ഹോളിവുഡിലെ ഡോൾബി തിയെറ്ററിൽ തൊണ്ണൂറ്റഞ്ചാമത് ഓസ്കർ പുരസ്കാര ചടങ്ങുകൾക്കു മണിക്കൂറുകൾ മാത്രം ബാക്കി. ഇക്കുറി ഇന്ത്യൻ പ്രതീക്ഷകൾ വാനോളമാണ്. ഇനിയൊരു പുലരി പിറക്കുന്നതു ആഗോള അംഗീകാരത്തിന്‍റെ തിളക്കത്തോടെയാകുമെന്ന പ്രതീക്ഷ അത്രയധികം ഉയരത്തിലാണ്. മൂന്നു നോമിനേഷനുകളുമായി ഇന്ത്യൻ സാന്നിധ്യം ആഗോള സിനിമയുടെ വേദിയിൽ രേഖപ്പെടുത്തപ്പെടുത്തുകയാണ്.
ഒറിജിനൽ സോങ് വിഭാഗത്തിൽ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനവും, ഡോക്യുമെന്‍ററി ഫീച്ചർ സെക്ഷനിൽ വൈൽ ഓൾ ദാറ്റ് ബ്രീത്ത്സും, ഡോക്യുമെന്‍ററി ഷോർട്സിൽ ദ എലഫന്‍റ് വിസ്പറേഴ്സും നോമിനേഷനിലുണ്ട്. നാട്ടു നാട്ടു ഗാനത്തിന്‍റെ അവതരണവും അവാർഡ് വേദിയിലുണ്ടാകും. എസ് എസ് രാജമൗലി, കീരവാണി, ജൂനിയർ എൻടിആർ, രാംചരൺ എന്നിവരും വേദിയിലെത്തും.
പരുക്കേറ്റ പക്ഷികളെ പരിചരിക്കുന്ന സഹോദരങ്ങളുടെ ജീവിതം പറയുന്ന ഡോക്യുമെന്‍ററിയാണ് ഓൾ ദാറ്റ് ബ്രീത്ത്സ്. ഒന്നര മണിക്കൂറാണു ദൈർഘ്യം. ഷൗനക് സെൻ സംവിധാനം ചെയ്തിരിക്കുന്ന ഓൾ ദാറ്റ് ബ്രീത്ത്സ് ഡൽഹിയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങിയിരിക്കുന്നത്.
മനുഷ്യനും മൃഗവും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ കഥ പറയുന്ന ദ എലിഫന്‍റ് വിസ്പറേഴ്സ് തമിഴ്നാട്ടിലെ മുതുമലൈ ടൈഗർ റിസർവ് പശ്ചാത്തലമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്. നാൽപതു മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്‍ററിയുടെ സംവിധാനം കാർത്തികി ഗോൺസാൽവസ്. ഇത്തവണ അവതാരകയുടെ വേഷത്തിൽ ദീപിക പദുക്കോണും ഉണ്ടാകും. ഇന്ത്യൻ സമയം പുലർച്ചെ 5.30നാണു പുരസ്കാര ചടങ്ങുകൾ ആരംഭിക്കുക.