ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന 'കാതൽ - ദി കോർ' റിലീസിന് ഗൾഫിൽ വിലക്ക്. ഖത്തറിലും കുവൈത്തിലും വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സൗദി അറേബ്യയിലും ചിത്രം പ്രദര്‍ശിപ്പിക്കാൻ സെൻസർ ബോർഡ് അനുമതി നിഷേധിച്ചു. യുഎഇ, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലും നിരോധനം വന്നേക്കുമെന്നാണ് റിപ്പോർട്ട്.
ഗൾഫിൽ ചിത്രത്തിൻ്റെ സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുകയാണ്. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയമാണ് വിലക്കിന് കാരണമായത്. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് 'കാതൽ - ദി കോർ' . യുഎഇയിലെ വോക്സ് സിനിമാസിൽ നേരത്തെ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചു.
ചിത്രം ഖത്തറിലും കുവൈത്തിലും പ്രദർശന വിലക്ക് നേരിട്ടതായി ഗൾഫിലെ വിതരണ കമ്പനിയായ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് അറിയിച്ചിട്ടുണ്ട്. ഈ മാസം 23നു റിലീസ് ചെയ്യാനിരിക്കുന്ന കാതൽ ദി കോർ മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാന്‍റെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്.
ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാലു കെ. തോമസാണ് ഛായാഗ്രാഹകൻ. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്. ജോർജാണ്.
മറ്റ് അണിയറ പ്രവർത്തകർ:-
എഡിറ്റിങ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ആർട്ട്: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു MPSE, ഗാനരചന: അലീന, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്റ്റർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഡിസൈൻ: ആന്‍റണി സ്റ്റീഫൻ