മുംബൈ: പ്രണയവും സൗഹൃദവും ഇട കലർന്ന ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ട് സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രം കുഛ് കുഛ് ഹോത്താ ഹേ. ഷാരൂഖ് ഖാനും കാജലും റാണി മുഖർജിയും ഒരുമിച്ചാണ് കരൺ ജോഹറിന്‍റെ ആദ്യ സിനിമയിലൂടെ വെള്ളിത്തിരയിൽ പ്രണയത്തെയും സൗഹൃദത്തെയും അസൂയപ്പെടുത്തും വിധം വരച്ചിട്ടത്. ചിത്രത്തിലെ നൃത്തവും ഗാനങ്ങളും വസ്ത്രങ്ങളുമെല്ലാം അക്കാലത്ത് ട്രെൻഡ് സെറ്ററുകളായി മാറിയിരുന്നു. സൗഹൃദവും പ്രണയവും പ്രണയനഷ്ടവുമായിരുന്നു ചിത്രത്തിന്‍റെ അടിത്തറ. പ്യാർ ദോസ്തി ഹേ, കുഛ് കുഛ് ഹോത്താ ഹേ രാഹുൽ, തുസ്സി ജാ രഹേ ഹോ തുടങ്ങി നിരവധി ഡയലോഗുകൾ പ്രേക്ഷകരുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു. 1998 ഒക്റ്റോബർ 16നാണ് കുഛ് കുഛ് ഹോത്താ ഹേ റിലീസ് ചെയ്തത്.
ആഘോഷിക്കുന്നത് വെറും ഒരു സിനിമയെയല്ല, ഒരു വികാരത്തെയാണെന്നും പ്രേക്ഷകർക്ക് നന്ദി പറഞ്ഞു കൊണ്ട് കരൺ ജോഹർ കുറിച്ചു. ഇരുപത്തഞ്ചാം വർഷത്തിൽ കുഛ് കുഛ് ഹോത്താ ഹേ ചില ചിത്രങ്ങളും വിഡിയോകളും കരൺ ജോഹർ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വച്ചു.
രാഹുൽ( ഷാരൂഖ് ഖാൻ), അഞ്ജലി( കാജൽ), ടിന(റാണി മുഖർജി) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സൽമാൻ ഖാനും സന സയീദും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തി.
അഞ്ജലിയെപ്പോലെ ട്രാക് സ്യൂട്ടും തൊപ്പിയും ധരിച്ചു കൊണ്ടുള്ള ചിത്രം പങ്കു വച്ചു കൊണ്ടാണ് കാജൽ സിനിമയുടെ വാർഷികം ആഘോഷിച്ചത്.. 25 വർഷങ്ങൾക്കു ശേഷം അഞ്ജലിയിലേക്കു തിരിച്ചു പോകുന്നു.. ഒരുപാട് ഓർമകളും സ്നേഹവും ആ ചിത്രത്തിനൊപ്പം ചേർത്തു വച്ചിട്ടുണ്ട്.
എന്നെപ്പോലെ തന്നെ എല്ലാവരും ആ സിനിമയെ സ്നേഹിക്കുന്നുവെന്നത് സന്തോഷകരമാണെന്നും കാജൽ കുറിച്ചു. കോയി മിൽ ഗയാ, ലഡ്കി ബഡീ അൻജാനി ഹേ. സാജൻജി ഗർ ആയേ തുടങ്ങി ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പർഹിറ്റായിരുന്നു. ഇരുപത്തഞ്ചാം വാർഷികം പ്രമാണിച്ച് ഞായറാഴ്ച മുംബൈയിൽ സിനിമയുടെ പ്രത്യേക സ്ക്രീനിങ് നടത്തിയിരുന്നു.