മലയാള സിനിമാ മേഖലയുടെ അടുത്ത കാൽവെയ്പ്പ് എന്നോണം ഇറങ്ങിയ ആദ്യത്തെ ഡിസ്റ്റോപ്പിയൻ മോക്യുമെന്‍ററി ചിത്രം 'ഗഗനചാരി' മികച്ച വിജയവുമായി മുന്നേറിക്കൊണ്ട് ഇരിക്കുകയാണ്. സയൻസ് ഫിക്ഷൻ ജോണറിൽ ഇറങ്ങിയ ചിത്രത്തിന്റെ സ്പിൻഓഫ് പ്രഖ്യാപിച്ചിരിക്കുകയാണ് 'ഗഗനചാരി'യുടെ ടീം.
മണിയൻ ചിറ്റപ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനായെത്തുന്നത് സുരേഷ് ഗോപിയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടിണ്ട്. ഗഗനചാരിയുടെ കഥ എഴുതിയ ശിവസായിയും സംവിധായകന്‍ അരുണ്‍ ചന്തുവും ചേർന്ന് തന്നെയാണ് മണിയൻ ചിറ്റപ്പനും എഴുതുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ് നിർമാണം.
ചെറിയ സർപ്രൈസ് ഉണ്ട്. പ്രപഞ്ചത്തിലെ അലഞ്ഞുതിരിയുന്നയാൾ, ഗഗനചാരി യൂണിവേഴ്സിലെ ഭ്രാന്തൻശാസ്ത്രജ്ഞൻ. ഇതാ "മണിയൻ ചിറ്റപ്പൻ". കാത്തിരിക്കൂ.- എന്ന അടിക്കുറിപ്പോടുകൂടി സുരേഷ് ഗോപി തന്നെയാണ് ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. സയൻസ് ഫിക്ഷൻ ജോണറിൽ തന്നെയാവും മണിയൻ ചിറ്റപ്പനും ഒരുങ്ങുക.
സുരേഷ് ഗോപിയുടെ നര കയറിയ താടിയും മുടിയും മീശയും കറുത്ത വട്ട കണ്ണടയും ജാക്കറ്റുമാണ് മണിയൻ ചിറ്റപ്പന്റെ ഫസ്റ്റ്ലൂക്ക്. കയ്യിൽ തോക്കുമുണ്ട്. ഗഗനചാരിയിലേത് പോലെ കോമെഡി ആക്ഷൻ പശ്ചാത്തലത്തിലാണ് ചിത്രം പുറത്തിറങ്ങുക.
ഗോകുൽ സുരേഷാണ് ഗഗനചാരിയിൽ നായകനായെത്തിയത്. അനാർക്കലി മരിക്കാർ, അജു വർഗീസ്, ഗണേഷ് കുമാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഗഗനചാരി.