ശരത് ഉമയനല്ലൂർ
സമകാലീനതയുടെ അഭിരുചികളോട് കലഹിച്ചുകൊണ്ട് അവർ സിനിമയ്ക്ക് പുതിയ ലാവണ്യശാസ്ത്രം ചമയ്ക്കുന്നു. എല്ലാ മുന്നുപാധികളെയും നിഷേധിച്ചുകൊണ്ട് അവർ സൃഷ്ടിയുടെ സ്വരൂപം പുതിയതാക്കുന്നു. ആഖ്യാനത്തിന്റെയും അവതരണത്തിന്റെയും ആലക്തിക സൗന്ദര്യം കൊണ്ട് ഭ്രമിപ്പിക്കുന്നു. വരും നാളുകളിലെ സിനിമയുടെ അവസ്ഥയും വളർച്ചയും തളർച്ചയും പുതുതലമുറ സംവിധായകർക്കും സിനിമാ ആസ്വാദകർക്കും ബോധ്യപ്പെടും വിധം ചിന്തിക്കാനും പറയാനും ഇടമൊരുക്കി രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പൺ ഫോറങ്ങൾ. സിനിമ നെഞ്ചിലേറ്റുന്ന പുതുതലമുറയ്ക്ക് ഒരു പാഠശാലയായി മാറുകയാണ് ഈ തുറന്നു പറച്ചിലിടങ്ങൾ. കണ്ട സിനിമയെക്കുറിച്ച് പറയാനും ഉറക്കെ ചിന്തിക്കാനും അനുഭൂതിയുടെ പുതിയ വൻകര ഈ ചർച്ചകൾ വാഗ്ദാനം ചെയ്യുന്നു.
ഓരോ ദിവസത്തെയും പ്രധാന സിനിമകൾ പ്രദർശിപ്പിച്ച ശേഷം അതിന്റെ അണിയറ പ്രവർത്തകരുമായി ആസ്വാദകർക്ക് നേരിട്ട് സംവദിക്കാനുള്ള അവസരം. സിനിമ ചർച്ച ചെയ്യുന്ന രാഷ്ട്രീയ പരിസരം, അധിനിവേശം, ഇടം, വംശീയത, സർഗാത്മകത, പ്രത്യാഘാതം, കഥാപാത്ര സൃഷ്ടി, മാനറിസങ്ങൾ, നാടിനോട് പറഞ്ഞു വയ്ക്കുന്നത്, സിനിമയുണ്ടാക്കുന്ന പ്രതികരണങ്ങൾ, ഭരണകൂട ഭീകരത, നിയന്ത്രണം... ഇങ്ങനെ പോകുന്നു ഓപ്പൺ ഫോറത്തിലെ സംവാദങ്ങൾ. ആസ്വാദകന് എതിർക്കാം, ചോദ്യം ചെയ്യാം അനുകൂലിക്കാം അതിന്റെ എല്ലാം സ്വതന്ത്ര ഇടമായി ഓപ്പൺ ഫോറങ്ങൾ മാറുന്നുണ്ടെന്നു ഡെലിഗേറ്റുകൾ സാക്ഷ്യപ്പെടുത്തുന്നു. ഓരോ സിനിമയും വിട്ടിറങ്ങി വരുന്ന പ്രേക്ഷകർ അന്വേഷിക്കുന്നത് ഓപ്പൺ ഫോറത്തിന്റെ സമയമാണ്. സിനിമ കാണുന്നത്ര ഡെലിഗേറ്റുകൾ തന്നെയുണ്ട് ഈ തുറന്ന ചർച്ചയിലും പങ്കെടുക്കാൻ. മിക്കപ്പോഴും വർത്തമാനകാല രാഷ്ട്രീയ അന്തരീക്ഷം രോഷത്തോടെയും സങ്കടത്തോടെയും ചിലപ്പോഴൊക്കെ ശാന്തരായും സംവിധായകർ പ്രതികരിക്കാറുണ്ട്, പ്രേക്ഷകനും.
സയീദ് മിർസ, ഗോൾഡ സെല്ലം, ഡോൺ പാലത്തറ, ഗഗൻ ദേവ്, ജിയോ ബേബി, പ്രശാന്ത് വിജയ്, ആനന്ദ് ഏകർഷി, ടി.വി. ചന്ദ്രൻ , ഷാജി എൻ. കരുൺ , സന്തോഷ് ബാബുസേനൻ, ശരത് കുമാർ, രഞ്ജൻ പ്രമോദ്, വനൂരി കഹിയൂ, റിത ഗോമസ് തുടങ്ങി കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ പ്രേക്ഷരോട് സംവദിച്ച സംവിധായകരും അണിയറ പ്രവർത്തകരും നിരവധി.എല്ലാ ശബ്ദങ്ങളേയും ആശയങ്ങളേയും ഉൾകൊള്ളുന്ന ആഗോള മാനവികതയുടെ ഇരിപ്പിടമായി ചലച്ചിത്ര മേഖല മാറണമെന്ന് കെനിയൻ സംവിധായിക വനൂരി കഹിയൂ പറയുന്നു.സത്യസന്ധമായ കലാസമീപനമാണ് അരവിന്ദന്റെ ചിത്രങ്ങളെ വേറിട്ടുനിർത്തുന്നതെന്ന് പ്രശസ്ത സംവിധായകനും കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനുമായ സയീദ് മിർസ. മേളയിലെ സംവാദ വേദികളിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തത് ബോളിവുഡ് സംവിധായകൻ സയീദ് മിർസയുമായുള്ള ചർച്ചയ്ക്കായിരുന്നു.
സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം, മനുഷ്യരുടെ ആഴത്തിലുള്ള അറിവുസമ്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് . മാനവികത എന്ന വിഷയത്തെ ചലച്ചിത്ര പ്രവർത്തകർ സമീപിക്കുന്നതിലും അതിന്റെ സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രേക്ഷകന് ഇഷ്ടപ്പെടുമെന്ന് കരുതി താൻ സിനിമകൾ നിർമ്മിക്കാറില്ലെന്നും ഉള്ളിലെ ആശയമാണ് തന്റെ സിനിമയെന്നും സംവിധായകൻ ആനന്ദ് ഏകർഷി പറഞ്ഞു. ബിഗ്ബജറ്റ് ചിത്രങ്ങൾക്കുള്ള പരിമിതികൊണ്ട് കൂടിയാണ് മലയാള സിനിമയിൽ മാറ്റങ്ങൾ ഉണ്ടാകുന്നതിന് വേഗത കുറവ് സംഭവിയ്ക്കുന്നതെന്നും ഡ്രാമയിൽ ഇപ്പോഴും മലയാളം കുടുങ്ങികിടക്കുകയാണന്നും വിഘ്നേഷ് പി. ശശിധരൻ പറഞ്ഞു.സിനിമയെ സാംസ്കാരിക വിനിമയോപാധിയായാണ് കാണുന്നതെന്ന് ഇറാനിയൻ നിർമ്മാതാവ് ഇനാൻ ഷാ.
സംവിധായകരെ ലിംഗഭേദമനുസരിച്ച് വിശേഷിപ്പിക്കേണ്ടതില്ലെന്നും കഴിവുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്നും പോർച്ചുഗീസ് സംവിധായിക റിത അസവേദോ ഗോമസ് .'വനിതാ സംവിധായിക' എന്ന അഭിസംബോധന താൻ ഇഷ്ടപ്പെടുന്നില്ല . സാമൂഹികമായ വലിയ വെല്ലുവിളികളെ മറികടന്നാണ് താൻ സംവിധായികയായതെന്നും അവർ അഭിപ്രായപ്പെടുന്നു. ഇങ്ങനെ സിനിമയുടെ അവസ്ഥയും വളർച്ചയും തളർച്ചയും പുതുതലമുറ സംനവിധായകർക്കും സിനിമാ ആസ്വാദകർക്കും ബോധ്യപ്പെടും വിധം തന്നെയാണ് ഓരോ ഓപ്പൺ ഫോറവും ഐഎഫ്എഫ്കെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കലഹത്തിന്റെയും കലാപത്തിന്റെയും കാലത്തെ സർഗാത്മക സംവാദങ്ങളായി തിരസ്ക്കരിയ്ക്കാൻ കഴിയാത്തവിധം ഓപ്പൺ ഫോറങ്ങൾ രാജ്യാന്തര മേളയുടെ സ്പന്ദനമായി മാറുകയാണ്.