വിടവാങ്ങിയത് മലയാളത്തിന്‍റെ സൂപ്പർ ഹിറ്റ് നിർമാതാവ്

അരോമ മൂവീസ്, സുനിത പ്രൊഡക്‌ഷൻസ് എന്നീ ബാനറുകളിലാണ് ഇത്രയും ചിത്രങ്ങൾ അരോമ മണി നിർമിച്ചത്
malayalam s super hit maker passed away
Aroma Mani
Updated on

ശരത് ഉമയനല്ലൂർ

തിരുവനന്തപുരം: തൊട്ടതെല്ലാം പൊന്നാക്കിയ സിനിമാക്കാരൻ- അതായിരുന്നു എം. മണി എന്ന അരോമ മണിയുടെ വിശേഷണം. ലാഭേച്ഛയില്ലാതെ വെള്ളിത്തിരയെ സമീപിച്ച പ്രൊഡ്യൂസറെന്നാണ് സിനിമാക്കാർ അദ്ദേഹത്തെ ഓർക്കുന്നത്.

ഹോട്ടൽ വ്യവസായത്തിൽ നിന്നും സിനിമാ മേഖലയിലേക്ക് കടന്ന് യാദൃശ്ചികമായാണ്. പിന്നീട് നടന്നത് മലയാള സിനിമാ ലോകത്ത് ഒരുപിടി ഹിറ്റ് സിനിമകളുടെ ചരിത്രം കൂടിയാണ്. 62 സിനിമകളാണ് മലയാളത്തിനു സമ്മാനിച്ചത്. അതിൽ ഭൂരിപക്ഷവും തിയെറ്ററിൽ നിറഞ്ഞോടിയ ചിത്രങ്ങൾ. മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരുടെ ചിത്രങ്ങളുടെ നിർമാതാവ് എന്ന ക്രഡിറ്റും അരോമ മണിക്ക് സ്വന്തം.

അരോമ മൂവീസ്, സുനിത പ്രൊഡക്‌ഷൻസ് എന്നീ ബാനറുകളിലാണ് ഇത്രയും ചിത്രങ്ങൾ അരോമ മണി നിർമിച്ചത്. കഥയെഴുത്തിലും മികവു കാട്ടിയ അരോമ മണി കരിയറിൽ ഏഴ് ചിത്രങ്ങൾ സംവിധാനവും ചെയ്തു. മെരിലാന്‍ഡ് സുബ്രഹ്മണ്യം, കുഞ്ചാക്കോ എന്നീ നിര്‍മാതാക്കള്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവുമധികം ചിത്രങ്ങളുടെ നിര്‍മാതാവാണ് അരോമ മണി.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സ്റ്റേഷനറി കടനടത്തിയിരുന്ന എം. മണി പിന്നീട് ഹോട്ടൽ വ്യവസായത്തിലേയ്ക്ക് തിരിഞ്ഞു. സ്റ്റേഷനറിക്കട തന്നെ ഹോട്ടൽ ഇമ്പാല എന്ന പേരിൽ അദ്ദേഹം മാറ്റിയെടുക്കുകയായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലത്തെ കടയിൽ രാഷ്‌ട്രീയക്കാരും സിനിമാക്കാരുമൊക്കെ സ്ഥിരം അതിഥികളുമായി. പതിയെ അരോമ, സംഗീത എന്നീ പേരുകളിൽ തിരുവനന്തപുരത്തു തന്നെ അദ്ദേഹം വീണ്ടും ഹോട്ടലുകൾ തുറന്നു.

അക്കാലത്താണ് സഹപാഠിയായ രാമചന്ദ്രൻ വഴി നടൻ മധുവുമായി പരിചയപ്പെടുന്നത്. അതായിരുന്നു സിനിമാ ജീവിതത്തിലേക്കുള്ള പ്രവേശനം. സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്ത് മധു തന്നെയാണ് എം. മണിയോട് ഒരു സിനിമ നിർമിച്ചുകൂടേ എന്ന് ചോദിക്കുന്നത്. അങ്ങനെ 1977ൽ മധുവിനെ നായകനാക്കി "ധീര സമീരെ യമുനാ തീരെ' പുറത്തിറങ്ങി, അരോമ മണിയുടെ ആദ്യ നിർമാണ സംരംഭം. മണിയുടെ മകൾ സുനിതയുടെ പേരിലുള്ള "സുനിത പ്രൊഡക്ഷൻ'സിന്‍റെ ബാനറിലായിരുന്നു നിർമാണം. ആദ്യ സിനിമ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും അദ്ദേഹം പിന്മാറിയില്ല. പിന്നാലെ കഥയെഴുതി നിർമിച്ച "റൗഡി രാമു' സാമ്പത്തിക ഭദ്രത നൽകി. പിന്നെ ഗംഭീര വിജയചിത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

പിന്നീട് കരിയറിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല അരോമ മണിക്ക്. ഇടയ്ക്ക് പരാജയചിത്രങ്ങൾ വന്നപ്പോഴും ഗംഭീര ഹിറ്റുകളുമായി പൂർവാധികം ശക്തിയോടെ മടങ്ങിയെത്തി. തിരക്കഥ പൂർത്തിയായാൽ മാത്രം മതി ചിത്രീകരണം എന്ന വാശിയും അദ്ദേഹത്തിനുണ്ടായിരുന്നു. സംവിധായകനും എഴുത്തുകാരനുമായി തിരക്കഥ ചർച്ച ചെയ്യുന്നതിലും മണി പ്രത്യേക ശ്രദ്ധ പുലർത്തി. ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ അരോമ മണിയെ തേടിയെത്തിയിട്ടുണ്ട്. പദ്മരാജൻ സംവിധാനം ചെയ്ത "തിങ്കളാഴ്‌ച നല്ലദിവസം' കേന്ദ്ര- സംസ്ഥാന അവാർഡുകൾ നേടിയിരുന്നു. അരോമയുടെ ബാനറിൽ സിബി മലയിൽ സംവിധാനം ചെയ്‌ത ഠദൂരെ ദൂരെ ഒരു കൂടുകൂട്ടാം' എന്ന ചിത്രത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു.

തിരക്കഥ പൂർത്തിയായില്ലെങ്കിൽ ഷൂട്ട് ചെയ്യേണ്ട ദിവസം ഏറുമെന്നും സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. നിർമാണത്തിനൊപ്പം എഴുത്തും സംവിധാനവും ചേർന്നു നിന്നു.

റൗഡി രാമു, എനിക്കു ഞാന്‍ സ്വന്തം, കുയിലിനെ തേടി, എങ്ങനെ നീ മറക്കും, ആനയ്ക്കൊരുമ്മ, ലൗ സ്റ്റോറി, തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, നാളെ ഞങ്ങളുടെ വിവാഹം, ഇരുപതാം നൂറ്റാണ്ട്, ഒരു സിബിഐ ഡയറിക്കുറിപ്പ്, ഓഗസ്റ്റ് 1, ജാഗ്രത, കോട്ടയം കുഞ്ഞച്ചന്‍, സൗഹൃദം, പണ്ട് പണ്ടൊരു രാജകുമാരി, സൂര്യഗായത്രി, ധ്രുവം, കമ്മിഷണര്‍, ജനാധിപത്യം, എഫ്ഐആര്‍, പല്ലാവൂര്‍ ദേവനാരായണന്‍, കാശി (തമിഴ്), മിസ്റ്റര്‍ ബ്രഹ്മചാരി, ബാലേട്ടന്‍, മാമ്പഴക്കാലം, ദ്രോണ, ഓഗസ്റ്റ് 15, ബാലേട്ടൻ തുടങ്ങി ആസ്വാദകര്‍ മറക്കാത്ത പല സൂപ്പര്‍ഹിറ്റ് സിനിമകളും നിര്‍മിച്ചു.

പദ്മരാജന്‍, പി. ചന്ദ്രകുമാര്‍, സിബി മലയില്‍, കെ. മധു, ജോഷി, ഷാജി കൈലാസ്, സുരേഷ് ബാബു, വിജി തമ്പി, വിനയന്‍, വി.എം. വിനു, സുനില്‍, തുളസിദാസ്, ശ്യാമപ്രസാദ് തുടങ്ങി പ്രമുഖര്‍ അദ്ദേഹത്തിന്‍റെ ചിത്രങ്ങളുടെ സംവിധായകരായിരുന്നു.

Trending

No stories found.

Latest News

No stories found.