കൊച്ചി: ദേശീയ സിനിമാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിനും അഭിമാന നേട്ടങ്ങൾ. ജോജു ജോർജും ഇന്ദ്രൻസും അടക്കമുള്ളവർ മികച്ച നടൻമാരുടെ കാറ്റഗറിയിൽ പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, ഇന്ദ്രൻസിനു ലഭിച്ച പ്രത്യേക പരാമർശത്തിൽ അത് അവസാനിച്ചത് നേരിയ നിരാശയായി.
എന്നാൽ, മറ്റു വിഭാഗങ്ങളിൽ മോശമല്ലാത്ത പ്രകടനമാണ് മലയാള സിനിമ കാഴ്ചവച്ചത്. നായാട്ട് എന്ന സിനിമയിലൂടെ ഷാഹി കബീർ മികച്ച തിരക്കഥാകൃത്തായി ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടു. ഇതിനൊപ്പം, മേപ്പടിയാൻ എന്ന സിനിമയിലൂടെ വിഷ്ണു മോഹൻ മികച്ച നവാഗത സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച പരിസ്ഥിതി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് കൃഷാന്ദ് സംവിധാനം ചെയ്ത ആവാസവ്യൂഹമാണ്. അദിതി കൃഷ്ണദാസിന്‍റെ 'കണ്ടിട്ടുണ്ട്' മികച്ച അനിമേഷൻ ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരവും മലയാളത്തിനാണ്, 'ചവിട്ട്' എന്ന ചിത്രത്തിന്.