റീൽസ് മുതൽ പ്രേമലു വരെ... ത്രില്ലടിച്ച് അഖില ഭാർഗവൻ
പി.ജി.എസ്. സൂരജ്
'എടാ നിനക്ക് കരിയറിനെക്കുറിച്ച് എന്തെങ്കിലും പ്ലാനുണ്ടോ? നാളെ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് വല്ല പിടിയുമുണ്ടോ? ഹൈദരാബാദിലെ പബ്ബിലിരുന്ന് സച്ചിനെ സെഡാക്കിയ കാർത്തികയെ ഓർമ്മയില്ലേ! പ്രേമലുവിലെ റീനുവിന്‍റെ കൂട്ടുകാരി... മുറുക്കാനും വായിലിട്ട് തനി ശങ്കരാടി സ്റ്റൈലില്‍ 'അമല്‍ ഡേവിസ് ഒരു രസികന്‍ തന്നെ' എന്ന ഒറ്റ ഡയലോഗില്‍ തന്നെ തിയേറ്ററില്‍ ചിരി നിറയ്ക്കാന്‍ കാർത്തികയുടെ വേഷത്തിലെത്തിയ അഖില ഭാർഗവന് സാധിച്ചു. മമിത ബൈജുവും നസ്‌ലിനും നായികാനായകന്മാരായ പ്രേമലു വന്‍വിജയമായപ്പോള്‍ പുതിയൊരു നായികയെ കൂടി മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്. പയ്യന്നൂര്‍ സ്വദേശിയായ അഖില ഭാര്‍ഗവന്‍റെ വിശേഷങ്ങളിലേയ്ക്ക്.
സ്നേഹം നിറഞ്ഞ പ്രേമലു
പ്രേമലു എന്‍റെ മൂന്നാമത്തെ സിനിമയാണ്. സിനിമ വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാലും സൗത്ത് ഇന്ത്യ മുഴുവന്‍ ഹിറ്റാകും എന്ന് പ്രതീക്ഷിരുന്നില്ല. ക്യാമറയ്ക്ക് പുറത്തും നല്ല ബോണ്ടിങ് ഉണ്ടാക്കിയെടുക്കാൻ ഞങ്ങള്‍ക്ക് കഴിഞ്ഞതുകൊണ്ടാകാം നന്നായി അഭിനയിക്കാനായത്. പിന്നെ നസ്ലിനെയും സംഗീത് പ്രതാപിനെയും (അമല്‍ ഡേവിസ്) നേരത്തെ പരിചയമുണ്ടായിരുന്നു. പൂവൻ സിനിമയുടെ ഷൂട്ടിന് ഒരു ദിവസം നസ്ലിനും ഉണ്ടായിരുന്നു. തണ്ണീർമത്തനിൽ സ്പോട്ട് എഡിറ്ററായിരുന്നു സംഗീതേട്ടൻ. ആ സമയം തൊട്ടുള്ള പരിചയം ഇവർ തമ്മിലുണ്ട്. പ്രേമലുവിൽ എനിക്ക് കൂടുതൽ കോമ്പിനേഷൻ സീനുകളും മമിതയുമായി ആയിരുന്നു. നേരത്തെ തന്നെ ഹിറ്റ് സിനിമകളുടെ ഭാഗമായ ഇവരൊക്കെ എങ്ങനെയാകും എന്നെ സ്വീകരിക്കുക എന്ന ടെൻഷനുണ്ടായിരുന്നു. പക്ഷേ ഏറെ നാളായി പരിചയം ഉണ്ടായിരുന്ന ഒരു സുഹൃത്തിനെപ്പോലെയാണ് മമിത എന്നെ പരിഗണിച്ചത്. ബോൾഡായ പെൺകുട്ടിയാണവൾ.
ഷൂട്ടിങ്ങിനു മുൻപ് കുറച്ചു ദിവസം മുന്‍പ് ആക്ടിംഗ് വർക്ക് ഷോപ്പ് ഉണ്ടായിരുന്നു. ആ സമയത്ത് ഞങ്ങൾ എല്ലാവരും തമ്മിൽ നല്ലൊരു ബന്ധം രൂപപ്പെട്ടു, കുറച്ചു സീനുകൾ റിഹേഴ്സൽ ചെയ്തു നോക്കി. തിരുവനന്തപുരത്തും കൊച്ചിയിലുമായാണ് പല സീനുകളും എടുത്തത്. ഹൈദരാബാദിൽ എത്തിയപ്പോഴേക്കും ഞങ്ങൾ തമ്മില്‍ നല്ല അടുപ്പത്തിലായി. ഞാനും മമിതയും മീനാക്ഷിയും ഒരുമിച്ചായിരുന്നു താമസിച്ചത്. മറ്റൊരു റൂമിൽ നസ്‌ലിനും ശ്യാം മോഹനും (ആദി) സംഗീത് ഏട്ടനും ഒരുമിച്ചായിരുന്നു. ഓരോ ദിവസവും ഷൂട്ട് കഴിഞ്ഞു ഞങ്ങളെല്ലാവരും ഒരുമിച്ച് കൂടും. പിന്നെ ആഹാരം ഉണ്ടാക്കി കഴിച്ച് വിശേഷങ്ങൾ ഒക്കെ പറഞ്ഞ് അടിച്ചുപൊളിക്കും. ഇതായിരുന്നു പതിവ്. ഒരു കുടുംബം പോലെയാണ് ഞങ്ങൾ അവിടെ കഴിഞ്ഞത്.
സിനിമ ഹിറ്റായതിന്‍റെ ത്രിൽ
സിനിമ ഹിറ്റായതിന്‍റെ ത്രില്ലിലാണ് ഇപ്പോഴും. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സൂപ്പർ ശരണ്യയും തണ്ണീർമത്തൻ ദിനങ്ങളും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയ സിനിമകളാണ്. പ്രേമലുവിലേക്ക് വരുമ്പോൾ സ്വാഭാവികമായും പ്രതീക്ഷകൾ കൂടുമെന്ന് അറിയാമായിരുന്നു. കൂടാതെ നിർമ്മാണം ഭാവന സ്റ്റുഡിയോസും. മിനിമം ഗ്യാരണ്ടി ഉറപ്പുള്ള രണ്ടു പേരുകൾ. പക്ഷേ ഇത്രയ്ക്ക് ഹിറ്റാകുമെന്ന് ഓർത്തില്ല. അതിന്‍റെ സന്തോഷത്തിലാണ് എല്ലാവരും. ഞാന്‍ ആദ്യമായി മുഴുനീള വേഷം ചെയ്ത സിനിമയാണ് പ്രേമലു. ആർ.ഡി.എക്സിന്‍റെ സംവിധായകൻ നഹാസ് ചേട്ടൻ, ആദർശ് ചേട്ടൻ, ഗ്രേസ് ആന്‍റണി, വിൻസി തുടങ്ങി നിരവധി താരങ്ങൾ സിനിമ കണ്ടിട്ട് അഭിനന്ദനങ്ങൾ അറിയിച്ചു.
അഖിലയിൽ നിന്ന് കാർത്തികയിലേക്ക്
നല്ല ബോൾഡായ പെൺകുട്ടിയാണല്ലോ കാർത്തിക എന്ന കഥാപാത്രം. പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി പറയുന്ന ആളാണ്. പക്ഷേ അഖില നേരെ തിരിച്ചാണ്. ഞാൻ പരമാവധി ഒതുങ്ങി കൂടുന്ന ടൈപ്പ് ആണ്. മുൻപ് ചെയ്ത രണ്ടു സിനിമകളിലെയും കഥാപാത്രങ്ങൾ ശ്രദ്ധിച്ചാൽ മതി. നാടൻ പെൺകുട്ടിയുടെ വേഷങ്ങള്‍ ആയിരുന്നു അതൊക്കെ. പക്ഷേ കാർത്തിക കുറച്ച് മോഡേൺ ആയ കുട്ടിയാണ്. പിന്നെ ഞാൻ തീരെ മെലിഞ്ഞിട്ടായിരുന്നു. കുറച്ചുകൂടി തടി വയ്ക്കണം എന്ന് ഷൂട്ടിങ് തുടങ്ങും മുന്നേ ഗിരീഷേട്ടൻ പറഞ്ഞിരുന്നു. മൈക്രോബയോളജി പഠിച്ച എന്നെ സംബന്ധിച്ച് ഒരു ബന്ധവുമില്ലാത്ത ഫീൽഡിൽ ജോലി ചെയ്യുന്ന കഥാപാത്രമായിരുന്നു കാർത്തിക. അതുകൊണ്ട് തന്നെ ഐടി ഫീൽഡിൽ ജോലി ചെയ്യുന്നവർക്ക് ഉള്ള ചില മാനറിസങ്ങളൊക്കെ നിരീക്ഷിച്ച് മനസ്സിലാക്കി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.
സെറ്റിലേറെ സന്തോഷം തോന്നിയ നിമിഷം
സന്തോഷിച്ച സമയങ്ങൾ ഒരുപാടുണ്ടാകാം. പക്ഷേ വല്ലാത്തൊരു സന്തോഷവും എക്സൈറ്റ്മെന്‍റും തോന്നിയത് ശ്യാമേട്ടനെ (ശ്യാം പുഷ്ക്കരന്‍) കണ്ടപ്പോഴാണ്. ശ്യാം ചേട്ടൻ പ്രേമലുവിന്‍റെ സെറ്റിൽ വന്നെന്ന് അറിഞ്ഞപ്പോൾ വല്ലാത്തൊരു എക്സൈറ്റ്മെന്‍റായിരുന്നു. മായാനദി, മഹേഷിന്‍റെ പ്രതികാരം പോലുളള കിടിലൻ സിനിമകളുടെ തിരക്കഥാകൃത്തെന്ന നിലയിൽ ഏറെ ഇഷ്ടമുള്ള വ്യക്തിയാണ്. കാണണമെന്ന ആഗ്രഹവുമുണ്ടായിരുന്നു. കാരവനിൽ ഇരിക്കുമ്പോഴൊക്കെ എന്നെ പരിചയം കാണില്ലെന്നായിരുന്നു എന്‍റെ ചിന്ത. പക്ഷേ അമ്പരപ്പിച്ചുകൊണ്ട് ഞാൻ അഭിനയിച്ച ഹ്രസ്വ ചിത്രം 'അനുരാഗ് എൻജിനീയറിങ് വർക്ക്സ്' കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. ഗിരീഷേട്ടനെ പോലെയാണ് ശ്യാം ചേട്ടനും. തമാശയൊക്കെ പറഞ്ഞ് എന്‍റർടെയിൻ ചെയ്യിക്കും.
ഓഫ് സ്ക്രീനിലും 'ജെകെ' മാർ
ആദിയും സച്ചിനും അമൽ ഡേവിസുമൊക്കെ ഓഫ്സ്ക്രീനിലും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ഷൂട്ടിങ് സമയത്ത് രസകരമായ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. മിനി കൂപ്പറിൽ ഉള്ള യാത്രയുടെ ഷൂട്ടൊക്കെ ഒരുപാട് എൻജോയ് ചെയ്തതാണ്. നല്ല വെയിലുള്ള സമയമായിരുന്നു അത്. കൂടാതെ നമ്മൾ നാലുപേരും തമ്മിൽ നല്ല വൈബുമായിരുന്നു. ഹൈദരാബാദിൽ മാത്രം ഒരു മാസത്തോളം ചിത്രീകരണമുണ്ടായിരുന്നു. സച്ചിന്‍റെ കഥാപാത്രം പറയുന്നതുപോലെ നാക്കാണ് ഇവരുടെ ആയുധം. ശ്യാമേട്ടൻ(ആദി), നസ്ലിൻ, സംഗീതേട്ടൻ ഇവരൊക്കെ എന്തു പറഞ്ഞാലും നമ്മൾ ചിരിച്ചുപോകും. എന്തുകാര്യവും ഭംഗിയായി അവതരിപ്പിക്കും. റിയൽ ലൈഫിലും ഹ്യൂമർ സെൻസുള്ളതിനാലാണ് അവരുടെ തമാശകൾക്ക് പ്രേക്ഷകർ ചിരിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ശ്യാമേട്ടൻ ജസ്റ്റ് കിഡിങ് മാത്രമല്ല ഡയലോഗുകൾ മനപാഠമാക്കുന്നതിലും അടിപൊളിയാണ്. ആദി എന്ന കഥാപാത്രത്തിന്‍റെ എല്ലാ ഡയലോഗും ശ്യാമേട്ടന് കാണാപാഠമായിരുന്നു. ഏത് സീൻ പറഞ്ഞാലും പുള്ളിക്ക് ആ ഡയലോഗ് ഓർമയുണ്ടായിരിക്കും.
അനുരാഗ് എൻജിനീയറിങ് വർക്ക്സിലേക്ക്
അനുരാഗ് എൻജിനീയറിങ് വർക്ക്സും എന്‍റെ സിനിമകളും തമ്മിൽ കണക്റ്റടാണ്. കിരൺ ജോസി സംവിധാനം ചെയ്ത അനുരാഗ് എൻജിനീയറിങ് വർക്സ് എന്ന ഷോർട്ട് ഫിലിമിന്‍റെ പ്രൊഡ്യൂസർ ആയിരുന്നു ഗീരിഷേട്ടൻ. പൂവൻ എന്ന ചിത്രത്തിന്‍റെ കോ പ്രൊഡ്യൂസറും അദ്ദേഹം തന്നെയായിരുന്നു. പൂവനിൽ അഭിനയിച്ചിട്ടുമുണ്ട് ഗിരീഷേട്ടൻ. അതുകൊണ്ട് തമ്മിൽ പരിചയമുണ്ടായിരുന്നു. ഒരു ദിവസം ഗിരീഷേട്ടൻ എന്നെ വിളിച്ചിട്ട് ഇങ്ങനെ ഒരു പടം ചെയ്യുന്നുണ്ട് ഒരു ഓഡിഷന് വരാമോ എന്ന് ചോദിച്ചു. ഞാൻ ചെന്നപ്പോൾ കിരൺ ഏട്ടനും ഗിരീഷേട്ടനും ആണ് ഉണ്ടായിരുന്നത്. പ്രേമലുവിലെ കാർത്തിക ബാറിൽ ഇരുന്ന് അമൽ ഡേവിസിനോട് ഒക്കെ സംസാരിക്കുന്ന സീനാണ് ചെയ്യാൻ തന്നത്. പരമാവധി നന്നായി തന്നെ ഞാനത് ചെയ്തു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്നെ വിളിച്ചു അദ്ദേഹം ഓക്കേ പറഞ്ഞു. പടത്തിൽ ജോയിൻ ചെയ്യണം എന്നും കൂട്ടിച്ചേർത്തു. ഗിരീഷേട്ടനെ പരിചയം ഉണ്ടെങ്കിലും സംവിധായകൻ എന്ന നിലയിൽ എങ്ങനെയായിരിക്കും എന്ന ടെൻഷനുണ്ടായിരുന്നു. പക്ഷേ ആൾ അടിപൊളിയാണെന്ന് സെറ്റിൽ ചെന്നപ്പോഴാണ് പിടികിട്ടിയത്.
റീൽസിലൂടെ സിനിമയിലേക്ക്
അഭിനയം നേരത്തെ ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് റീൽസ് വീഡിയോകൾ ചെയ്തിരുന്നത്. പക്ഷേ സിനിമയിലേക്കുള്ള വഴി അത് തുറക്കുമെന്ന് പ്രതീക്ഷിരുന്നതേയില്ല. ഡബ്‌സ്‌മാഷ്, മ്യൂസിക്കലി തുടങ്ങിയ ആപ്പുകൾ വൈറലായ സമയത്താണ് ഞാൻ വീഡിയോകൾ ചെയ്തു തുടങ്ങിയത്. പിന്നീട് ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലെ ആര്യ എന്ന താരത്തെ അനുകരിച്ച് വീഡിയോ ചെയ്തു. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ അത് വൈറലായി. അങ്ങനെയാണ് ബഡായി ബംഗ്ലാവിൽ അതിഥിയായി എത്തുന്നത്. ആദ്യത്തെ വിഷ്വൽ മീഡിയ അനുഭവം അതാണെന്ന് പറയുന്നതാകും ശരി. വൈകാതെ സിനിമയിലേക്ക് ഓഫറുകൾ വന്നു തുടങ്ങി. എന്തായാലും പഠനം പൂർത്തിയാക്കിയ ശേഷം നോക്കാമെന്നായിരുന്നു തീരുമാനം. പഠനം കഴിഞ്ഞു ജോലിക്ക് കയറി. അധികം വൈകാതെ കല്യാണവും കഴിഞ്ഞു. പിന്നെ ഞാനും ഭർത്താവും കൂടി ചേർന്നാണ് എ.ആർ റീൽസ് എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ ഒരു പേജ് തുടങ്ങിയത്. സിനിമകളിലെ സീനുകൾ അഭിനയിച്ച് റീൽസ് ചെയ്യുക. അതായിരുന്നു പ്രധാന പരിപാടി. ഒരു തമാശക്ക് വേണ്ടി തുടങ്ങിയതാണ്. പക്ഷേ അത് ആഗ്രഹിച്ചതിലേക്കുള്ള വഴിയായി.
കട്ടയ്ക്ക് കൂടെ നിൽക്കുന്ന വീട്ടുകാർ
അഭിനയമോഹത്തിന് വീട്ടിൽ നിന്ന് നല്ല പിന്തുണയുണ്ട്. കണ്ണൂരിലെ പയ്യന്നൂരാണ് എന്‍റെ നാട്. അച്ഛനും അമ്മയും ഏട്ടനും ഭർത്താവും അടങ്ങുന്നതാണ് കുടുംബം. എംഎസ് സി മൈക്രോബയോളജി പഠിച്ച ശേഷം മൈക്രോബയോളജിസ്റ്റ് ആയി ജോലി നോക്കിയിരുന്നു. ഭർത്താവ് രാഹുൽ ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്മെന്റിൽ ഓഫീസർ ആയി ജോലി ചെയ്യുകയാണ്. കലാപരമായ കാര്യങ്ങളിൽ പിന്തുണ നല്കുന്നത് ഭർത്താവ് തന്നെയാണ്. എന്‍റെ ചേട്ടൻ ജിതിൻ ഭാർഗവനും ഏറെ പിന്തുണ നൽകിയിരുന്നു. ഞാൻ എവിടെയെങ്കിലും എത്തണമെന്നാഗ്രഹിച്ചവർ ഇവർ രണ്ടുപേരുമാണ്. പ്രേമലുവിൽ എന്‍റെ ഭാവിവരനായി എത്തുന്നതും രാഹുലേട്ടനാണ്. അനുരാഗ് എൻജിനീയറിങ് വർക്സിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രാഹുലേട്ടന് അഭിനയിക്കാനൊക്കെ ഇഷ്ടമാണ്. ഞങ്ങളൊരേ നാട്ടുകാരാണ്. ഫെയ്സ്ബുക്കിലൂടെയാണ് പരിചയം. പൂർണമായും പ്രണയവിവാഹമെന്ന് പറയാൻ കഴിയില്ല. എന്‍റെ കുടുംബവും രാഹുലേട്ടന്‍റെ കുടുംബവും എല്ലാ പിന്തുണയുമായി കൂടെ തന്നെയുണ്ട് എന്നതാണ് ഏറ്റവും വലിയ സന്തോഷം.