മലയാള സിനിമയിൽ വ്യത്യസ്തമായ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയമായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ വീണ്ടും കൗതുകവുമായി എത്തുന്നു. ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രമാണിത്.
പട്ടാമ്പിയിലെ പ്രശസ്തമായ കാർത്ത്യാട്ടു മനയിൽ ചിത്രീകരണം ആരംഭിച്ചത്. രാഹുൽ ജി., ഇന്ദ്രനീൽ ഗോപീകൃഷ്ൻ എന്നിവരാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിൽ വീണ്ടും ഇരട്ട സംവിധായകർ കടന്നുവരുകയാണ് ഇവരിലൂടെ.
പത്താം ക്ലാസ് മുതൽ ഒന്നിച്ചു പഠിക്കുകയും പിന്നീട് മുംബൈയിലെ വെസ്ലിംഗ് വുഡ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫിലിം മേക്കിംഗ് കോഴ്സും ഒന്നിച്ചു തന്നെ പൂർത്തിയാക്കുകയും ചെയ്ത സുഹൃത്തുക്കളാണിവർ.
2022ൽ കമ്മിറ്റ് ചെയ്ത സിനിമയാണിത്. ഇതിനു മുമ്പുള്ള പ്രോജക്റ്റുകൾ തീരുന്നതിനനുസരിച്ചാണ് ഇപ്പോൾ ഈ ചിത്രം തുടങ്ങാൻ കഴിഞ്ഞതെന്ന് നിർമാതാവ് സോഫിയ പോൾ.
പൂർണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിജു വിൽസൻ, കോട്ടയം നസീർ, ഡോ. റോണി ഡേവിഡ് രാജ്, സീമാ ജി. നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു ഇവർക്കൊപ്പം നാലു പുതുമുഖങ്ങളേയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. അമീൻ, നിഹാൽ, നിബ്രാസ്, ഷഹുബാസ് എന്നിവരാണിവർ. വിനായക് ശശികുമാറിന്റെ ഗാനങ്ങൾക്ക് ആർ.സി. സംഗീതം പകർന്നിരിക്കുന്നു.
ഇരട്ട ഛായാഗ്രാഹകരുമുണ്ട് ചിത്രത്തിന്. പ്രേം അക്കുടു - ശ്രയാന്തി എന്നിവരാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഇവർ ഭാര്യാഭർത്താക്കന്മാരാണ്. സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച ഇവരുടെ ആദ്യ മലയാള ചിത്രമാണിത്.