പനാജി: ലോകത്തെ ഏറ്റവും വലുതും അഭിമാനകരവുമായ 14 അന്താരാഷ്‌ട്ര മത്സര ചലച്ചിത്ര മേളകളിൽ ഒന്നായ ഇന്ത്യ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്ഐ) 54ാം പതിപ്പിന് ഇന്നു ഗോവയിലെ പനാജിയിൽ തുടക്കം.
ആഗോള ചലച്ചിത്ര മേളകളെ നിയന്ത്രിക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ ഇന്‍റർനാഷണൽ ഫെഡറേഷന്‍റെ അംഗീകാരമുള്ള ഈ ഗംഭീര വാർഷിക സിനിമാ മേളയിൽ ലോകത്തെയും രാജ്യത്തെയും ഏറ്റവും മികച്ച സിനിമകളെ ഉൾക്കൊള്ളുന്നു. ലോകത്തെയും രാജ്യത്തെയും ചലച്ചിത്ര വ്യവസായ പ്രമുഖർ മേളയിൽ പ്രതിനിധികളും അതിഥികളും പ്രഭാഷകരുമായി പങ്കെടുക്കുമെന്ന് നാഷണൽ ഫിലിം ഡവലപ്മെന്‍റ് കോർപ്പറേഷൻ (എൻഎഫ്ഡിസി) എംഡിയും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം (ഫിലിംസ്) ജോയിന്‍റ് സെക്രട്ടറിയുമായ പ്രിഥുൽ കുമാർ പറഞ്ഞു.
ഐഎഫ്എഫ്‌ഐയുടെ പ്രധാന ആകർഷണീയത ലോക സിനിമയിലെ മികവിന് നൽകുന്ന സത്യജിത് റായ് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡാണ്. ഹോളിവുഡ് നടനും നിർമാതാവുമായ മൈക്കൽ ഡഗ്ലസിനാണ് ഇത്തവണത്തെ ഈ പുരസ്കാരം. സിനിമയിലെ ഏറ്റവും മികച്ച അന്താരാഷ്‌ട്ര വ്യക്തിത്വങ്ങളിൽ ഒരാളായ അദ്ദേഹം അഭിമാനകരമായ അവാർഡ് സ്വീകരിക്കാൻ ഭാര്യയും പ്രശസ്ത നടിയുമായ കാതറിൻ സീറ്റ ജോൺസിനൊപ്പം അദ്ദേഹം മേളയിലെത്തും.
നാലു വേദികളിലായി 270ലധികം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. അന്താരാഷ്‌ട്ര വിഭാഗത്തിൽ 198 സിനിമകൾ ഉണ്ടാകും. കഴിഞ്ഞ മേളയിലേക്കാൾ 18 എണ്ണം കൂടുതലാണിത്. 13 വേൾഡ് പ്രീമിയർ, 18 ഇന്‍റർനാഷണൽ പ്രീമിയർ, 62 ഏഷ്യ പ്രീമിയർ, 89 ഇന്ത്യ പ്രീമിയർ എന്നിവ ഇതിലുണ്ടാകും. ഈ വർഷം 105 രാജ്യങ്ങളിൽ നിന്ന് 2,926 എൻട്രികൾ ലഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3 മടങ്ങ്.
ഇന്ത്യൻ പനോരമ വിഭാഗത്തിൽ രാജ്യത്തു നിന്നുള്ള 25 ഫീച്ചർ ഫിലിമുകളും 20 നോൺ ഫീച്ചർ സിനിമകളും പ്രദർശിപ്പിക്കും. ഫീച്ചർ വിഭാഗത്തിലെ ആദ്യ പ്രദർശനം മലയാളം ചിത്രമായ "ആട്ടം' ആണ്. നോൺ ഫീച്ചർ വിഭാഗത്തിൽ മണിപ്പുരിൽ നിന്നുള്ള "ആൻഡ്രോ ഡ്രീംസ് ' ആണ് ആദ്യ പ്രദർശനത്തിന് ഒരുക്കിയിട്ടുള്ളത്.
ഈ വർഷം മികച്ച വെബ് സീരീസ് (ഒടിടി) അവാർഡ് എന്ന വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. 15 ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് 10 ഭാഷകളിലായി 32 എൻട്രികൾ ലഭിച്ചു. മികച്ച പരമ്പരകൾ സമാപന ചടങ്ങിൽ പ്രഖ്യാപിക്കും. അവയ്ക്ക് സർട്ടിഫിക്കറ്റുകളും 10 ലക്ഷം രൂപയും സമ്മാനമായി നൽകും.
ലോകമെമ്പാടുമുള്ള ശ്രദ്ധേയമായ ചില ഡോക്യുമെന്‍ററികൾ ഉൾക്കൊള്ളുന്ന ഒരു ഡോക്യു- മോണ്ടാഷ് വിഭാഗവും അവതരിപ്പിച്ചിട്ടുണ്ട്. ഈ വർഷത്തെ ഇന്ത്യയുടെ ഓസ്‌കാർ പ്രവേശനത്തെ അടയാളപ്പെടുത്താനും ചലച്ചിത്ര നിർമാണത്തിൽ ഡോക്യുമെന്‍ററികളുടെ വർധിച്ചുവരുന്ന പ്രാധാന്യം എടുത്തുകാട്ടാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഇതിനുപുറമെ, ഇന്ത്യൻ ക്ലാസിക്കുകളുടെ കേടുവന്ന സെല്ലുലോയിഡ് റീലുകളിൽ നിന്ന് നാഷണൽ ഫിലിം ഹെറിറ്റേജ് മിഷന്‍റെ കീഴിൽ എൻഎഫ്ഡിസി -എൻഎഫ്എഐ വീണ്ടെടുത്ത 7 ലോകോത്തര പ്രീമിയറുകൾ ഉൾക്കൊള്ളുന്ന ഒരു "റീ സ്റ്റോർഡ് ക്ലാസിക്' വിഭാഗവും അവതരിപ്പിച്ചിട്ടുണ്ട്. പ്രമുഖ സിനിമാ നിർമാതാക്കൾ, ഛായാഗ്രാഹകർ, അഭിനേതാക്കൾ എന്നിവരുമായി 20ലധികം മാസ്റ്റർ ക്ലാസുകൾ, ഇൻ കോൺവർസേഷൻ സെഷനുകൾ എന്നിവയും ഉണ്ടാകും.