ആനന്ദത്തിന്‍റെ കൗമാരം മുതൽ പൂക്കാലത്തിന്‍റെ വാർധക്യം വരെ

'ആനന്ദ'ത്തിലെ കൗമാരത്തിൽനിന്ന് പൂക്കാലത്തിലെ വാർധക്യത്തിലെത്തുമ്പോൾ, ഇട്ടൂപ്പിനെയും കൊച്ചുത്രേസ്യാമ്മയെയും അതേ ഊഷ്മളതയോടെ കുടുംബപ്രേക്ഷകരുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിക്കാൻ സംവിധായകൻ ഗണേഷ് രാജിനു സാധിച്ചു
ആനന്ദത്തിന്‍റെ കൗമാരം മുതൽ പൂക്കാലത്തിന്‍റെ വാർധക്യം വരെ
Updated on

ഗണേഷ് രാജ് | പി.ജി.എസ്. സൂരജ്

പ്രായം ബാധിക്കാത്ത പ്രണയത്തിന്‍റെ പൂക്കാലമായിരുന്നു പൂക്കാലം എന്ന സിനിമ. കുടുംബബന്ധങ്ങളുടെ ആഴവും ഇഴയടുപ്പവും മുന്‍പെങ്ങുമില്ലാത്ത വിധം നഷ്ടമായിക്കൊണ്ടിരിക്കുന്ന കാലത്ത്, കലര്‍പ്പില്ലാത്ത സ്നേഹത്തിന്‍റെ കഥ പറഞ്ഞ ചിത്രം. 'ആനന്ദം' എന്ന സിനിമയിലെ കൗമാര കുതൂഹലങ്ങളിൽനിന്ന് പൂക്കാലത്തിലെത്തുമ്പോൾ, എൺപതു വർഷം ഒരുമിച്ചു ജീവിച്ച ഇട്ടൂപ്പിനെയും കൊച്ചുത്രേസ്യാമ്മയെയും അതേ ഊഷ്മളതയോടെ കുടുംബപ്രേക്ഷകരുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിക്കാൻ സംവിധായകൻ ഗണേഷ് രാജിനു സാധിച്ചു. പൂക്കാലത്തിന്‍റെ വിശേഷങ്ങൾ ഗണേഷ് രാജ് മെട്രൊ വാര്‍ത്തയുമായി പങ്കുവയ്ക്കുന്നു.

പൂക്കാലം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷനും അനുഭവിക്കുന്നത് ഒരു തരം വിങ്ങിപ്പൊട്ടലുണ്ട്. അത്ര മനോഹരമായൊരു സിനിമാനുഭവം സമ്മാനിച്ച ആശയത്തിലേക്ക് എത്തിച്ചേർന്നത് എങ്ങനെയാണ്?

സിനിമ കണ്ടിറങ്ങുന്ന എല്ലാവര്‍ക്കും സ്നേഹവും സന്തോഷവും ഉണ്ടാകണമെന്നു വലിയ ആഗ്രഹമായിരുന്നു. അത് സാധിച്ചതില്‍ ഒരുപാട് സന്തോഷം. ഒരു പത്ര കട്ടിങ്ങില്‍ നിന്നാണ് ഈ കഥയുടെ ആശയം കിട്ടുന്നത്. ഇറ്റലിയില്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവമാണിത്. നൂറ് വയസുള്ള ഒരാള്‍ ഏകദേശം അത്രയും തന്നെ പ്രായമുള്ള ഭാര്യയെ ഡിവോഴ്സ് ചെയ്തു. അത് വായിച്ചപ്പോള്‍ തന്നെ വല്ലാത്തൊരു കൗതുകം തോന്നി. അന്‍പത് വര്‍ഷം മുന്‍പ് ആരോ തന്‍റെ ഭാര്യക്ക്‌ എഴുതിയ പ്രേമലേഖനമാണ് അയാളെ ഡിവോഴ്സിനു പ്രേരിപ്പിച്ചത്. വളരെ ചെറിയ ആ വാര്‍ത്തയിൽ ഒരു സിനിമയ്ക്കുള്ള കഥയുണ്ടെന്നു തോന്നി. അങ്ങനെയാണ് നമ്മുടെ പശ്ചാത്തലത്തിലേയ്ക്ക് ഈ കഥയെ പറിച്ചു നട്ടത്. ഈ പ്രായത്തിലുള്ളവരുടെ ഡിവോഴ്സ് പ്രമേയമായ സിനിമകള്‍ ഇന്ത്യന്‍ സിനിമയില്‍ കുറവായതിനാൽ ആശയം വളരെ ഫ്രഷ് ആയിരിക്കുമെന്ന് എനിക്ക് തോന്നി.

കേന്ദ്ര കഥാപാത്രത്തെ തീരുമാനിക്കുമ്പോള്‍ പല കാര്യങ്ങൾ ചിന്തിക്കണമല്ലോ; ബിസിനസ്സ് വാല്യൂ, സ്റ്റാര്‍ വാല്യൂ തുടങ്ങിയ പല ഘടകങ്ങളും. ഇട്ടൂപ്പിനെ അവതരിപ്പിക്കാൻ വിജയരാഘവന്‍ എന്ന നടനെ തെരഞ്ഞെടുത്തതിന് പിന്നില്‍ എന്തായിരുന്നു?

വളരെ ശരിയാണ്. ബിസിനസ്സ് വാല്യൂ, സ്റ്റാര്‍ വാല്യൂ തുടങ്ങിയ പല ഘടകങ്ങളെക്കുറിച്ചും കാര്യമായി തന്നെ ആലോചിക്കേണ്ടി വരും. എന്നാല്‍, ഏറ്റവുമാദ്യം ചിന്തിക്കേണ്ടത് ഇട്ടൂപ്പ് എന്ന കഥാപാത്രത്തെ പൂര്‍ണതയിലെത്തിക്കാന്‍ ഏതു നടനാണു സാധിക്കുക എന്നതാണ്. അങ്ങനെ നോക്കുമ്പോള്‍ വിജയരാഘവന്‍ സര്‍ ഈ കഥാപാത്രത്തെ നമ്മള്‍ മനസ്സില്‍ കണ്ടതിലും ഒരു പടി മുകളിലെത്തിച്ചു എന്നു പറയാം. ഇത്രയും വര്‍ഷത്തെ ഇരുത്തം വന്ന അഭിനയത്തിന്‍റെ അനുഭവങ്ങളുടെയെല്ലാം പരിച്ഛേദമായിരുന്നു ഇട്ടൂപ്പ്. അത്രയും പ്രായമായ ഒരു കഥാപാത്രത്തെ ഇതുവരെ അദ്ദേഹം ചെയ്തിട്ടില്ലായിരുന്നു.

ഞാന്‍ ഈ കഥയെഴുതുമ്പോള്‍ എനിക്ക് 32 വയസാണ്. എത്രയൊക്കെ പഠിച്ചാലും ഇത്തരമൊരു വിഷയത്തെക്കുറിച്ചെഴുതാനുള്ള ലോക പരിചയം എനിക്കില്ല. അതുകൊണ്ടു തന്നെ വിജയരാഘവന്‍ സാറിനെപ്പോലെ പരിചയസമ്പന്നനായ ഒരു നടനു മാത്രമേ ഈ കഥാപാത്രത്തെ അതിന്‍റെ പൂര്‍ണതയിലെത്തിക്കാന്‍ കഴിയൂ എന്നുറപ്പായിരുന്നു. വിജയരാഘവന്‍ സര്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് അന്‍പത് വര്‍ഷം കഴിഞ്ഞിരിക്കുന്നു.

ഈ കഥ കേരളീയ പാശ്ചാത്തലത്തിലേക്കു പറിച്ചു നട്ടപ്പോള്‍ ശ്രദ്ധിച്ച കാര്യങ്ങള്‍ എന്തൊക്കെയാണ്?

നമ്മുടെ നാട്ടില്‍ ഇപ്പോഴും സജീവമായി ചര്‍ച്ച ചെയ്യുപ്പെടുന്ന വിഷയമാണ് ഡിവോഴ്സ്. അതുപോലെ പുരുഷാധിപത്യ സമൂഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളും മറ്റൊരു കാലത്തുമില്ലാത്തതു പോലെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സ്ത്രീപുരുഷ സമത്വം, പഴയ തലമുറയ്ക്ക് പുതിയ തലമുറയോട് ചേർന്നു പോകാനുള്ള ബുദ്ധിമുട്ടുകൾ, അങ്ങനെ പല വിഷയങ്ങളും ഇപ്പോള്‍ സജീവ ചര്‍ച്ചയാണ്. ഇതെല്ലാം ഗൗരവമായി സ്പർശിച്ചാണ് ഞാന്‍ തിരക്കഥ തയാറാക്കിയത്. നൂറ് വയസിലെ ഡിവോഴ്സ് എന്ന കൗതുകത്തിനപ്പുറം, ഇത്തരം വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഈ കഥ പറയാന്‍ കഴിയുമല്ലോ എന്നാണ് ഞാന്‍ ചിന്തിച്ചത്.

വാർധക്യത്തിലുള്ളവരുടെ ജീവിതം സസൂക്ഷമം നിരീക്ഷിച്ച ശേഷമേ ഇത്തരമൊരു സിനിമ സംവിധാനം ചെയ്യാന്‍ സാധിക്കൂ. പൂക്കാലത്തിനു വേണ്ടിയുള്ള തയാറെടുപ്പുകൽ എന്തൊക്കെയായിരുന്നു?

രണ്ടു വർഷം മുൻപ് ഇതെഴുതുന്ന സമയത്ത് ഞാന്‍ വിവാഹം പോലും കഴിച്ചിട്ടില്ല. ഇട്ടൂപ്പിനെക്കുറിച്ചും കൊച്ചുത്രേസ്യയെക്കുറിച്ചും ഒന്നുമറിയില്ല എന്ന ധാരണയോടെ തന്നെയാണ് എഴുതിത്തുടങ്ങിയത്. അതുകൊണ്ടുതന്നെ പരാമാവധി പഠിച്ചു. സുഹൃത്തുകളുടെയെല്ലാം വീട്ടിലെ പ്രയമായവരെ പോയി കാണുകയും അവരുടെ ജീവിത കഥകള്‍ കേള്‍ക്കുകയും ചെയ്തു. പലരുടെയും ഇപ്പോഴത്തെ അവസ്ഥയും അവരെ അലട്ടുന്ന പ്രശ്നങ്ങളും ചോദിച്ചറിഞ്ഞു. അവരുടെ ദിനചര്യകളും ശീലങ്ങളും കൊച്ചു കുസൃതികളുമെല്ലാം നേരില്‍ക്കണ്ടു മനസിലാക്കി. മുതുകില്‍ പൊഡറിടുന്നതൊക്കെ അങ്ങനെ കൊണ്ടുവന്നതാണ്.

പരിചയത്തിലുള്ള ഏതെങ്കിലും വ്യക്തികളുടെ സ്വഭാവ സവിശേഷതകൾ ഇട്ടൂപ്പിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടോ?

സത്യത്തില്‍ ഇട്ടുപ്പിനെ രൂപപ്പെടുത്തിയതിന് പിന്നിലുള്ള ചിന്ത വളരെ കൗതുകമുള്ളതായിരുന്നു. 100 വയസുള്ള ഒരാള്‍ 80 വര്‍ഷം കൂടെ ജീവിച്ച ഭാര്യയെ ഡിവോഴ്സ് ചെയ്യണമെങ്കില്‍ അയാള്‍ എന്തു തരം മനുഷ്യനായിരിക്കും. ആ ചിന്തയില്‍ നിന്നാണ് ഇട്ടൂപ്പ് ഉണ്ടായത്. ഈ പ്രായത്തില്‍ ഇട്ടൂപ്പ് അത് പറയണമെങ്കില്‍, അയാളുടെ ആവശ്യത്തില്‍ ശരിയുണ്ടെന്ന് കാണുന്നവർക്കു തോന്നണം. അങ്ങനെ ചിന്തിച്ചപ്പോള്‍ ഇട്ടൂപ്പ് വളരെ എളുപ്പത്തില്‍ എനിക്ക് വഴങ്ങി. അതായത് ഇട്ടൂപ്പിനെ എഴുതിത്തുടങ്ങിയത് പിന്നിൽനിന്നാണ്.

കൊച്ചു ത്രേസ്യാമ്മയെ മനോഹരമാക്കിയ കെപിഎസി ലീലയെക്കുറിച്ച്....

ലീലാമ്മയാണ് പൂക്കാലത്തിന്‍റെ ഹൃദയം എന്നു പറയാം. അത്രയ്ക്ക് മനോഹരമായിട്ടാണ് ത്രേസ്യാമ്മ എന്ന കഥാപാത്രത്തെ അവർ അവതരിപ്പിച്ചിരിക്കുന്നത്. ഇട്ടൂപ്പ് എത്രത്തോളം കരുത്തനാണോ അത്രയും തന്നെ കരുത്തുള്ള കഥാപാത്രമാണ് ത്രേസ്യാമ്മയും. ആ കഥാപാത്രത്തിനായി ഒരുപാട് നടിമാരെ അന്വേഷിച്ചിരുന്നു. എന്നാല്‍, ആ പ്രായവുമായി ഒത്തുപോകാന്‍ പലര്‍ക്കും കഴിഞ്ഞില്ല. അങ്ങനെയിരിക്കുമ്പോഴാണ് ജയരാജ് സംവിധാനം ചെയ്ത രൗദ്രം 2018 എന്ന സിനിമയിലെ കഥാപാത്രത്തിന് ലീലാമ്മയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശമൊക്കെ കിട്ടിയിരുന്നു എന്നറിയുന്നത്. ലീലാമ്മയുടെ ഫോട്ടോ കണ്ടപ്പോള്‍ ത്രേസ്യാമ്മ എന്ന കഥാപാത്രത്തിന് ഏറ്റവും യോജിച്ച ആള്‍ തന്നെയെന്നു മനസിലുറപ്പിച്ചു. തുടര്‍ന്ന് നേരില്‍ പോയി കണ്ട് കഥപറഞ്ഞു. ആദ്യമായി അഭിനയിക്കാന്‍ വരുന്ന നടിക്ക് വേണ്ട തയാറെടുപ്പുകളോടെയാണ് അവർ ലൊക്കേഷനിലെത്തിയത്. അഭിനയത്തോട് അത്രയ്ക്ക് ഫയര്‍ ഉണ്ടായിരുന്നു ലീലാമ്മയ്ക്ക്. നാടകത്തിലും സിനിമയിലുമായി അന്‍പത് വര്‍ഷത്തില്‍ കൂടുതല്‍ അനുഭവപരിചയമുള്ള നടിയാണെന്നോര്‍ക്കണം.

ആനന്ദം എന്ന ചിത്രത്തിനു ശേഷം വലിയൊരു ഇടവേളയുണ്ടാകാൻ എന്തായിരുന്നു കാരണം?

ആനന്ദം കഴിഞ്ഞ ഉടനെ ഞാന്‍ മറ്റൊരു സിനിമ ചെയ്യാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. അതിന്‍റെ തിരക്കഥയും പൂര്‍ത്തിയാക്കിയിരുന്നു. ആ സിനിമ നടക്കുമെന്ന വിശ്വാസത്തില്‍ മൂന്ന് വര്‍ഷത്തോളം മുന്നോട്ടു പോയി. എന്നാല്‍, പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ അതു നടക്കാതെ വന്നു. ആ സിനിമ പിന്നീട് ചെയ്യാനായി മാറ്റിവച്ചു. അതിനു ശേഷമാണ് പൂക്കാലത്തിലേക്കു വന്നത്. അതെഴുതി, തരക്കേടില്ല സിനിമ തുടങ്ങാം, എന്നൊക്കെ വിചാരിചിരിക്കുമ്പോഴാണ് കൊവിഡ് വരുന്നത്. പ്രായമുള്ളവരെ വച്ചുള്ള സിനിമ ആയതുകൊണ്ടു തന്നെ കൊവിഡിനിടയില്‍ ഷൂട്ട്‌ ചെയ്യുന്നത് എളുപ്പമല്ലായിരുന്നു. അങ്ങനെ രണ്ട് വര്‍ഷം കൂടി കഴിഞ്ഞാണ് പൂക്കാലം ചിത്രീകരിച്ചത്. അങ്ങനെയാണ് ഇത്രയും വലിയ ഇടവേള വരുന്നത്. പക്ഷേ, തിരിഞ്ഞു നോക്കുമ്പോള്‍ അതു വളരെ നന്നായെന്നു തോന്നുന്നു.

ചെറിയ വേഷങ്ങളാണെങ്കിലും ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, അബു സലിം തുടങ്ങിയവരെല്ലാം ശ്രദ്ധേയമായ പ്രകടനം തന്നെ കാഴ്ചവച്ചിട്ടുണ്ടല്ലോ?

ബേസിലും വിനീതേട്ടനുമൊക്കെ എന്‍റെ അടുത്ത സുഹൃത്തുകളാണ്. ഇട്ടൂപ്പിന്‍റെ കുടുംബത്തില്‍ പുറത്ത് നിന്ന് കുത്തിത്തിരിപ്പുണ്ടാക്കുന്ന കുറച്ച് കഥാപാത്രങ്ങള്‍ വേണമായിരുന്നു. ഈ കഥാപാത്രങ്ങളിലൂടെയായിരുന്നു പ്രധാനമായും താമാശ കൊണ്ട് വരുന്നതും. ബേസിലും വിനീതേട്ടനുമൊക്കെ തങ്ങളുടെ കഥാപാതങ്ങളെ ഗംഭീരമാക്കി. അതുപോലെ തന്നെയാണ് അബൂക്കയുടെ പ്രകടനവും(അബു സലിം). അബൂക്കയെ സ്ഥിരം കാണുന്നതിൽനിന്നു മാറി സാധുവായ ഒരു കഥാപാത്രമാക്കണമെന്നായിരുന്നു ആഗ്രഹം. അദ്ദേഹം മനോഹരമായി അതു പൂർത്തിയാക്കുകയും ചെയ്തു. കുറേ സീനുകളിലോക്കെ അബൂക്ക കൈയില്‍ നിന്ന് കുറച്ച് ഡയലോഗ് ഒക്കെ ഇട്ടാണ് അഭിനയിച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസന്‍റെ സ്വാധീനം എത്രത്തോളമാണ്?

എന്‍റെ ഗുരുവും സുഹൃത്തും വഴികാട്ടിയുമൊക്കെയാണ് വിനീതേട്ടന്‍. എന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ തുടക്കങ്ങള്‍ക്കും മുന്‍പ് വിനീതേട്ടനെ അറിയിക്കുകയും അഭിപ്രായം ചോദിക്കുകയും ചെയ്യും. അത് അങ്ങനെ തന്നെ മുന്നോട്ടും സംഭവിക്കട്ടെ എന്നാണ് ആഗ്രഹം.

Trending

No stories found.

Latest News

No stories found.