വില്ല്യം ഷേക്സ്പിയറിന്‍റെ വിഖ്യാതമായ ഒഥല്ലോ എന്ന നാടകത്തെ ആസ്പദമാക്കി ജയരാജ് ഒരുക്കിയ ചിത്രമാണ് കളിയാട്ടം. ആംഗലേയ നാടകത്തിന്‍റെ മലയാള പറിച്ചുനടലായിട്ടു കൂടി, ഏച്ചുകെട്ടലുകളില്ലാതെ ആ കഥയെ പ്ലേസ് ചെയ്യാൻ ജയരാജിനു സാധിച്ചിരുന്നു. ഒഥല്ലോയും ഡെസ്ഡിമോണയുമൊക്കെ ആത്മാവ് ചോരാതെ തെയ്യ പശ്ചാത്തലത്തിൽ പുനർജനിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്കാരം സുരേഷ് ഗോപിക്കു നേടിക്കൊടുത്തു കളിയാട്ടത്തിലെ കണ്ണൻ പെരുമലയൻ എന്ന കഥാപാത്രം.
കളിയാട്ടം റിലീസ് ചെയ്തിട്ട് 26 വർഷം പിന്നിടുന്നു. തെയ്യക്കോലമാടുന്നവരുടെ കനലെരിയുന്ന ജീവിതകഥ വീണ്ടും അഭ്രപാളിയിൽ എത്തുന്നു, ഒരു പെരുങ്കളിയാട്ടം എന്ന ചിത്രത്തിലൂടെ. ജയരാജും സുരേഷ് ഗോപിയും ഒരുമിക്കുന്ന ഒരു പെരുങ്കളിയാട്ടം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കളിയാട്ടം എന്ന സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നു സംവിധായകൻ ജയരാജ് പറയുന്നു. എങ്കിലം ചിത്രമൊരുങ്ങുന്നതു തെയ്യപരിസരങ്ങളിൽ തന്നെയാണ്. പെരുവണ്ണാൻ എന്ന കഥാപാത്രത്തെയാണു സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
കുറച്ചുകാലമായി സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിൽ നിന്നും തീർത്തു വ്യത്യസ്തമായിരിക്കും ഒരു പെരുങ്കളിയാട്ടത്തിലെ പെരുവണ്ണാനെന്ന് ആദ്യ ലുക്കിൽ നിന്നു തന്നെ വ്യക്തമാകുന്നു.