ബിഗ് സ്ക്രീനിൽ കിട്ടാതെ പോയ പ്രേക്ഷക പിന്തുണ ചെറിയ സ്ക്രീനിൽ കിട്ടുമെന്ന പ്രതീക്ഷയോടെ പവി കെയർടേക്കർ, ഉള്ളൊഴുക്ക്, തലവൻ, മാരിവില്ലിൻ ഗോപുരങ്ങൾ എന്നീ സിനിമകൾ ഒടിടി റിലീസിനു പ്ലാറ്റ്‌ഫോമുകൾ പ്രഖ്യാപിച്ചു.
ദീർഘകാലത്തിനു ശേഷം ഒടിടി റിലീസിനെത്തുന്ന ദിലീപ് ചിത്രമായ പവി കെയർടേക്കർ ഈ മാസം തന്നെ സ്ട്രീമിങ് ആരംഭിക്കും. മനോരമ മാക്സ് ആണ് ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
നിരൂപക പ്രശംസ പിടിച്ചുപറ്റിയെങ്കിലും തിയെറ്ററുകളിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിയാതെ പോയ ഉള്ളൊഴുക്ക് എന്ന സിനിമയിൽ ഉർവശിയുടെയും പാർവതി തിരുവോത്തിന്‍റെയും ഗംഭീര പ്രകടനങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഓഗസ്റ്റിലാണ് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ എത്തുക.
ബിജു മേനോനും ആസിഫ് ആലിയും ഒരുമിച്ച തലവൻ സെപ്റ്റംബറിൽ സോണി ലിവിൽ എത്തും. തരക്കേടില്ലാത്ത പൊലീസ് ഡ്രാമ എന്ന വിശേഷണം സമ്പാദിച്ചെങ്കിലും ചിത്രം തിയെറ്ററുകളിൽ പ്രതീക്ഷിച്ച പ്രകടനം നടത്തിയിരുന്നില്ല.
ഇന്ദ്രജിത്ത്, സർജാനോ ഖാലിദ്, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ മാരിവില്ലിൻ ഗോപുരങ്ങൾ ജൂലൈയിൽ ഒടിടി റിലീസിനെത്തുന്ന ചിത്രമാണ്. ഇതിന്‍റെ അവകാശവും സോണിലിവിനു തന്നെ.