പനാജി: ഇന്ത്യ അന്താരാഷ്‌ട്ര ചലച്ചിത്ര മേള (IFFI) ഗോവയിൽ തിങ്കളാഴ്ച മുതൽ. സത്യജിത് റായ് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് ഹോളിവുഡ് നടനും നിർമാതാവുമായ മൈക്കൽ ഡഗ്ലസിന് മേളയിൽ വച്ച് സമ്മാനിക്കും. ഭാര്യയും പ്രശസ്ത നടിയുമായ കാതറിൻ സീറ്റ ജോൺസിനൊപ്പം അദ്ദേഹം ഐഎഫ്‌എഫ്‌ഐയ്ക്ക് എത്തുന്നുണ്ട്.
ഇനോക്സ് പഞ്ചിം, മക്വിനെസ് പാലസ്, ഇനോക്സ് പോർവോറിം, സെഡ് സ്ക്വയർ സമ്രാട്ട് അശോക് എന്നീ വേദികളിലായി 270-ലധികം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. 54-മത്തെ ഐഎഫ്എഫ്‌ഐയുടെ അന്താരാഷ്‌ട്ര വിഭാഗത്തിൽ198 സിനിമകൾ ഉണ്ടാകും. 53-ാം ഐഎഫ്‌എഫ്‌ഐയേക്കാൾ 18 എണ്ണം കൂടുതലാണിത്.
13 വേൾഡ് പ്രീമിയർ, 18 ഇന്‍റർനാഷണൽ പ്രീമിയർ, 62 ഏഷ്യ പ്രീമിയർ, 89 ഇന്ത്യ പ്രീമിയർ എന്നിവ ഇതിൽ ഉണ്ടാകും. ഈ വർഷം IFFI-ക്ക് 105 രാജ്യങ്ങളിൽ നിന്ന് 2926 എൻട്രികൾ ലഭിച്ചു. ഇതിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3 മടങ്ങ് അന്താരാഷ്‌ട്ര എൻട്രികൾ ഉണ്ടായി. ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള 25 ഫീച്ചർ ഫിലിമുകളും 20 നോൺ ഫീച്ചർ സിനിമകളും പ്രദർശിപ്പിക്കും. ഫീച്ചർ വിഭാഗത്തിലെ ആദ്യ പ്രദർശനം മലയാളം ചിത്രമായ "ആട്ടം" ആണ്. കൂടാതെ നോൺ ഫീച്ചർ വിഭാഗത്തിൽ മണിപ്പൂരിൽ നിന്നുള്ള "ആൻഡ്രോ ഡ്രീംസ്" ആണ് ആദ്യ പ്രദർശനത്തിന് ഒരുക്കിയിട്ടുള്ളത്.
ഈ വർഷം മികച്ച വെബ് സീരീസ് (OTT) അവാർഡ് എന്ന വിഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. 15 ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് 10 ഭാഷകളിലായി 32 എൻട്രികൾ ലഭിച്ചു. മികച്ച പരമ്പരകൾ സമാപന ചടങ്ങിൽ പ്രഖ്യാപിക്കും.
ലോകമെമ്പാടുമുള്ള ശ്രദ്ധേയമായ ചില ഡോക്യുമെന്‍ററികൾ ഉൾക്കൊള്ളുന്ന ഒരു ഡോക്യു-മോണ്ടാഷ് വിഭാഗവും അവതരിപ്പിച്ചിട്ടുണ്ട്. ഈ വർഷത്തെ ഇന്ത്യയുടെ ഓസ്‌കാർ പ്രവേശനത്തെ അടയാളപ്പെടുത്തുന്നതിനും ഇന്ന് ചലച്ചിത്ര നിർമാണത്തിൽ ഡോക്യുമെന്‍ററികളുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം എടുത്തുകാട്ടുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഇതിനുപുറമെ, ഇന്ത്യൻ ക്ലാസിക്കുകളുടെ കേടുവന്ന സെല്ലുലോയിഡ് റീലുകളിൽ നിന്ന് നാഷണൽ ഫിലിം ഹെറിറ്റേജ് മിഷന്‍റെ (NFHM) കീഴിൽ എൻ എഫ് ഡി സി -എൻ എഫ് എ ഐ വീണ്ടെടുത്ത 7 ലോകോത്തര പ്രീമിയറുകൾ ഉൾക്കൊള്ളുന്ന ഒരു 'റീ സ്റ്റോർഡ് ക്ലാസിക്' വിഭാഗവും അവതരിപ്പിച്ചിട്ടുണ്ട്. പ്രമുഖ സിനിമാ നിർമാതാക്കൾ, ഛായാഗ്രാഹകർ, അഭിനേതാക്കൾ എന്നിവരുമായി 20-ലധികം ‘മാസ്റ്റർ ക്ലാസുകൾ’, ‘ഇൻ കോൺവർസേഷൻ’സെഷനുകൾ എന്നിവയും ഉണ്ടാകും.