 16,58,641രൂപ നൽകണം. കൂടാതെ,നഷ്ടപരിഹാരമായി എതിർകക്ഷികൾ ഒരു ലക്ഷം രൂപയും കോടതിച്ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നൽകാനും കോടതി നിർദേശിച്ചു. പരാതിക്കാരനു വേണ്ടി അഡ്വ. ടി.ജെ. ലക്ഷ്മണ അയ്യർ ഹാജരായി.